fbwpx
HIGHWAY : വീരയുടെ യാത്ര

വീരയ്ക്ക് ഇനിയും സ്വപ്നങ്ങള്‍ ഉണ്ടാകാം. ചിലപ്പോള്‍ ഈ മലമുകളിലെ ജീവിതം നിര്‍ത്തി അവള്‍ വേറെ എങ്ങോട്ടെങ്കിലും പോയേക്കാം. അതെല്ലാം ഇനി അവളുടെ തീരുമാനമായിരിക്കും

BOLLYWOOD MOVIE


വേദന കൊണ്ട് ഞാന്‍ ഉറക്കെ കരയുമായിരുന്നു. പക്ഷെ അയാള്‍ എന്റെ മുഖം പൊത്തിപിടിക്കും. എന്റെ കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാന്‍. തനിക്ക് ചെറുപ്പത്തില്‍ ഉണ്ടായ സെക്ഷ്വല്‍ അബ്യൂസിനെ കുറിച്ച് വീര മഹാബീറിനോട് പറയുകയാണ്. എങ്ങനെയാണ് സ്വന്തം അങ്കിള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന്. വികാരഭരിതയായാണ് ആലിയ ഭട്ടിന്റെ വീര എന്ന കഥാപാത്രം അത് പറയുന്നത്. അയാള്‍ അത് കേള്‍ക്കുന്നുണ്ടോ എന്നത് അല്ല അവിടെ പ്രധാനം അവള്‍ മനസ് തുറന്ന് പറയുകയാണ്. ഒരുപക്ഷെ അയാളോട് മാത്രമായിരിക്കാം അല്ലെങ്കില്‍ ഈ ലോകത്തോട് തന്നെയായിരിക്കാം.

വീരയെ സിനിമയുടെ തുടക്കത്തില്‍ കാണുമ്പോള്‍ അവള്‍ക്ക് ഒട്ടും സ്വാതന്ത്ര്യമില്ല. ധനികനായ ഒരു ഇന്‍ഡസ്ട്രിയലിസ്റ്റിന്റെ മകളായിരുന്നിട്ടും വീര ജീവിതത്തില്‍ ഒരിക്കലും സ്വാതന്ത്ര്യം എന്താണെന്ന് അറിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെയാണ് കല്യാണ ഒരുക്കങ്ങളാല്‍ സഫോക്കേറ്റഡായി രാത്രി വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അവള്‍ ആഗ്രഹിക്കുന്നത്. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആളെ വിളിച്ച് ഇരുവരും ഒരുമിച്ച് രാത്രി ഒരു ഡ്രൈവിന് പോകുന്നു. വിനയ്ക്ക് പേടിയുണ്ട് കാരണം അവന്‍ അവന്റെ കംഫേര്‍ട്ട് സോണില്‍ നിന്നും പുറത്താണ്. പക്ഷെ വീര തനിക്ക് കുറച്ച് സമയത്തേക്കെങ്കിലും കിട്ടിയ സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്. അതുകൊണ്ടാണ് അവള്‍ ആ പെട്രോള്‍ പമ്പിലെത്തിയപ്പോള്‍ പുറത്തിറങ്ങിയത്. എന്നാല്‍ പെട്രോള്‍ പമ്പ് കൊള്ളയടിക്കാന്‍ വന്നവര്‍ വീരയെയും തട്ടിക്കൊണ്ട് പോവുകയാണ് ചെയ്യുന്നത്.


അങ്ങനെയാണ് അവള്‍ രണ്‍ദീപ് ഹൂഡയുടെ മഹാബീറിനെ പരിചയപ്പെടുന്നത്. അതെ അവളെ തട്ടിക്കൊണ്ട് പോയ വ്യക്തിയോടാണ് അവള്‍ തന്റെ ഏറ്റവും വ്യക്തിപരവും വേദനിപ്പിക്കുന്നതുമായ കാര്യം തുറന്ന് പറയുന്നത്. എന്തുകൊണ്ടായിരിക്കും വീര അത് മഹാബീറിനോട് പറഞ്ഞത്? അവള്‍ക്ക് അയാളില്‍ ഒരുതരം സുരക്ഷിതത്വം തോന്നിയത് കൊണ്ടാണ്. അയാള്‍ അവളുടെ കംഫേര്‍ട്ട് സോണ്‍ ആയി മാറിയിരുന്നു. അതെ സംവിധായകന്‍ ഇംത്യാസ് അലി വീരയിലൂടെ പറയാന്‍ ശ്രമിക്കുന്നതും അത് തന്നെയാണ്. സ്റ്റോക്ഹോം സിന്‍ഡ്രോം. ഒരു വിക്ടിം തന്റെ അബ്യൂസറുമായോ തട്ടിക്കൊണ്ട് പോയ വ്യക്തിയുമായോ ഒരു വൈരാരിക ബന്ധം പുലര്‍ത്തുന്നതിനെയാണ് സ്റ്റോക്ഹോം സിന്‍ഡ്രോം എന്ന് പറയുന്നത്.

