ഗുജറാത്തിലെ കച്ച് ജില്ലയിലെ ഖവ്ദ ഗ്രാമത്തിലെത്തിയപ്പോൾ ആണ് പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്
ഓൺലൈനിൽ പരിചയപ്പെട്ട സ്ത്രീ സുഹൃത്തിനെ കാണാനായി പാക് അതിർത്തി കടക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജമ്മു കശ്മീരിൽ നിന്നുള്ള 36 കാരനായ യുവാവാണ് പിടിയിലായത്. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഖവ്ദ ഗ്രാമത്തിലെത്തിയപ്പോൾ ആണ് പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്.
ALSO READ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 2 സൈനികർ കൊല്ലപ്പെട്ടു, 2 തീവ്രവാദികളെ വധിച്ചു
ബന്ദിപ്പോര ജില്ലയിലെ താമസക്കാരനായ ഇംതിയാസ് ഷെയ്ഖ് ആണ് മുള്താനിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുൻസറായ സുഹൃത്തിനെ കാണാനായി കച്ചിലേക്ക് യാത്ര ചെയ്തത്. കച്ച് അതിർത്തി വഴി നിയമപരമായി പാകിസ്ഥാനിൽ പ്രവേശിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. ഇതിനായി പ്രാദേശിക അധികാരികളിൽ നിന്ന് അനുമതി നേടുന്നതിന് പ്രദേശവാസികളുടെ സഹായവും യുവാവ് തേടിയിരുന്നു.
അതിർത്തി കടന്ന് പാകിസ്ഥാനിലേക്ക് കടക്കാമെന്ന പ്രതീക്ഷയിലാണ് ഷെയ്ഖ് ഖവ്ദയിലെത്തിയത്. ഓൺലൈനിൽ പരിചയപ്പെട്ട ഒരു സ്ത്രീയെ കാണുന്നതിന് വേണ്ടിയാണ് ഇത്. ഈ അതിർത്തിയിൽ നിന്ന് പാകിസ്ഥാനിലേക്ക് കടക്കാമെന്ന ധാരണയിലായിരുന്നു യുവാവ്. ഗൂഗിൾ മാപ്‌സ് ഉപയോഗിച്ചണ് ഇയാൾ ഖവ്ദ വഴിയുള്ള യാത്ര മികച്ചതാകുമെന്ന് കണ്ടെത്തിയത്. എന്നാൽ അതിർത്തിയിലെത്തിയപ്പോൾ അയാളെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് സൂപ്രണ്ട് സാഗർ ബഗ്മർ പറഞ്ഞു.
ALSO READ: ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മേഖലയിൽ ജെയ്ഷ് ഇ മുഹമ്മദ് ഭീകരർ ഉണ്ടെന്ന് സുരക്ഷ സേന
യുവാവിനെതിരെ പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. ജമ്മു കശ്മീരിലെ ലോക്കൽ പൊലീസിലും യുവാവിന്റെ കുടുംബപശ്ചാത്തലവും അന്വേഷിച്ച് വസ്തുതകൾ പരിശോധിച്ച ശേഷം ഭീഷണിയില്ലെന്ന് ഉറപ്പിക്കുകയും യുവാവിനെ വൈകുന്നേരം തന്നെ വിട്ടയക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.