നടിയുടെ പരാതിയുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളം ലഭിച്ച ശേഷം മതി ചോദ്യം ചെയ്യലും മറ്റ് നടപടികളും എന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം
ലൈംഗിക പീഡനകേസിൽ നടൻ സിദ്ദീഖിനെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യില്ലെന്ന് റിപ്പോർട്ട്. നടിയുടെ പരാതിയുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും ലഭിച്ച ശേഷം മതി ചോദ്യം ചെയ്യലും മറ്റ് നടപടികളും എന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. അതേസമയം പരാതിക്കാരിയുടെ സുഹൃത്തിൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
2016 ൽ സിനിമ ചർച്ചയ്ക്കായി വിളിച്ചു വരുത്തി പീഡിപ്പിച്ചതായാണ് സിദ്ദീഖിനെതിരെയുള്ള മൊഴി. വിഷയത്തിൽ നിർണായക തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. അതിക്രൂരമായ ബലാത്സംഗം നടന്നതായെന്നാണ് യുവതി മൊഴി നൽകിയത്. പിന്നാലെ പീഡനം നടന്നെന്ന് പറയപ്പെടുന്ന മസ്കറ്റ് ഹോട്ടലിലെ രജിസ്റ്റർ അന്വേഷണ സംഘം ശേഖരിച്ചു. ഇതിൽ സിദ്ദീഖും നടിയും ഒരേ ഹോട്ടലിൽ ഉണ്ടായിരുന്നതിന് തെളിവ് കണ്ടെത്തുകയും ചെയ്തു. സിദ്ദീഖ് 3 ദിവസം ഹോട്ടലിൽ താമസിച്ചതായി തെളിവുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ALSO READ: ലൈംഗികാരോപണം: സിദ്ദീഖിനെതിരെ നിർണായക തെളിവുകൾ
റിസപ്ഷനിലെ രജിസ്റ്ററിൽ പേരെഴുതി ഒപ്പുവെച്ചാണ് നടി മുറിയിലെത്തിയത്. ഒന്നാം നിലയിലാണ് സിദ്ദീഖ് മുറിയെടുത്തിരുന്നത്. സിദ്ദീഖ് ആവശ്യപ്പെട്ട പ്രകാരം തിരുവനന്തപുരം നിള തിയേറ്ററിലെ പ്രിവ്യൂ ഷോയ്ക്ക് ശേഷമായിരുന്നു ഹോട്ടൽ മുറിയിലെത്തിയത് എന്നും നടിയുടെ മൊഴിയിലുണ്ട്. ഹോട്ടലിൽ വച്ചാണ് സിദ്ദീഖ് ക്രൂരമായി പീഡിപ്പിച്ചത്. ഇത് മാതാപിതാക്കളോട് പറഞ്ഞിരുന്നെന്നും നടിയുടെ മൊഴിയിൽ പറയുന്നു. പ്രിവ്യൂ ഷോയിൽ ഇരുവരും ഒപ്പം ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇനിയും കൃത്യമായ തെളിവുകൾ ലഭിച്ച ശേഷം ചോദ്യം ചെയ്യലിലേക്ക് കടക്കാമെന്നാണ് അന്വേഷണസംഘത്തിൻ്റെ പക്ഷം.
ALSO READ: മോഹൻലാൽ മാധ്യമങ്ങളെ കാണും; വാർത്ത സമ്മേളനം ഇന്ന്
അതേസമയം മലയാള സിനിമയുടെ താര സംഘടന AMMA-യുടെ മുൻ പ്രസിഡന്‍റ് മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ച കഴിഞ്ഞാണ് വാർത്താസമ്മേളനം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം ആദ്യമായാണ് മോഹൻലാൾ മാധ്യമങ്ങളെ കാണുന്നത്.
മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് പുറത്തുവന്നത്. കാസ്റ്റിംഗ് കൗച്ച് മുതൽ ലൈംഗിക പീഡനം വരെ സ്ത്രീകൾ അനുഭവിക്കുന്നതായി കമ്മീഷൻ കണ്ടെത്തിയിരുന്നു. റിപ്പോർട്ട് പുറത്തു വന്നതിന് പിറകെ പ്രമുഖ നടൻമാരുൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകർക്കെതിരെ ആരോപണങ്ങളുമായി നിരവധിപ്പേരാണ് വെളിപ്പെടുത്തൽ നടത്തിയത്.