എന്തുകൊണ്ട് വീര മഹാബീറില്‍ ഒരു സേഫ്റ്റി കണ്ടെത്തുന്നു അതിന് കാരണം അവളുടെ കുട്ടിക്കാലത്തെ ട്രോമകള്‍ തന്നെയാണ്. ധനികനായ അച്ഛനും വലിയ കുടുംബവും ഉണ്ടായിട്ടും അവളെ കേള്‍ക്കാനോ അറിയാനോ ആരും ഉണ്ടായിട്ടില്ല. അപ്പോള്‍ ആദ്യമായി അവളെ ഒരാള്‍ കേള്‍ക്കുമ്പോള്‍ അവള്‍ ആഗ്രഹിച്ച പോലെ സ്നേഹം പ്രകടിപ്പിക്കുമ്പോള്‍ അയാളൊരു ക്രിമിനല്‍ ആണെന്ന കാര്യം അവള്‍ മറന്ന് പോവുകയാണ്. സിനിമയില്‍ വീര തന്നെ അത്ഭുതപ്പെട്ട് പോകുന്ന സന്ദര്‍ഭങ്ങളുണ്ട്. അവളെ തട്ടികൊണ്ടുപോയപ്പോഴാണ് അവള്‍ സ്വാതന്ത്ര്യം എന്താണെന്ന് യഥാര്‍ത്ഥത്തില്‍ അറിയുന്നത്. അത് അവള്‍ വേണ്ടു വോളം ആസ്വദിക്കുന്നുമുണ്ട്.


വീരയ്ക്ക് ജീവിതത്തില്‍ വലിയ ആഗ്രഹങ്ങളൊന്നുമില്ല. ഒരു മലയുടെ മുകളില്‍ ഒരു വീട് ആ വീട്ടില്‍ അവള്‍ക്ക് ഭക്ഷണം ഉണ്ടാക്കണം വീട് വൃത്തിയാക്കണം. ഇതെല്ലാമാണ് വീരയുടെ ആഗ്രഹങ്ങള്‍. ആ ആഗ്രഹം അവള്‍ ആദ്യം തന്നെ വിവാഹം കഴിക്കാന്‍ പോകുന്ന വിനയിയോട് പറയുന്നുണ്ട്. പക്ഷെ അവന്‍ അതിനെ കാര്യമാക്കി എടുക്കുന്നില്ല. എന്നാല്‍ സിനിമയില്‍ അവള്‍ ആഗ്രഹിച്ച കാര്യം അവള്‍ മഹാബീറിനൊപ്പം നടത്തുന്നുണ്ട്. എന്നാല്‍ ആ സന്തോഷത്തിന് അധിക സമയം ആയുസുണ്ടാകില്ല. അപ്പോഴേക്കും വീരയെ പൊലീസുകാര്‍ കണ്ടു പിടിക്കുകയും മഹാബീറിനെ അവര്‍ വെടിവെച്ച് കൊല്ലുകയും ചെയ്യും.

വീരയെ സംബന്ധിച്ച് ജീവിത്തതില്‍ ആദ്യമായാണ് അവള്‍ക്ക് അത്രയും സ്വാതന്ത്ര്യവും സന്തോഷവും ലഭിക്കുന്നത്. എന്നാല്‍ അതും അവര്‍ അവളില്‍ നിന്ന് പറച്ചെടുത്ത് കളഞ്ഞു. സിനിമയില്‍ ഉടനീളം വീരയും മഹാബീറും ആയുള്ള ബന്ധം സംവിധായകന്‍ കാണിക്കുന്നത് വളരെ ബ്യൂട്ടിഫുളായാണ്. അവര്‍ തമ്മില്‍ പ്രണയമല്ല. ഒരു തരം ഡിപ്പന്റന്‍സിയാണ്. രണ്ട് പേര്‍ക്കും പരസ്പരം ആവശ്യമുണ്ട്. വീര മഹാബീറിനോട് പറയുന്നുണ്ട് എനിക്ക് നിന്നെ വിവാഹം കഴിക്കണമെന്നോ നിന്റെ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നോ ഇല്ലെന്ന്. എനിക്ക് നിനക്കൊപ്പം സ്വാതന്ത്ര്യം അനുഭവിക്കുകയാണ് വേണ്ടത് എന്നാണ് വീര പറയുന്നത്. ഉള്ളില്‍ വേദന ഒതുക്കി ജീവിക്കുന്ന രണ്ട് വ്യക്തികളാണ് മഹാബീറും വീരയും. അവര്‍ തമ്മിലുള്ള സ്നേഹത്തിനും ബന്ധത്തിനും അതും ഒരു കാരണമാണ്. ഒരു അമ്മയ്ക്ക് മകനോട് തോന്നുന്ന തരത്തിലുള്ള സ്നേഹമാണ് വീരയ്ക്ക് മഹാബീറിനോടുള്ളത്. അവള്‍ അവന്‍ ഉറങ്ങുമ്പോള്‍ തലോടുകയും താരാട്ട് മൂളുകയും ചെയ്യുന്നു. മഹാബീര്‍ എന്നോ ഉപേക്ഷിച്ച അമ്മയായി മാറുകയാണ് വീര അവിടെ. അതുപോലെ തിരിച്ച് ഒരു അച്ഛന്റെ സ്നേഹമാണ് മഹാബീറിന് വീരയോടുള്ളത്. വീരയ്ക്ക് ഒരിക്കലും ലഭിക്കാതെ പോയ അച്ഛനായി മഹാബീര്‍ മാറുന്നു.


