സംഭവത്തിൽ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു
പത്തനംതിട്ടയിൽ യുവാവിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയതായി സംശയം. കഴിഞ്ഞദിവസമാണ് റാന്നി സ്വദേശി അമ്പാടി കാർ ഇടിച്ച് മരിച്ചത്. വഴിയരികിൽ നിൽക്കുകയായിരുന്ന അമ്പാടിയെ കാറിടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ചശേഷം കാർ നിർത്താതെ പോയി. സംഭവത്തിൽ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ALSO READ: വയനാട്ടിൽ ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ചു; വധശ്രമത്തിന് കേസെടുത്ത് പൊലീസ്
ബീവേറേജസ് മദ്യവിൽപ്പന ശാലയ്ക്ക് മുന്നിലുണ്ടായ അടിപിടിയെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. യുവാവിനെ കൊലപ്പെടുത്തിയശേഷം യുവാക്കള്‍ കാര്‍ ഉപേക്ഷിച്ച് ഒളിവിൽ പോവുകയായിരുന്നു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കീക്കൊഴൂരിൽ വാടകയ്ക്ക് താമസിക്കുന്ന ആളാണ് 24 കാരനായ അമ്പാടി.
കാറിൽ ഉണ്ടായിരുന്നവരും യുവാവും തമ്മിൽ മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. റാന്നിയിൽ നടന്നത് ഗ്യാങ് വാറാണെന്നും പൊലീസ് പറഞ്ഞു. ഒരു കാറിൽ നിന്ന് അമ്പാടി പുറത്തിറങ്ങിയപ്പോൾ എതിർ ഗ്യാങ് കാർ കൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. അമ്പാടിയുടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.