സർക്കാർ, സ്വകാര്യ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും സൗജന്യ ചികിത്സ നൽകണമെന്നാണ് കോടതി ഉത്തരവ്
ബലാത്സംഗത്തിനും ആസിഡ് ആക്രമണത്തിനും ഇരയായവർക്ക് സൗജന്യ ചികിത്സ നൽകാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. സർക്കാർ, സ്വകാര്യ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും സൗജന്യ ചികിത്സ നൽകണമെന്നാണ് കോടതി ഉത്തരവ്. ജസ്റ്റിസ് പ്രതിഭ എം. സിങ്, ജസ്റ്റിസ് അമിത് ഷാ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിറക്കിയത്.
ALSO READ: ചായ ചായേയ്...; വിമാനയാത്രയ്ക്കിടെ ചായ വിതരണം, വൈറലായി ഇൻഡിഗോ ഫ്ലൈറ്റിലെ ദൃശ്യങ്ങൾ
ബലാത്സംഗം, ആസിഡ് ആക്രമണം, പോക്‌സോ കേസുകൾ എന്നിവയിലെ ഇരകൾക്ക് ഉടനടി വൈദ്യസഹായവും ആവശ്യമായ സേവനങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാർ അധീനതയിലുള്ള സ്ഥാപനങ്ങളും സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും നഴ്‌സിംഗ് ഹോമുകളും ശ്രദ്ധിക്കണം. പ്രഥമശുശ്രൂഷ, രോഗനിർണയം, കിടത്തിച്ചികിത്സ, ഫോളോ-അപ്പുകൾ, ഡയഗ്നോസ്റ്റിക്, ലബോറട്ടറി പരിശോധനകൾ, ആവശ്യമെങ്കിൽ ശസ്ത്രക്രിയകൾ, ശാരീരികവും മാനസികവുമായ കൗൺസിലിംഗ്, കുടുംബ കൗൺസിലിംഗ് എന്നിവ ചികിത്സയിൽ ഉൾപ്പെടുന്നുവെന്ന് കോടതി വ്യക്തമാക്കി.
നിരവധി ബലാത്സംഗ, പോക്‌സോ കേസുകൾ ഈ ദിവസങ്ങളിലായി ജുഡീഷ്യറിക്ക് മുമ്പാകെ വരുന്നുണ്ട്. ഈ കേസുകളിൽ അതിജീവിക്കുന്നവർക്ക് പലപ്പോഴും ആശുപത്രി പ്രവേശനം, രോഗനിർണയം, ശസ്ത്രക്രിയാ നടപടിക്രമങ്ങൾ, മരുന്നുകൾ, കൗൺസിലിംഗ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിയന്തിര വൈദ്യസഹായം അല്ലെങ്കിൽ ദീർഘകാല വൈദ്യസഹായം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമങ്ങളും ആസിഡ് ആക്രമണങ്ങളും അതിജീവിച്ചവർക്ക് സൗജന്യ ചികിത്സ ലഭ്യമാകുന്നതിൽ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ALSO READ: ബിരിയാണിയാണ് താരം; സ്വിഗ്ഗി ഓർഡറിൽ ഒൻപതാം വർഷവും ഒന്നാമത്, 2024ൽ വിറ്റഴിച്ചത് 83 മില്യൺ ഓർഡറുകൾ
പോക്‌സോ കോടതികൾ, ക്രിമിനൽ കോടതികൾ, കുടുംബ കോടതികൾ എന്നിങ്ങനെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ കോടതികളിലേക്കും വിധി പ്രചരിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി പ്രധാന നിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.