പരിശീലന പരിപാടിയിൽ എല്ലാ ആശാവർക്കർമാരും പങ്കെടുക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്
ആശാ വർക്കർമാരുടെ സെക്രട്ടറിയേറ്റ് ഉപരോധ ദിവസം പരിശീലനവുമായി നാഷണൽ ഹെൽത്ത് മിഷൻ. പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ സംബന്ധിച്ചാണ് പരിശീലനം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. പരിശീലന പരിപാടിയിൽ എല്ലാ ആശാവർക്കർമാരും പങ്കെടുക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പരിപാടിക്ക് ശേഷം ഹാജർ നില അയക്കാനും ഹെൽത്ത് മിഷൻ നിർദേശം നൽകിയിട്ടുണ്ട്. 17,18, 19 തീയതികളിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ, ഇടുക്കി,കോട്ടയം, എന്നീ ജില്ലകളിലുള്ള ആശമാർക്കാണ് നിർദേശം ലഭിച്ചിട്ടുള്ളത്. അതാത് ജില്ലകൾക്ക് അവരുടെ ആവശ്യാനുസരണം തീയതി നിശ്ചയിക്കാമെന്നും അധികൃതർ അറിയിച്ചു. സമരം പൊളിക്കാനാണ് സർക്കാർ നീക്കമെന്ന് സമരത്തിൽ തുടരുന്ന ആശാവർക്കർമാർ ആക്ഷേപമുന്നയിച്ചു.
സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പങ്കാളിത്തം കുറക്കുകയാണ് ഈ ഉത്തരവിൻ്റെ ലക്ഷ്യമെന്നാണ് ആശാവർക്കേഴ്സ് സമരസമിതി നേതാവ് എം.എ. ബിന്ദുവിൻ്റെ പ്രതികരണം. മിക്ക ജില്ലകളിലും വൈകുന്നേരത്തോടെയാണ് നിർദേശം വന്നത്. ഷോർട്ട് നോട്ടീസിൽ ആണെന്ന് പ്രത്യേകം പറയുന്നുണ്ട്. പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങൾ മന്ത്രിതലത്തിൽ എത്തുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ സമരവുമായി മുന്നോട്ടുപോകുമെന്നും, സർക്കാരിൻ്റെ കുതന്ത്രങ്ങളെ അതിജീവിക്കുമെന്നും സമരസമിതി അറിയിച്ചു.
ഫെബ്രുവരി 10നാണ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ആശാ വര്‍ക്കര്‍മാരുടെ തീരുമാനം. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ഒരു മാസത്തിലേറെയായി തുടരുന്ന ആശമാരുടെ സമരത്തെ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കണക്കിലെടുത്തിട്ടില്ല. കേന്ദ്രമാണ് ഓണറേറിയം വര്‍ധിപ്പിക്കേണ്ടതെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ഇടതുപക്ഷവും സര്‍ക്കാരും.