പിന്നാലെ, പ്രധാനമന്ത്രി ഇന്ദിര രാജ്യത്തെ അഭിസംബോധന ചെയ്തു: "രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല".
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഇരുളടഞ്ഞ കാലഘട്ടം ഏതെന്ന് ചോദിച്ചാല്‍, അടിയന്തരാവസ്ഥക്കാലം എന്നല്ലാതെ മറ്റൊരു മറുപടി ഉണ്ടാകില്ല. ജനാധിപത്യ വ്യവസ്ഥിതികളും മനുഷ്യാവകാശങ്ങളുമൊക്കെ ഭരണകൂട ധിക്കാരത്തിന്റെ കാല്‍ച്ചുവട്ടില്‍ ഞെരിഞ്ഞമര്‍ന്ന കാലം. ജുഡീഷ്യറിയും ഭരണഘടനയുമൊക്കെ അപ്രസക്തമാക്കപ്പെട്ടൊരു കാലം. 1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 വരെ, 21 മാസങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് അങ്ങനെയൊരു ചരിത്രം കൂടിയുണ്ട്. ആ പ്രഖ്യാപനത്തിനും ദുരിതപൂര്‍ണമായ അനുഭവങ്ങള്‍ക്കും ഇന്ന് 49 ആണ്ട് പൂര്‍ത്തിയാവുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് രാഷ്ട്രീയ കാരണങ്ങള്‍ ഏറെയുണ്ടായിരുന്നു. അതിലേറെ പ്രധാനം 1971ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്നും അധികാര ദുര്‍വിനിയോഗം നടന്നെന്നും ആരോപിച്ച് ഇന്ദിരക്കെതിരെ റായ്ബറേലിയില്‍ മത്സരിച്ച രാജ് നാരായണ്‍ കൊടുത്ത കേസായിരുന്നു. കേസില്‍ 1975 ജൂണ്‍ 12ന് അലഹബാദ് ഹൈക്കോടതി വിധി വരുന്നു. ജസ്റ്റിസ് ജഗ് മോഹന്‍ ലാല്‍ സിന്‍ഹ ഇന്ദിരാഗാന്ധിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. 1971ലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. തെരഞ്ഞെടുപ്പ് ക്രമക്കേടില്‍ ഇന്ദിര കുറ്റക്കാരിയാണെന്നും ആറു വര്‍ഷത്തേക്ക് പൊതുസ്ഥാനം വഹിക്കുന്നതില്‍നിന്ന് അയോഗ്യയാക്കണമെന്നും വിധിച്ചു. ഹൈക്കോടതി വിധിക്കെതിരെ ഇന്ദിര സുപ്രീംകോടതിയെ സമീപിച്ചു. വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. ജൂണ്‍ 24ന് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിന്റെ വിധി വന്നു. എന്നാല്‍ ഹൈക്കോടതി വിധി ഭാഗികമായി സ്റ്റേ ചെയ്യുന്നതായിരുന്നു അവധിക്കാല ജഡ്ജി ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ ഇടക്കാല ഉത്തരവ്. ഇന്ദിരയ്ക്ക് എംപിയായി സഭയില്‍ തുടരാം, എന്നാല്‍ സഭാനടപടികളില്‍ പങ്കെടുക്കാനോ എംപിയായി വോട്ടു ചെയ്യാനോ പ്രതിഫലം കൈപ്പറ്റുവാനോ പാടില്ലെന്നായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധി. ഇന്ദിരയെന്ന ഉരുക്കുവനിതയുടെ അധികാരധാര്‍ഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു ആ കോടതി വിധി.
തൊട്ടടുത്ത ദിവസം, ജൂണ്‍ 25ന് പ്രതിപക്ഷ നേതാക്കള്‍ ഡെല്‍ഹി രാംലീല മൈതാനത്ത് പൊതുസമ്മേളനം വിളിച്ചു. ജയപ്രകാശ് നാരായണന്‍, മൊറാര്‍ജി ദേശായി, രാജ് നാരായണ്‍, നാനാജി ദേശ്‌മുഖ്, മദന്‍ ലാല്‍ ഖുരാന തുടങ്ങിയ നേതാക്കള്‍ ഇന്ദിരയുടെ രാജി ആവശ്യപ്പെട്ടു. നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ ഉത്തരവുകള്‍ക്ക് സൈന്യവും പൊലീസും ചെവികൊടുക്കരുതെന്നും അവര്‍ ആഹ്വാനം ചെയ്തു. പ്രതിപക്ഷ സമ്മര്‍ദങ്ങള്‍ക്കൊപ്പം, പൊതുവികാരവും ഇന്ദിരക്കെതിരെ ഉയരുമെന്ന സാഹചര്യത്തില്‍ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. പൗരാവകാശങ്ങള്‍ക്ക് വിലങ്ങ് വീഴപ്പെട്ടു.
