മൃതദേഹം ഇന്ന് രാത്രി 7.30നാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിക്കുക
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ. രാമചന്ദ്രൻ്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും. 25ന് ഉച്ചയ്ക്ക് 12 മണിക്ക് ഇടപ്പള്ളി ശ്മശാനത്തിൽ വെച്ചാകും സംസ്കാര ചടങ്ങുകൾ. മൃതദേഹം ഇന്ന് രാത്രി 7.30നാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിക്കുക. തുടർന്ന് മൃതദേഹം സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിക്കും.
വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ 9 മണി വരെ ചങ്ങമ്പുഴ പാർക്കിൽ വെച്ചാണ് പൊതുദർശനം. പിന്നീട് 9.30ന് ഇടപ്പള്ളിയിലെ വീട്ടിലും പൊതുദർശനത്തിന് എത്തിക്കും. രാമചന്ദ്രൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും. ഇടപ്പള്ളി മങ്ങാട്ട് റോഡിലെ നീരാഞ്ജനം ആണ് ഇവരുടെ വീട്. ദീർഘകാലം വിദേശത്തായിരുന്നു രാമചന്ദ്രൻ. പിന്നീട് ജോലി മതിയാക്കി നാട്ടിലെത്തി വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
ഭാര്യ ഷീലയ്‌ക്കും മകൾ ആരതിക്കും മകളുടെ ഇരട്ടക്കുട്ടികൾക്കും ഒപ്പമായിരുന്നു രാമചന്ദ്രൻ്റെ കാശ്മീർ യാത്ര. ദുബായിൽ ജോലി ചെയ്തിരുന്ന മകൾ നാട്ടിലെത്തിയത് കഴിഞ്ഞ ദിവസമാണ്. ഹൈദരാബാദ് വഴിയാണ് രാമചന്ദ്രനും കുടുംബവും കാശ്മീരിൽ എത്തിയത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് രാമചന്ദ്രൻ കൊല്ലപ്പെട്ട വിവരം ബന്ധുക്കൾ അറിയുന്നത്. മകൾ അമ്മുവാണ് നാട്ടിലേക്ക് വിളിച്ച് ദുരന്തവാർത്ത അറിയിച്ചത്.
ചൊവ്വാഴ്ച പഹൽഗാവിലെ കാഴ്ചകൾ കണ്ട് നടക്കവെ മകൾക്കും ചെറുമക്കൾക്കും മുന്നിൽ വെച്ച് തന്നെ 67കാരന് നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖം ഉള്ളതിനാൽ ഭാര്യ ഇവരോടൊപ്പം പോകാതെ ഹോട്ടൽ മുറിയിൽ തന്നെ തുടരുകയായിരുന്നു. പ്രവാസിയായിരുന്ന രാമചന്ദ്രൻ ജോലി നിർത്തി നാട്ടിൽ സ്ഥിരമായത് രണ്ട് വർഷം മുൻപാണ്. സാമൂഹിക രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം എല്ലാവരോടും അടുത്ത സൗഹൃദമാണ് പുലർത്തിയിരുന്നത്.