മഹാബീറിന്റെ മരണ ശേഷം വീട്ടിലേക്ക് തിരിച്ച് പോകുന്ന വീര ഒരു സന്ദര്‍ഭത്തില്‍ തന്റെ കുടുംബത്തോട് തുറന്ന് സംസാരിക്കുന്ന രംഗമുണ്ട്. ഞാന്‍ ഇവിടെ നിന്ന് പോയികഴിഞ്ഞിരിക്കുന്നു. ഇനി എനിക്ക് തിരിച്ച് വരാന്‍ ആകില്ല എന്നാണ് വീര അവളുടെ കുടുംബത്തോട് പറയുന്നത്. മഹാബീര്‍ അവളെ തട്ടിക്കൊണ്ട് പോയില്ലായിരുന്നെങ്കില്‍ അവള്‍ക്കൊരിക്കലും തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ആവില്ലെന്നും വീര പറയുന്നുണ്ട്. അതിന് ശേഷമാണ് അവള്‍ തന്റെ അങ്കിളിനെ ശ്രദ്ധിക്കുന്നതും. തനിക്ക് നേരിടേണ്ടി വന്ന സെക്ഷ്വല്‍ അബ്യൂസിനെ കുറിച്ച് തുറന്ന് പറയുന്നതും.

പണ്ട് അവള്‍ ഇക്കാര്യം അമ്മയോട് തുറന്ന് പറഞ്ഞിരുന്നു. അന്ന് അമ്മ പറഞ്ഞത്, ആരോടും പറയരുതെന്നാണ്. ഇപ്പോള്‍ വീര അത് എല്ലാവരോടുമായി തുറന്ന് പറയാന്‍ ശ്രമിക്കുമ്പോഴും അമ്മ അവിടെ തടയുകയാണ് ചെയ്യുന്നത്. എന്നാല്‍ വീരയ്ക്ക് ഇപ്പോള്‍ ആരെയും ഭയക്കാനില്ല. കാരണം അവള്‍ സ്വതന്ത്രയാണ്. അതുകൊണ്ട് തന്നെ അക്കാര്യം ധൈര്യത്തോടെ സര്‍വ്വ അമര്‍ഷവും പ്രകടിപ്പിച്ചുകൊണ്ട് തന്നെ തുറന്ന് പറയുന്നു.


അന്ന് അയാള്‍ അവളെ കരയാന്‍ സമ്മതിക്കാതെ മുഖം പൊത്തി പിടിച്ചെങ്കില്‍ ഇന്ന് അവള്‍ അയാളുടെ മുഖത്ത് നോക്കി ഉറക്കെ അലറുകയാണ് ചെയ്യുന്നത്. അതേ അവള്‍ക്ക് ഇനി ഒന്നും നോക്കാനില്ല. തനിക്ക് വേണ്ടി ജീവിക്കാന്‍ വീര തീരുമാനിച്ചു കഴിഞ്ഞു എന്നാണ് അതിന്റെ അര്‍ത്ഥം. ജീവിത കാലം മുഴുവന്‍ തന്റെ ഇഷ്ടങ്ങള്‍ മാറ്റി വെച്ച് ഒരു കൂട്ടിനുള്ളില്‍ കഴിഞ്ഞ വീര ഇപ്പോള്‍ ലിബറേറ്റഡ് ആണ്. ആ സ്വാതന്ത്ര്യം അവള്‍ ആസ്വദിച്ചു കഴിഞ്ഞു. ഇനി ഒരു തിരിച്ചു പോക്കില്ല.

