പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് വിൻസി അലോഷ്യസിൽ നിന്ന് എക്സൈസ് വകുപ്പ് വിവരങ്ങൾ തേടുന്നത്
സിനിമ സെറ്റിലെ നടന്റെ ലഹരി ഉപയോഗത്തെ സംബന്ധിച്ച വെളിപ്പെടുത്തലിനു പിന്നാലെ വിൻസി അലോഷ്യസിൽ നിന്നും വിവരങ്ങൾ തേടാൻ എക്സൈസ്. പരാതിയുണ്ടെങ്കിൽ മാത്രമാകും കേസെടുത്ത് അന്വേഷണം നടത്തുക. സിനിമാ സെറ്റിൽ നടൻ ലഹരി ഉപയോഗിച്ചത് കണ്ടു എന്ന വെളിപ്പെടുത്തലിലാണ് വിൻസിയിൽ നിന്നും വിവരങ്ങൾ തേടുക.
പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് വിൻസി അലോഷ്യസിൽ നിന്ന് എക്സൈസ് വകുപ്പ് വിവരങ്ങൾ തേടുന്നത്. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രം കേസ് എടുക്കാനാവില്ല. വിൻസിയിൽ നിന്നും കൂടുതൽ വിവരങ്ങളും തെളിവുകളും ലഭിച്ചാൽ മാത്രമാകും കേസ് രജിസ്റ്റർ ചെയ്യുക. കൊച്ചി എക്‌സൈസാണ് നടിയിൽ നിന്നും കൂടുതല്‍ വിവരങ്ങൾ ശേഖരിക്കുക.
ലഹരി ഉപയോഗിക്കുന്നതായി തനിക്ക് ബോധ്യമുള്ളവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ് പറഞ്ഞിരുന്നു. ഒപ്പം അഭിനയിക്കുന്ന നടൻ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി. ഈ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ലെന്ന് നടി പറഞ്ഞത്. ലഹരിക്കെതിരായ പരിപാടിയിലായിരുന്നു വിൻസി നിലപാട് വ്യക്തമാക്കിയത്. തുടർന്ന് വിഷയത്തിൽ വ്യക്തത വരുത്തി നടി വീണ്ടും രംഗത്തെത്തുകയായിരുന്നു.
Also Read: വിൻസി അലോഷ്യസിന് പിന്തുണയുമായി A.M.M.A; പരാതി നൽകിയാൽ നടപടിയെടുക്കുമെന്ന് ജയൻ ചേർത്തല
ഒരു സിനിമയിൽ അഭിനയിക്കുന്ന സമയത്ത്, അതിലെ പ്രധാന നടനിൽ നിന്ന് മോശം അനുഭവമുണ്ടായി. മയക്കുമരുന്ന് ഉപയോഗിച്ച് ശേഷം നടൻ മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് വിൻസി വെളിപ്പെടുത്തിയത്. അത് കാരണം ഈ നടനൊപ്പം തനിക്ക് തുടർന്ന് പ്രവർത്തിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. “എന്റെ വസ്ത്രം ശരിയാക്കാൻ പോയപ്പോൾ, ‘ഞാൻ റെഡിയാക്കാൻ സഹായിക്കാം’ എന്ന് പറഞ്ഞ് അദ്ദേഹത്തിനും എന്റെ കൂടെ വരാൻ തുനിഞ്ഞുവെന്നും വിൻസി പറഞ്ഞു. ഇത് എല്ലാവരുടെയും മുന്നിൽ വെച്ചാണ് പറഞ്ഞത്, ഒരു സീൻ നോക്കുന്നതിനിടെ നടൻ്റെ വായിൽ നിന്ന് വെളുത്ത എന്തോ ഒന്ന് മേശപ്പുറത്തേക്ക് വീണു. അദ്ദേഹം സെറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു എന്നത് വളരെ വ്യക്തമായിരുന്നു, അത് ചുറ്റുമുള്ള എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കി. അത് അംഗീകരിക്കാനാവില്ല,” അതിനെ തുടര്‍ന്നാണ് അത്തരക്കാര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്നും നടി പറഞ്ഞു.
വിൻസി അലോഷ്യസിന് പിന്തുണയുമായി എഎംഎംഎയും രംഗത്തെത്തിയിട്ടുണ്ട്. വിൻസി പരാതി നൽകിയാൽ എഎംഎംഎ നടപടിയെടുക്കുമെന്ന് സംഘടനയുടെ അഡ്ഹോക് ഭാരവാഹിയായ ജയൻ ചേർത്തല പറഞ്ഞു. വിൻസിയോട് സംസാരിച്ചു. പരാതി നൽകാം എന്ന് വിൻസി അറിയിച്ചതായും ജയന്‍ ചേർത്തല അറിയിച്ചു.