ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എൻ കരുൺ ഈ ലോകത്തോട് വിട പറഞ്ഞത്.
വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ. കരുണിന് വിട നൽകാൻ നാട്. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ശാന്തികവാടത്തിൽ നടക്കും. രാവിലെ 10 മണിമുതൽ തിരുവനന്തപുരം കലാഭവൻ തീയേറ്ററിലും, പിന്നീട് വീട്ടിലും പൊതുദർശനം ഉണ്ടാകും.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എൻ കരുൺ ഈ ലോകത്തോട് വിട പറഞ്ഞത്. വഴുതക്കാടിലെ വസതിയായ 'പിറവി'യിലായിരുന്നു അന്ത്യം. കാൻസർ രോഗബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
പ്രശസ്ത സംവിധായകൻ അരവിന്ദന്റെ കാഞ്ചനസീതയിലൂടെയാണ് ഷാജി സ്വതന്ത്ര ഛായാഗ്രാഹകനായത്. 40ഓളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. കെ.ജി. ജോര്‍ജിന്റെ ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ഹരിഹരന്‍റെ പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍ എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
പിറവി(1988 ), സ്വം(1994 ), വാനപ്രസ്ഥം(1999 ), നിഷാദ്(2002 ), കുട്ടിസ്രാങ്ക്(2009 ), സ്വപാനം(2013 ), ഓള് (2018 ) എന്നിങ്ങനെ ഏഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു.ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.