ജമ്മു കശ്മീരിൻ്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി ദേശിയ സീസ്മോളജി വിഭാഗം അറിയിച്ചു
കാർഗിലിൽ ഭൂചലനം. ഇന്ന് പുലർച്ചെ ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ തീവ്രത 5.2 രേഖപ്പെടുത്തി. ജമ്മു കശ്മീരിൻ്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി ദേശിയ സീസ്മോളജി വിഭാഗം അറിയിച്ചു. പുലർച്ചെ 2.50 ന് 15 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം.
ALSO READ: നെതർലാൻഡ്സ് പൗരനിൽ നിന്ന് പണം തട്ടി മലയാളി യുവാക്കൾ; തട്ടിയെടുത്തത് 125 കോടി
ആർക്കും പരിക്കേൽക്കുകയോ കാര്യമായ നാശ നഷ്‌ടങ്ങൾ ഉണ്ടാവുകയോ ചെയ്‌തതായി എവിടെ നിന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. തുടർചലനങ്ങൾ ഉണ്ടാകുമ്പോൾ ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങളോട് അഭ്യർഥിച്ചു. ഭൂകമ്പബാധിത പ്രദേശങ്ങളിലെ ഘടനാപരമായ നാശനഷ്‌ടങ്ങൾ വിലയിരുത്തുന്നതിന്റെ നടപടികൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ രണ്ട് മാസങ്ങളിലായി സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും അയൽ രാജ്യങ്ങളുലുമായി ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം 28ന് നേപ്പാളിൽ വൻ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. തലസ്ഥാനമായ കാഠ്‌മണ്ഡുവിൽ നിന്ന് 65 കിലോമീറ്റർ അകലെ സിന്ധുപാൽചൗക്ക് ജില്ലയിലെ ഭൈരവകുണ്ഡയായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ തീവ്രതയിൽ കാഠ്‌മണ്ഡു, ടിബറ്റ് എന്നിവിടങ്ങൾക്ക് പുറമെ പാട്ന, സിലിഗുഡി അടക്കമുള്ള ഇന്ത്യൻ നഗരങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.
നേപ്പാളിന് പിന്നാലെ അഞ്ചേ കാലോടെ പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. 4.5 തീവ്രതയുള്ള ചലനമാണ് ഉണ്ടായത്. രണ്ട് ഭൂചലനങ്ങളിലും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഫെബ്രുവരി 25ന് ബംഗാൾ ഉൾക്കടലിലും, 17ന് ഡൽഹിയിലും ബീഹാറിലും ഭൂചലനം ഉണ്ടായിരുന്നു. ഭൂകമ്പത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിരുന്നില്ല.