പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കുന്നതിൽ വിമുഖത കാണിക്കുന്നുവെന്നാണ് പരാതിക്കാരൻ്റെ ആരോപണം
തിരുവനന്തപുരം വർക്കലയിൽ അഭിഭാഷകനെയും യുവാവിനെയും മർദിച്ചതായി പരാതി. അഭിഭാഷകനായ അജിൻ പ്രഭ, കൃഷ്ണദാസ് എന്നിവരെയാണ് സഹോദരങ്ങളായ ജയേഷും ജഗദീഷും ചേർന്ന് മർദിച്ചത്. വസ്തു സംബന്ധമായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് അഡ്വ. അജിൻ പ്രഭ പറഞ്ഞു.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വർക്കല ചെറുന്നിയൂർ കട്ടിംഗിലെ സ്വകാര്യ സ്ഥലത്തെത്തിയ അഭിഭാഷകൻ അജിൻ പ്രഭ, കൃഷ്ണദാസ് എന്നിവർക്കാണ് മർദനമേറ്റത്. കൃഷ്ണദാസിൻ്റെ സ്ഥലക്കേസുമായി ബന്ധപ്പെട്ട് അതിർത്തി പരിശോധിക്കുമ്പോഴായിരുന്നു ആക്രമണം. സഹോദരങ്ങളായ ജയേഷും ജഗദീഷും പ്രകോപിതരായി കൃഷ്ണദാസിനെ മൺവെട്ടിയും തടിക്കഷണവും ഉപയോഗിച്ച് ക്രൂരമായി മർദിച്ചു.
ALSO READ: ആലപ്പുഴ ഹൈബ്രിഡ് കേസുമായി സിനിമാ നടന്മാർക്ക് ബന്ധമില്ലെന്ന് എക്സൈസ്
ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഗുരുതര പരിക്കേറ്റ കൃഷ്ണദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വർക്കല പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കുന്നതിൽ വിമുഖത കാണിക്കുന്നുവെന്നാണ് പരാതിക്കാരൻ്റെ ആരോപണം. എന്നാൽ സംഭവം അന്വേഷിക്കുകയാണെന്നും പരിശോധനയ്ക്ക് ശേഷം കേസ് രജിസ്ട്രർ ചെയ്യുമെന്നും പേൊലീസ് പറഞ്ഞു. വിഷയത്തിൽ പൊലീസിൻ്റെ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.