35.5 കോടി ആളുകളാണ് 20 വർഷം മുൻപിറങ്ങിയ 'മി അറ്റ് ദി സൂ' എന്ന യൂട്യൂബ് വീഡിയോ കണ്ടിരിക്കുന്നത്
കൃത്യം 20 വർഷങ്ങൾക്ക് മുമ്പ്, 2005 ഏപ്രിൽ 23ന് (പസഫിക് ഡേലൈറ്റ് സമയം അനുസരിച്ച്) 18 സെക്കൻ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടു. വീഡിയോയിൽ കൗതുകമുള്ള ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ ആ വീഡിയോയ്ക്ക് വലിയൊരു പ്രത്യേകതയുണ്ടായിരുന്നു. ലോകത്തെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിലെ ആദ്യ വീഡിയോ.
ആദ്യ യൂട്യൂബ് വീഡിയോയുടെ 20ാം വാർഷികം ആഘോഷിക്കുകയാണ് ലോകം. യൂട്യൂബിന്റെ സഹസ്ഥാപകരിൽ ഒരാളായ ജാവേദ് കരീമാണ് വീഡിയോയുടെ ഉടമ. 'മി അറ്റ് ദി സൂ' എന്ന പേരിൽ ലോ റെസല്യൂഷനുള്ള, 18 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോയിരുന്നു അത്. വീഡിയോയിൽ ആനകളെക്കുറിച്ച് സംസാരിക്കുകയാണ് ജവേദ് കരീം.
ALSO READ: Olo | ഈ നിറം കണ്ടത് അഞ്ച് പേര്‍ മാത്രം; പുതിയ നിറം പരിചയപ്പെടുത്തി ഗവേഷകര്‍
കാലിഫോർണിയയിലെ സാൻ ഡിയേഗോ മൃഗശാലയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 25 വയസ്സുള്ള ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ തന്റെ പിന്നിൽ ആനകളെ ചൂണ്ടിക്കാണിക്കുന്നു. "ഈ ആനകൾക്ക് വളരെ നീളമുള്ള തുമ്പിക്കൈകളുണ്ട് എന്നതാണ് ഏറ്റവും രസകരമായ കാര്യം"- എന്ന് പറയുന്നു. ഇത് മാത്രമാണ് ജവേദിൻ്റെ വീഡിയോയിലുള്ളത്. രണ്ട് ആഫ്രിക്കൻ ആനകളേയും ജാവേദിനൊപ്പം വീഡിയോയിൽ കാണാം.
35.5 കോടി ആളുകളാണ് ഇതുവരെ യൂട്യൂബിലെ ആദ്യ വീഡിയോ കണ്ടത്. ആദ്യ വീഡിയോയ്ക്ക് 'പിറന്നാളശംസകൾ' നേരാൻ തിരക്കുകൂട്ടുകയാണ് ഇപ്പോൾ ഉപയോക്താക്കൾ. ഒരൊറ്റ വീഡിയോ മാത്രം പോസ്റ്റ് ചെയ്ത ജാവേദിന് 53.3 ലക്ഷം സബ്സ്ക്രൈബേഴ്സുമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
2005 ഫെബ്രുവരി 14നാണ് യൂട്യൂബ് പ്രവർത്തനം ആരംഭിക്കുന്നത്. ആദ്യ വീഡിയോ പുറത്തിറങ്ങാൻ രണ്ടര മാസത്തോളം സമയവുമെടുത്തു. എന്നാൽ ഇന്ന് ലോകത്തെ പ്രധാന സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് യൂട്യൂബ്. ഗൂഗിൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന രണ്ടാമത്തെ വെബ്‌സൈറ്റെന്ന പദവിയും യൂട്യൂബിനാണ്. പ്രതിമാസം 250 കോടിയിലധികം ഉപയോക്താക്കളാണ് യൂട്യൂബിനുള്ളത്. ഉപയോക്താക്കൾ 100 കോടി മണിക്കൂറോളം വീഡിയോ കാണുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.