മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിനോദസഞ്ചാരികളെയും ആഭ്യന്തര മന്ത്രി സന്ദർശിച്ചു
രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഹൽഗാമിലെത്തി. ശ്രീനഗറിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിച്ച ശേഷം, അതീവസുരക്ഷയിലായിരുന്നു അമിത് ഷാ പഹൽഗാമിലെത്തിയത്. ഭീകരവാദത്തിന് മുന്നിൽ ഇന്ത്യ മുട്ട് മടക്കില്ലെന്ന് ആഭ്യന്തര മന്ത്രി എക്സിൽ കുറിച്ചു.
ഹെലികോപ്റ്റർ മാർഗമായിരുന്നു അമിത് ഷാ പഹൽഗാമിലെത്തിയത്. അതീവ സുരക്ഷയൊരുക്കിയ പ്രദേശത്ത് മാധ്യമങ്ങളെ ഉൾപ്പെടെ കടത്തിവിട്ടിരുന്നില്ല. മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിനോദസഞ്ചാരികളെയും ആഭ്യന്തര മന്ത്രി സന്ദർശിച്ചു. ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അമിത് ഷാ ഉറപ്പുനൽകി. സന്ദർശനത്തിന് ശേഷം മന്ത്രി മുതിർന്ന ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ച നടത്തും.
ALSO READ: പഹൽഗാം ഭീകരാക്രമണം: മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാ ഏജൻസി
ഇന്ത്യ ഭീകരതയ്ക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നായിരുന്നു പഹൽഗാം സന്ദർശനത്തിന് ശേഷമുള്ള അമിത് ഷായുടെ എക്സ് പോസ്റ്റ്. 'ക്രൂരമായ ഭീകരാക്രമണത്തിലെ കുറ്റവാളികളെ വെറുതെ വിടില്ല. ഹൃദയഭാരത്തോടെ, മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നു'- അമിത് ഷാ എക്സിൽ കുറിച്ചു.
ദുബായിൽ നിന്ന് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭീകരാക്രമണത്തെ അപലപിച്ചു. ദുരിതബാധിതർക്ക് എല്ലാ സഹായവും ഉറപ്പാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ഈ ഹീനമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. അവരെ വെറുതെ വിടില്ല. അവരുടെ ദുഷ്ട അജണ്ട ഒരിക്കലും വിജയിക്കില്ല. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലമാണ്, അത് കൂടുതൽ ശക്തമാകും," പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഭീകരാക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ജമ്മു കശ്മീർ സർക്കാർ 10 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും നൽകും.