fbwpx
വീണ്ടും അതിവേഗ സെഞ്ചുറി, സിക്സിലും ഫോറിലും പിറന്നത് 98 റണ്‍സ്; രാജ്കോട്ടില്‍ തീപടര്‍ത്തി അഭിഷേക് ശര്‍മ
logo

ന്യൂസ് ഡെസ്ക്

Posted : 05 Dec, 2024 03:18 PM

മേഘാലയ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തിയ അഭിഷേക് 28 പന്തിലാണ് 100 റണ്‍സ് തികച്ചത്

CRICKET

അഭിഷേക് ശര്‍മ



സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വീണ്ടുമൊരു അതിവേഗ സെഞ്ചുറി. മേഘാലയക്കെതിരായ മത്സരത്തില്‍ പഞ്ചാബ് ക്യാപ്റ്റന്‍ അഭിഷേക് ശര്‍മയുടെ വകയായിരുന്നു വെട്ടിക്കെട്ട് ബാറ്റിങ്. ടി20യിലെ രണ്ടാമത്തെ അതിവേഗ സെഞ്ചുറി കൂടിയാണ് അഭിഷേക് സ്വന്തമാക്കിയത്. കഴിഞ്ഞയാഴ്ച ത്രിപുരയ്ക്കെതിരായ മത്സരത്തില്‍ ഗുജറാത്തിന്റെ ഉര്‍വില്‍ പാട്ടീലും 28 പന്തില്‍ സെഞ്ചുറി നേടിയിരുന്നു.

മേഘാലയ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തിയ അഭിഷേക് 28 പന്തിലാണ് 100 റണ്‍സ് തികച്ചത്. 29 പന്തില്‍ 106 റണ്‍സുമായി പുറത്താകാതെ നിന്ന അഭിഷേക് 19 പന്തുകള്‍ അതിര്‍ത്തി കടത്തി. 11 സിക്സും എട്ട് ഫോറുമാണ് അഭിഷേകിന്റെ ബാറ്റില്‍നിന്ന് പിറന്നത്. ഇതോടെ, ടി20യിലെ അതിവേഗ സെഞ്ചുറിയില്‍ അഭിഷേകും ഉര്‍വിലും ഒപ്പത്തിനൊപ്പമെത്തി. 27 പന്തില്‍ 100 തികച്ച എസ്റ്റോണിയ താരം സഹില്‍ ചൗഹാന്റെ പേരിലാണ് ടി20യിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോഡ്.ഈ വര്‍ഷം ജൂണില്‍ സൈപ്രസിനെതിരെയായിരുന്നു സഹിലിന്റെ സെഞ്ചുറി.

ആദ്യം ബാറ്റ് ചെയ്ത മേഘാലയ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് എടുത്തത്. ഓപ്പണര്‍മാര്‍ നിറംമങ്ങിയ മത്സരത്തില്‍, മധ്യനിരക്കാരാണ് അല്പമെങ്കിലും പ്രതിരോധം തീര്‍ത്തത്. 31 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അര്‍പിത് ഭട്ടെവാരയാണ് ടോപ്പ് സ്കോറര്‍. പഞ്ചാബിനായി അഭിഷേകും രമണ്‍ദീപ് സിങ്ങും രണ്ട് വീതം വിക്കറ്റും, അശ്വിനി കുമാര്‍, ഹര്‍പ്രീത് ബ്രാര്‍, സൊഹ്റാബ് ധലിവാള്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് ഓപ്പണര്‍ ഹര്‍ണൂര്‍ സിങ്ങിന്റെ വിക്കറ്റ് വേഗം നഷ്ടമായി. ഏഴ് പന്തില്‍ ആറ് റണ്‍സായിരുന്നു ഹര്‍ണൂറിന്റെ നേട്ടം. സലില്‍ അറോറ ഒരു റണ്‍സെടുത്തും പുറത്തായി. മറുപുറത്ത് കൂറ്റനടികളുമായി അഭിഷേക് സ്കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. സൊഹ്റാബ് ധലിബാളിനെ ഒപ്പം നിര്‍ത്തിയായിരുന്നു അഭിഷേകിന്റെ ബാറ്റിങ് വെടിക്കെട്ട്. മൂന്ന് ഓവര്‍ പിന്നിടുമ്പോഴേക്കും ടീം സ്കോര്‍ 50 കടന്നിരുന്നു. എട്ടാം ഓവറില്‍ 15 പന്തില്‍ 22 റണ്‍സെടുത്ത സൊഹ്റാബ് പുറത്താകുമ്പോഴേക്കും പഞ്ചാബ് സ്കോര്‍ 113 റണ്‍സിലെത്തി. മേഘാലയ മുന്നോട്ടുവെച്ച 143 റണ്‍സ് വിജയലക്ഷ്യം 9.3 ഓവറില്‍ പഞ്ചാബ് മറികടന്നു. നാല് പന്തില്‍ എട്ട് റണ്‍സെടുത്ത് രമണ്‍ദീപ് അഭിഷേകിനൊപ്പം പുറത്താകാതെ നിന്നു.

മേഘാലയ ബൗളര്‍മാരെയെല്ലാം അഭിഷേക് കണക്കറ്റ് ശിക്ഷിച്ചു. അനീഷ് ചരകിന്റെ ഒരോവറില്‍ പിറന്നത് 23 റണ്‍സാണ്. റിബോക്ലാങ് ഹൈനിയ്വേറ്റ രണ്ട് ഓവില്‍ 35 റണ്‍സും വഴങ്ങി. അഭിഷേക് നേരിട്ട 29 പന്തുകളില്‍ 19 പന്തും അതിര്‍ത്തി തൊട്ടു. 11 സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 98 റണ്‍സാണ് അതില്‍ പിറന്നത്. 365.52 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ആറാട്ട്. ടൂര്‍ണമെന്റില്‍ അഭിഷേകിന്റെ നാലാമത്തെ സെഞ്ചുറിയാണിത്. ഇതോടെ, സെഞ്ചുറി പട്ടികയില്‍ അഭിഷേക് ഒന്നാമതെത്തി. ഉന്‍മുക്ത് ചന്ദ്, റിതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ മൂന്ന് സെഞ്ചുറികളുമായി പിന്നിലുണ്ട്.


NATIONAL
"മൻമോഹൻ സിങ്ങിനായി പ്രത്യേക സ്‌മാരക സ്ഥലം അനുവദിക്കണം"; കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് കോൺഗ്രസ്
Also Read
user
Share This

Popular

KERALA
KERALA
'മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല'; തിരുവമ്പാടി ദേവസ്വം വേലയുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് തൃശൂര്‍ എഡിഎം