രാം കുമാര്‍-വിഷ്ണു വിശാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണിത്
മൂന്നാമത്തെ തമിഴ് ചിത്രവുമായി നടി മമിത ബൈജു. ഇരണ്ട് വാനം എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വിഷ്ണു വിശാലിന്റെ നായികയായാണ് മമിത ചിത്രത്തില്‍ എത്തുന്നത്. ജി വി പ്രകാശ് കുമാറിന്റെ നായികയായ റിബല്‍, വിജയ്‌യുടെ ചിത്രീകരണം പുരോഗമിക്കുന്ന ജനനായകന്‍ എന്നിവയാണ് മമിതയുടെ മറ്റ് രണ്ട് തമിഴ് ചിത്രങ്ങള്‍.
രാം കുമാര്‍-വിഷ്ണു വിശാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണിത്. മുണ്ടാസുപട്ടി, രാക്ഷസന്‍ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഇതിന് മുമ്പ് ഒന്നിച്ചത്. 2018ല്‍ പുറത്തിറങ്ങിയ രാക്ഷസന്‍ വലിയ രീതിയില്‍ പ്രേക്ഷകര്‍ക്കിടയിലും നിരൂപകര്‍ക്കിടയിലും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ഏഴ് വര്‍ഷത്തിന് ശേഷം പുതിയ ചിത്രവുമായി ഈ കോമ്പോ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. തമിഴിലെ പ്രമുഖ ബാനര്‍ ആയ സത്യജ്യോതി ഫിലിംസിനുവേണ്ടി ടി ജി ത്യാഗരാജനാണ് ചിത്രത്തിന്റെ നിര്‍മാണം.
ALSO READ: എമ്പുരാനൊപ്പം കൈകോര്‍ത്ത് ഗോകുലം മൂവീസ്; മാര്‍ച്ച് 27ന് തിയേറ്ററിലേക്ക്
ദിബു നൈനാന്‍ തോമസ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഛായാഗ്രഹണം ദിനേഷ് കെ ബാബു, എഡിറ്റിംഗ് സാന്‍ ലോകേഷ്, കലാസംവിധാനം എ ഗോപി ആനന്ദ്, സ്റ്റണ്ട് കൊറിയോഗ്രഫി വിക്കി. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ മറ്റ് അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും.
ലാല്‍ സലാം എന്ന ചിത്രത്തിലാണ് വിഷ്ണു വിശാലിനെ പ്രേക്ഷകര്‍ അവസാനം കണ്ടത്. മോഹന്‍ദാസ്, ആര്യന്‍ എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റേതായി പുറത്തെത്താനുണ്ട്. അതേസമയം മമിത പ്രേമലുവിന് ശേഷം മലയാളത്തില്‍ ഹെര്‍ എന്ന ചിത്രമാണ് ചെയ്തത്. സിനിമയില്‍ കാമിയോ റോളിലാണ് താരം എത്തിയത്.