മൺപാത്ര നിർമാണം കുലത്തൊഴിലാക്കിയവരാണ് ജാതി സർട്ടിഫിക്കറ്റുകളിലുള്ള വൈരുധ്യത്തെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നത്
ജാതി സർട്ടിഫിക്കറ്റുകളിൽ വൈരുധ്യം കാരണം ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നെന്ന പരാതിയുമായി കുംഭാര വിഭാഗക്കാർ. മൺപാത്ര നിർമാണം കുലത്തൊഴിലാക്കിയവരാണ് ജാതി സർട്ടിഫിക്കറ്റുകളിലുള്ള വൈരുധ്യത്തെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കേരളത്തിൽ പ്രാകൃത തെലുങ്ക് സംസാരിക്കുന്നവരും, പ്രത്യേക ആചാരാനുഷ്ഠാനങ്ങളോടെ ജീവിക്കുന്നവരുമാണ് ഇവർ.
കുംഭാര കോളനി എന്ന പേരിലുള്ള അവഹേളനവും,ജാതീയ അധിക്ഷേപവും നേരിട്ട് വർഷങ്ങളായി ഈ വിഭാഗം ഒറ്റപ്പെട്ട അവസ്ഥയിലാണ്. കുംഭാര സമുദായത്തിൻ്റെ ജാതി സർട്ടിഫിക്കറ്റിൽ നിറയെ ആശയ കുഴപ്പങ്ങളാണ്. രക്ഷിതാക്കളുടെ സർട്ടിഫിക്കറ്റിൽ ആദി ആന്ധ്ര,ആദി ദ്രാവിഡ എന്നും കുട്ടികളുടെ സർട്ടിഫിക്കറ്റിൽ കുംഭാരൻ,കുലവൻ, കുശവൻ എന്നിങ്ങനെയുമാണ് ജാതി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ജാതി വൈരുധ്യം കാരണം വർഷങ്ങളായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു എന്നാണ് ഇവരുടെ പരാതി.
ALSO READ: വാക്‌സിനെടുത്തിട്ടും പേവിഷബാധ; മലപ്പുറത്തെ 5 വയസുകാരിക്ക് ദാരുണാന്ത്യം
രക്ഷിതാക്കളുടെയും, മക്കളുടെയും ജാതി രേഖകളിലെ ആശയക്കുഴപ്പം നിമിത്തം വിദ്യാഭ്യാസം, ഉപരിപഠനം, സർക്കാർ ഉദ്യോഗങ്ങൾ, പെൻഷനടക്കമുള്ള സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണ് എന്നാണ് ഇവരുടെ പ്രധാന പരാതി. കുംഭാരൻ എന്നാണ് യഥാർഥ ജാതി പേര്. സർക്കാർ ഇത് അംഗീകരിച്ചതുമാണ്. എന്നാൽ വിവിധ ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ഈ വിഭാഗത്തിൻ്റെ ജാതി സർട്ടിഫിക്കറ്റുകളിൽ ആദി ആന്ധ്ര, ആദി ദ്രാവിഡ, ഗോസാങ്കി, കൊയപ്പാൻ, കുടുംബി കുലാല, കുംഭാരൻ, കുലവൻ, കുശവൻ എന്നിങ്ങനെ വിവിധ ജാതി പേരുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കുംഭാര സമുദായത്തിൽ ഉൾപ്പെട്ട ഒരു ലക്ഷത്തിൽ അധികം ആളുകളാണുള്ളത് സംസ്ഥാനത്തുള്ളത്. 1962-1987 കാലഘട്ടം വരെ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ജാതിപ്പേര് ആദി ആന്ധ്ര, എന്ന് രേഖപ്പെടുത്തപ്പെട്ടവരുടെ മക്കൾ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചപ്പോഴാണ് പ്രയാസം അനുഭവപ്പെട്ടത്.
ഒബിസി വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ് കുംഭാരൻ. ആദി, ആന്ധ്ര തുടങ്ങി യവ എസ്‌ടി വിഭാഗവുമാണ്. ഈ വൈരുദ്ധ്യത്തിൽ തട്ടിയാണ് ഇവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നത്. ആദി, ആന്ധ്ര എന്ന് തെറ്റായി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തപ്പെട്ടവർക്ക് ഗസറ്റ് വിജ്ഞാപനം വഴി കുംഭാരൻ എന്ന് തിരുത്താൻ നിയമമുണ്ട്. എന്നാൽ ഗസറ്റ് വിജ്ഞാപനത്തിനു മുന്നോടിയായി വില്ലേജ് - താലൂക്ക് ഓഫീസുകളിൽ ചെന്നാൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അധികൃതർ നടപടികൾ വൈകിപ്പിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലുള്ളവരുടെ ജാതി സർട്ടിഫിക്കറ്റുകളിലാണ് കൂടുതലും വൈരുദ്ധ്യമുള്ളത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ മാത്രം 7000 ത്തോളം പേരാണ് ജാതി സർട്ടിഫിക്കറ്റിലെ ഈ വൈരുദ്ധ്യം കാരണം ബുദ്ധിമുട്ടുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം കുംഭാര സമുദായത്തിൽ പെടുന്ന 2000ത്തിൽ കൂടുതൽ കുടുംബങ്ങളുണ്ട്. അതിൽ 40 വയസ് കഴിഞ്ഞ എല്ലാവരുടെയും എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ജാതി പേര് ആദി ആന്ധ്ര എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മലപ്പുറം ജില്ലയിൽ 4000 കുടുംബങ്ങളാണ് കുംഭാര സമുദായത്തിലുള്ളത്. ഇവരിൽ പലരുടെയും ജാതി സർട്ടിഫിക്കറ്റുകളിൽ ആദി ദ്രാവിഡ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട് ജില്ലയിലെ 700ലധികം കുടുംബങ്ങളും ഇതേ പ്രതിസന്ധി അനുഭവിക്കുന്നു.ചിലരൊക്കെ ഗസറ്റ് വിജ്ഞാപനം വഴി ജാതി പേര് കുംഭാരൻ എന്ന് മാറ്റിയിരുന്നു. ഇത് ചെയ്യാൻ പറ്റാത്തവരാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്.
കുംഭാരൻ എന്ന പേരിൽ ജാതി ഏകീകരണം നടത്തണമെന്ന ആവശ്യമുന്നയിച്ച് പലതവണ ഇവർ അധികൃതരെ സമീപിച്ചിരുന്നു. രക്ഷിതാക്കളുടെ ജാതി തന്നെ കുട്ടികളുടെ സർട്ടിഫിക്കറ്റിൽ വേണമെന്ന് പറയുമ്പോഴും അത് തിരുത്താൻ ആകുന്നില്ല എന്നതാണ് പ്രധാന പ്രതിസന്ധി. കഴിഞ്ഞ 37 വർഷമായി കേരള കുംഭാരസഭ പ്രശ്ന പരിഹാരത്തിനുള്ള പോരാട്ടത്തിലാണ്.