രാത്രി പതിനൊന്ന് കഴിഞ്ഞാണ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തില്‍ ഇന്ദിര രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെ ഒപ്പുവാങ്ങാന്‍ എത്തുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും അഭിഭാഷകനുമായിരുന്ന സിദ്ധാര്‍ഥ ശങ്കര്‍ റേയോടൊപ്പമാണ് ഇന്ദിര രാഷ്ട്രപതിയെ കാണാനെത്തിയത്. പ്രഖ്യാപനത്തില്‍ ഒപ്പിടാന്‍, കാബിനറ്റിന്റെ അംഗീകാരം ആവശ്യമില്ലെന്നും പ്രധാനമന്ത്രിയുടെ മാത്രം അഭിപ്രായം ആരാഞ്ഞാല്‍ മതിയെന്നും സിദ്ധാര്‍ഥ ശങ്കര്‍ റേ രാഷ്ട്രപതിയെ അറിയിച്ചു. ഉപദേശം കൈക്കൊണ്ട രാഷ്ട്രപതി പ്രഖ്യാപനത്തിന് അംഗീകാരം നല്‍കി. രാജ്യത്തിന്റെ വിവിധ കോണുകളില്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു, ജനങ്ങള്‍ ഇരുട്ടിലാക്കപ്പെട്ടു. പ്രതിപക്ഷ നിരയിലുള്ള നേതാക്കളെയൊക്കെ ഉറങ്ങിക്കിടക്കവെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയതോടെ, ദിനപത്രങ്ങളുടെ അച്ചടി നിലച്ചു. ആരും ഒന്നും അറിയരുതെന്ന ലക്ഷ്യം നിറവേറ്റപ്പെടുന്നതുപോലെ. ജൂണ്‍ 26 രാവിലെ ഏഴരയോടെ ബിബിസി വേള്‍ഡ് സര്‍വീസില്‍, ഇന്ത്യയിലെ അടിയന്തരാവസ്ഥയെക്കുറിച്ച് വാര്‍ത്ത വന്നു. പിന്നാലെ, പ്രധാനമന്ത്രി ഇന്ദിര രാജ്യത്തെ അഭിസംബോധന ചെയ്തു: "രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല".
ഭരണകൂടത്തിന്റെ, കൃത്യമായി പറഞ്ഞാല്‍ ഇന്ദിരയുടെ തന്ത്രം നടപ്പാക്കപ്പെട്ടു. രാജ്യത്തുണ്ടായ കലാപസമാനമായ സാഹചര്യമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുണ്ടായ കാരണമെന്നായിരുന്നു ഇന്ദിരയുടെ വാദം. ഉദ്യോഗസ്ഥരെ ചൊല്‍പ്പടിക്ക് നിര്‍ത്തിയുള്ള ഏകാധിപത്യ ഭരണവും, കെടുകാര്യസ്ഥതയുമൊക്കെ മറച്ചുവെക്കുകയായിരുന്നു ലക്ഷ്യം. എന്ത് തീരുമാനവും ഇന്ദിരയിലൂടെ മാത്രം സംഭവിച്ചു. പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങ് വീണു. എതിര്‍ശബ്ദമുയര്‍ത്തിയവര്‍ക്ക് ജയിലായിരുന്നു ശിക്ഷ. ജയപ്രകാശ് നാരായണന്‍, മൊറാര്‍ജി ദേശായി, ജോര്‍ജ് ഫെര്‍ണാണ്ടസ്, അടല്‍ ബിഹാരി വാജ്‌പേയി, എല്‍ കെ അദ്വാനി, അരുണ്‍ ജെയ്‌റ്റലി എന്നിങ്ങനെ നിരവധി പ്രതിപക്ഷ നേതാക്കള്‍ ജയിലിലടയ്ക്കപ്പെട്ടു. ഇതോടെ, വിമർശനങ്ങളോ ആരോപണങ്ങളോ ഭയക്കാതെ, ആരെയും കൂസാതെ ഭരണകാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഇന്ദിരയ്ക്ക് സാധിച്ചു. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ച് ജനങ്ങളുടെ വാ മൂടി കെട്ടിയും, മാധ്യമങ്ങൾക്ക് സെൻസർ ഏർപ്പെടുത്തിയതും ഭരണകൂടം സര്‍വ്വവും നിയന്ത്രിച്ചു. മാധ്യമപ്രവര്‍ത്തകര്‍ പാലിക്കേണ്ട കര്‍ശന നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇന്ദിര സര്‍ക്കാരിന്റെ മാധ്യമ ഉപദേഷ്ടാവിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ഒന്നും പ്രസിദ്ധീകരിക്കാനാവുമായിരുന്നില്ല. മാധ്യമങ്ങള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി. എഡിറ്റോറിയില്‍ എഴുതാതെയും, ആദ്യ പേജ് ഒഴിച്ചിട്ടും പ്രതിഷേധം നടന്നു. ഇന്ദിരയെയും അടിയന്തരാവസ്ഥയെയും അനുകൂലിക്കുന്നവര്‍ക്കു മാത്രമായിരുന്നു നിലനില്‍പ്പ്. ഏതാനും മാധ്യമങ്ങള്‍ ആ പക്ഷം പിടിക്കാന്‍ തയ്യാറായതും കണ്ടു.
രാജ്യം മൂന്നാം തവണയായിരുന്നു അടിയന്തരാവസ്ഥ അഭിമുഖീകരിക്കേണ്ടിവന്നത്. 1962ല്‍ ഇന്ത്യ-ചൈന യുദ്ധവും, 1971ലെ ഇന്ത്യ-പാക് യുദ്ധവുമായിരുന്നു ആദ്യ രണ്ട് അവസരങ്ങള്‍. പുറത്തുനിന്ന് രാജ്യത്തിനുള്ള ഭീഷണികളും സുരക്ഷാ പ്രശ്നങ്ങളുമായിരുന്നു ആദ്യ രണ്ട് തവണയും രാജ്യത്തെ അടിയന്തരാവസ്ഥയിലെത്തിച്ചത്. എന്നാല്‍, ആഭ്യന്തര സാഹചര്യങ്ങളുടെ പേരുപറഞ്ഞാണ് രാജ്യം മൂന്നാമതൊരു അടിയന്തരാവസ്ഥയിലേക്ക് തള്ളിവിടപ്പെട്ടത്. രണ്ട് തവണയും അനുഭവിക്കാത്ത മാനദണ്ഡനങ്ങള്‍ രാജ്യത്തെ ജനതയ്ക്ക് അനുഭവിക്കേണ്ടിവന്നു എന്നതാണ് മൂന്നാം അടിയന്തരാവസ്ഥക്കാലത്തെ ചരിത്രത്തിലെ ഇരുളടഞ്ഞ കാലമായി മാറ്റുന്നത്. രാഷ്ട്രീയമായി എതിര്‍ചേരിയില്‍ ഉണ്ടായിരുന്നവര്‍ മാത്രമല്ല, സാധാരണ ജനങ്ങള്‍ കൂടി ദുരിതം അനുഭവിച്ചൊരു കാലം കൂടിയായിരുന്നു അത്. സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നിര്‍ബന്ധിത വന്ധ്യകരണ പ്രചരണം ഉള്‍പ്പെടെ കനത്ത മനുഷ്യാവകാശ ലംഘനം അരങ്ങേറിയതും അക്കാലത്താണ്. ഇന്ത്യ കണ്ട, ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗത്തിന്റെയും ഏകാധിപത്യവാഴ്ചയുടെയും നാളുകള്‍ അവസാനിക്കുന്നത് 1977 മാര്‍ച്ച് 21നാണ്. നേതാക്കള്‍ ജയില്‍മോചിതരായി, മാധ്യമസ്വാതന്ത്ര്യം പുനസ്ഥാപിക്കപ്പെട്ടു. വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഇന്ദിരയുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ജനതാ പാര്‍ട്ടി അധികാരത്തിലെത്തുകയും ചെയ്തു.