സിദ്ദിഖ്, മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു , ബാബുരാജ്, വി.കെ പ്രകാശ്, ശ്രീകുമാർ മേനോൻ എന്നിവർക്കെതിരെയാണ് നിലവിൽ പരാതി ലഭിച്ചിട്ടുള്ളത്
സിനിമാ മേഖലയുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതികളിൽ നടൻ സിദ്ദിഖും മുകേഷും ഉൾപ്പെടെയുള്ള പ്രമുഖർക്കെതിരെ കേസെടുക്കുന്നതിൽ ഇന്ന് തീരുമാനമാകും. പരാതി ഉന്നയിച്ചവർക്കെതിരായ സിദ്ദീഖിൻ്റെയും ഇടവേള ബാബുവിൻ്റെയും പരാതികളിലും ഇന്ന് തീരുമാനം ഉണ്ടാകും. സിദ്ദീഖ്, മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു , ബാബുരാജ്, വി.കെ പ്രകാശ്, ശ്രീകുമാർ മേനോൻ എന്നിവർക്കെതിരെയാണ് നിലവിൽ പരാതി ലഭിച്ചിട്ടുള്ളത്.
എത്രയും വേഗം പരാതി പരിശോധിച്ചു കേസെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ആണ് അന്വേഷണസംഘത്തിന് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് നടി സിദ്ദീഖിനെതിരെ പരാതി നൽകിയത്. ഡിജിപിക്ക് ഇ-മെയിലിൽ ലഭിച്ച പരാതി ഇന്നലെ രാത്രിയോടെ പ്രത്യേക സംഘത്തിന് കൈമാറി. കേസെടുക്കാനായി മ്യൂസിയം പൊലീസിന് കൈമാറും. നടിയുടേത് വ്യാജ പരാതിയാണെന്ന് ആരോപിച്ച് നേരത്തെ തന്നെ സിദ്ദീഖ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
ALSO READ: 'എനിക്കെതിരെ ഗൂഢാലോചന': ലൈംഗികാരോപണം ഉന്നയിച്ച നടിമാർക്കെതിരെ പരാതി നൽകി ഇടവേള ബാബു
ഇതുകൂടി പരിശോധിച്ചായിരിക്കും സിദ്ദീഖിനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക. തനിക്കെതിരായ ആരോപണങ്ങൾ ഗൂഢാലോചന ആണെന്ന് കാട്ടി നടൻ ഇടവേള ബാബുവും ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ട്. മുകേഷ് ഉൾപ്പെടെ ഏഴുപേർക്കെതിരെ മറ്റൊരു നടി നൽകിയ പരാതികൾ തുടർ നടപടിക്കായി അന്വേഷണ സംഘത്തിലെ എസ്പി ജി പൂങ്കുഴലിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം സിനിമാ രംഗത്തെ പരാതികൾ നൽകാൻ അന്വേഷണ സംഘം പ്രത്യേക ഇ-മെയിലും തയ്യാറാക്കിയിട്ടുണ്ട്.