വൈറലായി മാറിയ വീഡിയോ 24 മണിക്കൂറിനുള്ളിൽ നാല് ലക്ഷത്തിലധികം പേരാണ് കണ്ടത്
വിമാനയാത്രയിലെ കർശന നിയമങ്ങളും നിയന്ത്രണങ്ങളും ശ്രദ്ധേയമാണ്. എന്നാൽ, വിമാന യാത്രയ്ക്കിടെ ചായ വിതരണം ചെയ്ത യാത്രക്കാരൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിലാകെ പ്രചരിച്ചതോടെ വലിയ ചർച്ചയ്ക്കാണ് ഇത് തിരി കൊളുത്തിയിരിക്കുന്നത്. ഇൻഡിഗോ ഫ്ലൈറ്റിലെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ALSO READ: വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; ടെക്കിക്ക് നഷ്ടമായത് 11.8 കോടി
ഇന്ത്യൻ ട്രെയിനുകളിൽ കാണുന്ന തരത്തിലുള്ള ശൈലി അനുകരിച്ചുകൊണ്ട് രണ്ട് യാത്രക്കാർ ഫ്ലാസ്കിൽ നിന്നും ചായ പകർന്ന് പേപ്പർ കപ്പിൽ സഹയാത്രികർക്ക് നൽകുന്നതിൻ്റെ വീഡിയോയാണ് വൈറലായത്. നിരവധി യാത്രക്കാർ ചായ വാങ്ങി കുടിക്കുന്നതും വീഡിയോയിൽ കാണാം. പങ്കുവെച്ചതിന് പിന്നാലെ നിമിഷ നേരംകൊണ്ട് വീഡിയോ വൈറലായി. വൈറലായി മാറിയ വീഡിയോ 24 മണിക്കൂറിനുള്ളിൽ നാല് ലക്ഷത്തിലധികം പേരാണ് കണ്ടത്. നിരവധി ആളുകളാണ് ഇതിന് താഴെ കമന്‍റുകളുമായി എത്തിയത്.
ALSO READ: അരി മോഷ്‌ടിച്ചെന്ന് ആരോപണം; ദളിത് യുവാവിനെ തല്ലിക്കൊന്നു
സമൂഹ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നർമ്മവും വിമർശനങ്ങളും ഇതേക്കുറിച്ച് കമൻ്റ് സെക്ഷനിൽ നിറയുന്നുണ്ട്. വിമാനയാത്രാ നിയമങ്ങളൊക്കെ കാറ്റിൽ പറത്തിയോയെന്നും, പാനീയങ്ങൾ വിമാനത്തിൽ കൊണ്ടുപോകരുതെന്ന നിർദേശങ്ങളൊക്കെ എവിടെ പോയി, ഇത്തരം കാര്യങ്ങളൊക്കെ ഇന്ത്യയിൽ മാത്രമേ സാധിക്കുകയുള്ളൂ, കാബിൻ ക്രൂവും സെക്യൂരിറ്റിയുമൊക്കെ എവിടെയായിരുന്നു, ഇതിലെന്താണ് തെറ്റ്? വീട്ടിലുണ്ടാക്കിയ ചായ അയാൾ വിതരണം ചെയ്തതല്ലേയുള്ളൂ തുടങ്ങിയ പ്രതികരണങ്ങൾ കമൻ്റ് സെക്ഷനിൽ കാണാം.