പണം സംഭാവന ചെയ്യുന്നതിനായി ഓൺലൈൻ ലിങ്ക് പുറത്തിറക്കിയിട്ടുണ്ടെന്ന് അതിഷി പറഞ്ഞു
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിനായി മുഖ്യമന്ത്രിയും കൽക്കാജിയിലെ എഎപി സ്ഥാനാർഥിയുമായ അതിഷി മർലേന ക്രൗഡ് ഫണ്ടിംഗ് ക്യാംപെയ്ൻ ആരംഭിച്ചു. തൻ്റെ പാർട്ടിയുടെ പ്രവർത്തനത്തെയും സത്യസന്ധതയേയും ആളുകൾ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അതിഷി പറഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാൻ തനിക്ക് 40 ലക്ഷം രൂപ ആവശ്യമാണ്. പണം സംഭാവന ചെയ്യുന്നതിനായി ഓൺലൈൻ ലിങ്ക് പുറത്തിറക്കിയിട്ടുണ്ടെന്ന് അതിഷി പറഞ്ഞു.
"സാധാരണക്കാരിൽ നിന്നുള്ള ചെറിയ സംഭാവനകളുടെ സഹായത്തോടെയാണ് എഎപി എല്ലായ്‌പ്പോഴും തെരഞ്ഞെടുപ്പിനെ നേരിട്ടത്. അത് സത്യസന്ധതയോടെ രാഷ്ട്രീയം പിന്തുടരാൻ സഹായിച്ചിട്ടുണ്ട്", അതിഷി പറഞ്ഞു. 70അംഗങ്ങളുള്ള ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 5 ന് നടക്കും. ഫെബ്രുവരി 8 നാണ് ഫലം പ്രഖ്യാപിക്കുക.