സിനിമയില്‍ വീര തന്റെ അച്ഛനോടായി പറയുന്ന വളരെ പ്രധാനപ്പെട്ട ഒരു ഡയലോഗുണ്ട്. 'വീടിന് പുറത്ത് പോകുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മാത്രം പഠിപ്പിച്ചത് എന്തുകൊണ്ടാണ്. വീടിനുള്ളിലും ആളുകളെ പേടിക്കണമെന്നും ശ്രദ്ധിക്കണമെന്നും എന്തുകൊണ്ട് നിങ്ങള്‍ പറഞ്ഞില്ലെന്ന്?'


ഇത് വീരയുടെ മാത്രം ചോദ്യമല്ല, ഭൂരിഭാഗം പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ചോദ്യമാണ്. സ്വന്തം വീട്ടില്‍ നിന്ന് അബ്യൂസ് ചെയ്യപ്പെടുന്ന എത്രയോ പെണ്‍കുട്ടികളെ നമുക്ക് അറിയാം. ഇനിയും അത് തിരിച്ചറിയാത്ത അല്ലെങ്കില്‍ തുറന്ന് പറയാന്‍ ധൈര്യമില്ലാത്ത പെണ്‍കുട്ടികള്‍ എത്രയുണ്ടാകും. യഥാര്‍ത്ഥത്തില്‍ വീരയിലൂടെ ഇംത്യാസലി ശബ്ദം നല്‍കിയത് അത്തരം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കൂടിയാണ്.

ആലിയ ഭട്ടിന്റെ വീര തന്നെ സ്വയം തിരിച്ചറിയുകയാണ് ചെയ്യുന്നത്. എനിക്ക് കുറച്ച് സമയം കൂടി നിന്റെ കൂടെ വേണം. കാരണം ഞാന്‍ ഇതിന് മുമ്പ് ഇങ്ങനെ ഒന്നിലൂടെയും കടന്ന് പോയിട്ടില്ല, എന്ന് വീര മഹാബീറിനോട് പറയുന്നുണ്ട്. അവള്‍ അവളെ തന്നെ സ്വയം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. അതിന് മഹാബീര്‍ ഒരു കാരണമായെന്ന് മാത്രം. ഒരു പക്ഷെ മഹാബീര്‍ എന്നയാള്‍ അവളെ തട്ടിക്കൊണ്ട് പോയില്ലായിരുന്നെങ്കില്‍ വീര ചിലപ്പോള്‍ വിനയിയെ വിവാഹം കഴിച്ച് സ്വാതന്ത്ര്യം എന്താണെന്ന് അറിയാതെ ജീവിച്ചു പോകുമായിരുന്നിരിക്കാം. എന്നാല്‍ ജീവിതം അവള്‍ക്കായി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. മഹാബീറിന്റെ മരണം അവളെ മാനസികമായി തളര്‍ത്തുന്നുണ്ടെങ്കിലും അവള്‍ ജീവിക്കാനുള്ള ധൈര്യം കണ്ടെത്തുന്നുണ്ട്. സിനിമ അവസാനിക്കുമ്പോള്‍ നമ്മള്‍ കാണുന്നത് വീര ഇന്റിപെന്റായി അവളുടെ ആഗ്രഹത്തിന് ജീവിക്കുന്നതാണ്. ആരുടെയും സഹായം ഇല്ലാതെ മല മുകളില്‍ ഒരു വീട്ടില്‍ അവിടെ തന്നെ ജോലിയും ചെയ്ത് അവള്‍ ജീവിക്കുന്നു.


വീരയ്ക്ക് ഇനിയും സ്വപ്നങ്ങള്‍ ഉണ്ടാകാം. ചിലപ്പോള്‍ ഈ മലമുകളിലെ ജീവിതം നിര്‍ത്തി അവള്‍ വേറെ എങ്ങോട്ടെങ്കിലും പോയേക്കാം. അതെല്ലാം ഇനി അവളുടെ തീരുമാനമായിരിക്കും. അല്ലാതെ മറ്റുള്ളവര്‍ അവള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കുന്നതായിരിക്കില്ല. അതെ സ്വയം തിരിച്ചറിഞ്ഞുകൊണ്ടുള്ള തന്റെ യാത്ര വീര തുടരുന്നുണ്ടാകാം.




Also Read
user
Share This

Popular

KERALA
KERALA
BIG BREAKING | കൈക്കൂലിയുമായി ഐഓസി ഡിജിഎം പിടിയില്‍; പിടിയിലായത് എറണാകുളം സ്വദേശി അലക്സ് മാത്യു