സെക്രട്ടറിയേറ്റ് ക്യാംപസിനുള്ളിലെ ഓഫീസുകളിലും സെക്ഷനുകളിലും വിലക്ക് ബാധകമാണ്
സെക്രട്ടറിയേറ്റിനുള്ളിൽ ഫ്ലക്സ് ബോർഡുകള്‍ക്കും പരസ്യങ്ങള്‍ക്കും വിലക്ക്. കെട്ടിങ്ങളിലോ പരിസരത്തോ ഔദ്യോഗികമായതും അല്ലാത്തതുമായ പരസ്യങ്ങള്‍ പാടില്ലെന്ന നിർദേശവുമായി സർക്കുലർ പുറത്തിറങ്ങി. സെക്രട്ടറിയേറ്റ് ക്യാംപസിനുള്ളിലെ ഓഫീസുകളിലും സെക്ഷനുകളിലും വിലക്ക് ബാധകമാണ്. ഉത്തരവ് ലംഘിച്ചാൽ പോസ്റ്റർ ഒന്നിന് 500 രൂപ പിഴയിടാക്കും.
സെക്രട്ടറിയേറ്റിനുള്ളിലെ പോസ്റ്ററുകള്‍, സ്റ്റിക്കറുകള്‍, നോട്ടീസുകള്‍ മുതലായവ കെട്ടിടത്തിന്‍റെ പ്രൗഢിയേയും ഭംഗിയേയും ബാധിക്കുന്നുവെന്നാണ് സർക്കുലറില്‍ പറയുന്നത്. മെയിന്‍ ക്യാംപസ്, അനക്സ് 1, അനക്സ് 2 എന്നിവിടങ്ങളില്‍ പരസ്യ/ ഫ്ലക്സ് ബോർഡുകള്‍ സ്ഥാപിക്കുവാന്‍ പാടില്ല. ഓഫീസിലും സെക്ഷനുകളിലും തോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്. ഉത്തരവ് ലംഘിച്ച് പോസ്റ്ററുകള്‍ പതിപ്പിക്കുന്നവരില്‍ നിന്നോ അവരെ അതിന് നിയോഗിക്കുന്നവരില്‍ നിന്നോ പോസ്റ്റർ ഒന്നിന് 500 രൂപ പിഴ ഈടാക്കുമെന്നും ഇവർ സ്വന്തം ഉത്തരവാദിത്തത്തില്‍ പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്നുമാണ് സർക്കുലർ.
സെക്ഷനുകളില്‍ കൂട്ടിയിട്ടിട്ടുള്ള തീർപ്പ് ഫയലുകളും, പേപ്പറുകളും മറ്റ് ഉപയോഗ ശൂന്യമായ വസ്തുക്കളും എത്രയും വേഗം നീക്കം ചെയ്യണം. ഓഫീസ് ഉപകരണങ്ങള്‍, ചുവരുകള്‍, പരിസരം എന്നിവ നശിപ്പിക്കുകയോ, വൃത്തികേടാക്കുകയോ ചെയ്യുന്ന പക്ഷം കർശന നടപടി സ്വീകരിക്കുമെന്നും സർക്കുലറില്‍ പറയുന്നു.
Also Read: ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനെ ദേഹോപദ്രവം ചെയ്ത കേസ്: മൂന്ന് ആയമാരുടേയും ജാമ്യാപേക്ഷ തള്ളി