ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം 30നു വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ ചീഫ് സെക്രട്ടറിയായി എ. ജയതിലക് ചുമതലയേൽക്കുക
സംസ്ഥാനത്തെ അൻപതാമത് ചീഫ് സെക്രട്ടറിയായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ എ. ജയതിലക് ചുമതലയേൽക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം 30നു വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ ചീഫ് സെക്രട്ടറിയായി എ. ജയതിലക് ചുമതലയേൽക്കുക. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും ധനകാര്യ വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയുമാണ് എ. ജയതിലക്.
1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും കേരള കേഡറിൽ ഏറ്റവും സീനിയറുമായ മനോജ് ജോഷി സർവീസിലുണ്ട്. എന്നാൽ ഡൽഹിയിൽ കേന്ദ്ര ഡപ്യൂട്ടേഷനിൽ നിന്ന് മടങ്ങിയെത്താനുള്ള സാധ്യത കുറവാണ്. അദ്ദേഹം കേരളത്തിലേക്കു മടങ്ങുന്നതു സംബന്ധിച്ച് ഒരറിയിപ്പും സർക്കാരിന് ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് സീനിയോറിറ്റിയിൽ അടുത്തയാളെന്ന നിലയിൽ ജയതിലകിനെ നിയമിക്കാൻ തീരുമാനമായത്. 2026 ജൂൺ വരെയാണ് ജയതിലകിൻ്റെ കാലാവധി.