തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര നൽകിയ പരാതിയിലാണ് നടപടി
മാധബി പുരി ബുച്ച്
ഹിൻഡൻബർഗ് റിപ്പോർട്ടിൽ നടപടിയുമായി ലോക്പാൽ. സെബി മേധാവി മാധബി പുരി ബുച്ചിന് അഴിമതി വിരുദ്ധ ഓംബുഡ്സ്മാൻ ഹാജരാകാൻ നിർദേശം നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര നൽകിയ പരാതിയിലാണ് നടപടി.
ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി അഴിമതി പരാതികൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട്, മാധബി ബുച്ചിനെയും ടിഎംസി എംപി മഹുവ മൊയ്ത്ര ഉൾപ്പെടെയുള്ള പരാതിക്കാരെയും അടുത്ത മാസം 'വാക്കാലുള്ള വാദം കേൾക്കലിനായി' ലോക്പാൽ വിളിപ്പിച്ചതായാണ് ഔദ്യോഗിക ഉത്തരവിൽ പറയുന്നത്. ലോക്‌സഭാ അംഗമായ മൊയ്ത്രയും മറ്റ് രണ്ട് പേരും സമർപ്പിച്ച പരാതികളിൽ നവംബർ 8ന് ലോക്പാൽ ബുച്ചിനോട് വിശദീകരണം തേടിയിരുന്നു.
സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും ഭര്‍ത്താവിനും അദാനിയുമായി ബന്ധപ്പെട്ട വിദേശ ഫണ്ടുകളില്‍ ഓഹരിയുണ്ടെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ കണ്ടെത്തൽ. വിസില്‍ബ്ലോവര്‍ രേഖകളെ ആധാരമാക്കിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഹിന്‍ഡന്‍ബര്‍ഗ് പറയുന്നത് പ്രകാരം, ഗൗതം അദാനി, സഹോദരന്‍ വിനോദ് അദാനി എന്നിവരുമായി ബന്ധപ്പെട്ട ബര്‍മൂഡ, മൗറീഷ്യസ് ഫണ്ടുകളിലാണ് സെബി മേധാവിക്ക് ഓഹരിയുള്ളത്. വ്യവസായ മാര്‍ക്കറ്റില്‍ ക്രമക്കേടുകള്‍ നടത്തുവാന്‍ അദാനി ഗ്രൂപ് ഉപയോഗിച്ചത് ഈ കമ്പനികളാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് 2023ല്‍ റിപ്പോർട്ട് ചെയ്തിരുന്നു.
Also Read: ബലാത്സംഗത്തിനും ആസിഡ് ആക്രമണത്തിനും ഇരയായവർക്ക് സൗജന്യ ചികിത്സ; ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
2023ല്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന നിഴല്‍ കമ്പനികളിലാണ് മാധബിക്ക് ഓഹരിയുള്ളത്. അദാനി ഗ്രൂപ്പിനെതിരെയുള്ള സെബിയുടെ അന്വേഷണം മന്ദഗതിയിലായത് ചെയര്‍പേഴ്‌സണ് ഓഹരിയുണ്ടായതു കൊണ്ടാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു. സെബിയില്‍ മാധബി ചുമതല ഏറ്റെടുക്കുന്നതിനു മുന്‍പ് അന്വേഷണങ്ങള്‍ ഒഴിവാക്കാന്‍ നിക്ഷേപങ്ങള്‍ ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റുവാനായി അപേക്ഷിച്ചിരുന്നുവെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.
സെബിയുടെ വിശ്വാസ്യതയെ തകർക്കാനും വ്യക്തിത്വഹത്യക്കുമാണ് ഹിന്‍ഡന്‍ബർഗ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് മാധബി ബുച്ച് ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ഇതേ സമീപനമാണ് അദാനി ഗ്രൂപ്പും റിപ്പോർട്ടിനോട് സ്വീകരിച്ചത്. എന്നാല്‍, റിപ്പോർട്ട് വന്നതിനു പിന്നാലെ അദാനി ഗ്രൂപ്പിന്‍റെ ഓഹരികളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.