കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്
പഹൽഗാം ഭീകരാക്രമണ ഇരകൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്.
"പഹൽഗാമിൽ നടന്ന നിന്ദ്യമായ ഭീകരാക്രമണത്തിൽ അഗാധമായ ഞെട്ടലും വേദനയും തോന്നുന്നു. നിരപരാധികളായ സാധാരണക്കാർക്കെതിരായ ഈ ക്രൂരവും വിവേകശൂന്യവുമായ പ്രവൃത്തിക്ക് നമ്മുടെ സമൂഹത്തിൽ ഒരു സ്ഥാനവുമില്ല. ഞങ്ങൾ അതിനെ ശക്തമായി അപലപിക്കുന്നു. നഷ്ടപ്പെട്ട വിലയേറിയ ജീവിതങ്ങളിൽ ഞങ്ങൾ ദുഃഖിക്കുന്നു" എന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എക്‌സിൽ കുറിച്ചു.
പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് എത്ര പണം നൽകിയാലും പരിഹാരം നൽകാൻ കഴിയില്ല. എന്നിരുന്നാലും പിന്തുണയുടെയും ഐക്യദാർഢ്യത്തിൻ്റെയും അടയാളമായി, മരിച്ചവരുടെ കുടുംബങ്ങൾക്ക് ജമ്മു കശ്മീർ സർക്കാർ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്നലെയാണ് രാജ്യത്തെ നടുക്കി കൊണ്ട് ഭീകരാക്രമണം നടന്നത്.
പഹൽഗാമിലെ ബൈസരൺ വാലിയിലാണ് ഭീകരാക്രമണം നടന്നത്. ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഹൽഗാമിലെത്തുകയും, മൃതദേഹങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കുകയും ചെയ്തു. ഹെലികോപ്റ്റർ മാർഗമായിരുന്നു അമിത് ഷാ പഹൽഗാമിലെത്തിയത്. അതീവ സുരക്ഷയൊരുക്കിയ പ്രദേശത്ത് മാധ്യമങ്ങളെ ഉൾപ്പെടെ കടത്തിവിട്ടിരുന്നില്ല.
ഇന്ത്യ ഭീകരതയ്ക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നായിരുന്നു പഹൽഗാം സന്ദർശനത്തിന് ശേഷമുള്ള അമിത് ഷായുടെ എക്സ് പോസ്റ്റ്. 'ക്രൂരമായ ഭീകരാക്രമണത്തിലെ കുറ്റവാളികളെ വെറുതെ വിടില്ല. ഹൃദയഭാരത്തോടെ, മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നു'- അമിത് ഷാ എക്സിൽ കുറിച്ചു.
ലോക നേതാക്കളടക്കം ജമ്മു കശ്മീർ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. അസ്വസ്ഥത ഉളവാക്കുന്ന സംഭവമെന്ന് ഡൊണാൾഡ് ട്രംപും, തീവ്രവാദ ശക്തികളെ ചെറുക്കാൻ പൂർണ പിന്തുണയെന്ന് വ്ളാദിമിർ പുടിനും പ്രതികരിച്ചു. ഭീകരാക്രമണത്തിൽ നിരവധി പേർ മരിച്ച സംഭവത്തിൽ അഗാധമായ ദുഃഖമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അറിയിച്ചു. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി സൗദി കിരീടാവകാശിയും രംഗത്തെത്തി.