വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനങ്ങള്‍ ഒഴിവാക്കാന്‍ രന്യ രാമചന്ദ്ര റാവുവിന്റെ ബന്ധം ഉപയോഗിച്ചതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി റന്യ റാവുവിന്റെ രണ്ടാനച്ഛന്‍ ഡിജിപി കെ. രാമചന്ദ്ര റാവുവിന് നിര്‍ബന്ധിത അവധി. സ്വര്‍ണക്കടത്തില്‍ രാമചന്ദ്ര റാവുവിന്റെ പങ്ക് അന്വേഷിക്കാന്‍ നിയോഗിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കര്‍ണാടക സര്‍ക്കാരിന്റെ നടപടി. പ്രത്യേകിച്ച് കാരണമൊന്നും കാണിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവ്. കർണാടക പൊലീസ് ഹൗസിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറാണ് രാമചന്ദ്ര റാവു.
വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനങ്ങള്‍ ഒഴിവാക്കാന്‍ രന്യ രാമചന്ദ്ര റാവുവിന്റെ ബന്ധം ഉപയോഗിച്ചതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഡിജിപിയുടെ മകളെന്ന് പരിചപ്പെടുത്തിയ രന്യ, വിമാനത്താവളത്തിലെ ഗ്രീൻ ചാനലിലൂടെ ഇറങ്ങി പൊലീസ് അകമ്പടിയോടെയാണ് താമസസ്ഥലത്തേക്ക് പോയിരുന്നത്. ഇത്തരത്തില്‍ 27 തവണ രന്യ വിദേശത്തുനിന്ന് വന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതെല്ലാം സ്വര്‍ണക്കടത്തിന് സഹായകരമായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അടിക്കടി വിദേശയാത്ര ചെയ്യുന്ന രന്യ അധികൃതരുടെ നിരീക്ഷണവലയത്തിലായിരുന്നു. 15 ദിവസത്തിനിടെ നാല് തവണ ദുബായ് യാത്ര നടത്തിയതോടെയാണ് അധികൃതരുടെ സംശയം വര്‍ധിച്ചത്. തുടര്‍ന്നാണ് ദുബായിയില്‍ നിന്ന് തിരിച്ചെത്തിയ രന്യയെ മാര്‍ച്ച് രണ്ടിന് ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തത്.
അറസ്റ്റിലാകുമ്പോള്‍ 12.56 കോടി രൂപ വില വരുന്ന സ്വർണമാണ് രന്യയിൽ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. 17 സ്വര്‍ണക്കട്ടികളാണ് നടിയുടെ കൈയിലുണ്ടായിരുന്നത്. ലാവല്ലെ റോഡിലെ അപ്പാർട്ട്മെൻ്റിൽ നിന്ന് 4.7 കോടിയുടെ സ്വർണവും, പണവും പിടിച്ചെടുത്തിരുന്നു. ആകെ 17.26 കോടി രൂപയുടെ മൂല്യമാണ് ഉദ്യോഗസ്ഥര്‍ കണക്കാക്കിയത്. മിഡിൽ ഈസ്റ്റ്, ദുബായ്, യൂറോപ്യൻ രാജ്യങ്ങളിലേക്ക് രന്യ നിരന്തരം യാത്ര ചെയ്തിരുന്നു.
അതേസമയം, മാധ്യമങ്ങളിലൂടെ വാര്‍ത്തയറിഞ്ഞപ്പോള്‍ എല്ലാ അച്ഛന്മാരെയും പോലെ താനും ഞെട്ടിപ്പോയി എന്നായിരുന്നു രന്യയുടെ അറസ്റ്റിനു പിന്നാലെ രാമചന്ദ്ര റാവു പ്രതികരിച്ചത്. ഇക്കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. കൂടുതലൊന്നും പറയാനില്ല. അവള്‍ ഞങ്ങളോടൊപ്പമല്ല താമസിക്കുന്നത്. ഭര്‍ത്താവിനൊപ്പം മാറിയാണ് താമസിക്കുന്നത്. അവര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായിരിക്കാം. ചിലപ്പോള്‍ എന്തെങ്കിലും കുടുംബ പ്രശ്മായിരിക്കാം -എന്നായിരുന്നു രാമചന്ദ്ര റാവു പറഞ്ഞത്.