2019 ഒക്ടോബറിൽ കശ്മീരിൻ്റെ പ്രത്യേക പദവി നഷ്ടപ്പെടുത്തികൊണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെയാണ് ടിആർഎഫ് രൂപം കൊണ്ടത്
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് തീവ്രവാദ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്). 25ലധികം പേരെ കൊല്ലപ്പെട്ട ആക്രമണത്തിന് ഉത്തരവാദികളായ ടിആർഎഫ് സംഘടന രൂപം കൊണ്ടതെപ്പോൾ? ടിആർഎഫ് ലക്ഷ്യം വെക്കുന്നതെന്ത്?
2019 ഒക്ടോബറിൽ കശ്മീരിൻ്റെ പ്രത്യേക പദവി നഷ്ടപ്പെടുത്തികൊണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെയാണ് ടിആർഎഫ് രൂപം കൊണ്ടത്. പാകിസ്ഥാൻ ആസ്ഥാനമായ തീവ്രവാദ സംഘടന ലഷ്കർ- ഇ- തൊയ്ബയാണ് ടിആർഎഫ് സ്ഥാപിച്ചത് എന്നും, അവരുടെ ശാഖയാണ് ടിആർഎഫ് എന്നുമാണ് കേന്ദ്രത്തിൻ്റെ കണ്ടെത്തൽ. ഇവർ ഹിസ്ബുൾ മുജാഹിദീനും മറ്റ് നിരോധിത സംഘടനകളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.
കശ്മീരിൻ്റെ പ്രത്യേക പദവി വീണ്ടെടുക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്നാണ് നിരീക്ഷണം. ഇതിന് മുൻപും കശ്മീരിലെ നിരവധി ജനങ്ങൾ, പ്രധാനമായും കാശ്മീരി ഹിന്ദുക്കളും, അന്യസംസ്ഥാന തൊഴിലാളികൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ ടിആർഎഫ് ആക്രമണം നടത്തിയിട്ടുണ്ട്. ഇന്ത്യൻ സുരക്ഷാ സേന, പ്രാദേശിക രാഷ്ട്രീയക്കാർ, വിനോദസഞ്ചാരികൾ എന്നിവർക്കെതിരെയും ഈ സംഘം ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. പ്രധാനമായും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇവർ ആശയങ്ങൾ പ്രചരിപ്പിക്കുകയും സംഘാടനം നടത്തുകയും ചെയ്യുന്നത്.
2023 ജനുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടിആർഎഫിനെയും അനുബന്ധ ഗ്രൂപ്പുകളെയും യുഎപിഎ പ്രകാരം നിരോധിച്ചിരുന്നു. പിന്നാലെ ടിആർഎഫ് നേതാവായ ഷെയ്ഖ് സജ്ജാദ് ഗുലിനെ തീവ്രവാദിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2024 ഏപ്രിലിലാണ് അവസാനമായി ആക്രമണം നടത്തിയത്.
ALSO READ: പെഹല്‍ഗാമിലെ തീവ്രവാദ ആക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളിയും
ഇന്ന് വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തില്‍ 20ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ പ്രാദേശിക മാധ്യമങ്ങളാണ് മരണം 28 ആയതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പുറത്തെത്തിക്കാൻ ഉദ്യോഗസ്ഥർ ഹെലികോപ്റ്റർ സേവനം വിന്യസിച്ചിട്ടുണ്ട്. താഴ്വരയിൽ നിന്ന് കുതിരകളെ ഉപയോഗിച്ചും രക്ഷപ്പെടുത്തുന്നുണ്ട്. മിലിറ്ററി, സിപിആർഎഫ് തുടങ്ങിയവരും രക്ഷാദൗത്യത്തിൽ പങ്കുചേർന്നിട്ടുണ്ട്.
പഹല്‍ഗാമിലെ ബൈസാരന്‍ താഴ്‌വരയിലാണ് വെടിവെപ്പുണ്ടായത്. നടന്നോ കുതിരപ്പുറത്തോ മാത്രം എത്താന്‍ സാധിക്കുന്ന പ്രദേശമാണ് ബൈസാരന്‍ താഴ്‌വര. വേഷം മാറിയാണ് തീവ്രവാദികള്‍ എത്തിയതെന്നും കൃത്യമായി ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമാണ് എന്നുമാണ് കരുതപ്പെടുന്നത്. 2019ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇതെന്നാണ് കരുതപ്പെടുന്നത്.