fbwpx
സിനിമയില്‍ എനിക്ക് പിറക്കാതെ പോയ അമ്മ; കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ മഞ്ജു വാര്യര്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Sep, 2024 09:20 AM

ഇങ്ങനെയൊരമ്മയുണ്ടായിരുന്നെങ്കില്‍ എന്ന് കാണുന്നവരെ മുഴുവന്‍ കൊതിപ്പിക്കാനായി എന്നതാണ് പൊന്നമ്മച്ചേച്ചിയുടെ അഭിനയത്തിന്റെ ഭംഗിയെന്ന് മഞ്ജു വാര്യര്‍

MALAYALAM MOVIE



നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അനുശോചിച്ച് മഞ്ജു വാര്യര്‍. മലയാള സിനിമയില്‍ അമ്മയെന്നാല്‍ പൊന്നമ്മ ചേച്ചിയാണ്. ചേച്ചിയുടെ മക്കളായി അഭിനയിക്കാത്തവര്‍ അപൂര്‍വം. അതിലൊരാളാണ് ഞാന്‍. സിനിമയില്‍ തനിക്ക് പിറക്കാതെ പോയ അമ്മയാണ് പൊന്നമ്മച്ചേച്ചിയെന്ന് മഞ്ജു പറഞ്ഞു.

ഇങ്ങനെയൊരമ്മയുണ്ടായിരുന്നെങ്കില്‍ എന്ന് കാണുന്നവരെ മുഴുവന്‍ കൊതിപ്പിക്കാനായി എന്നതാണ് പൊന്നമ്മച്ചേച്ചിയുടെ അഭിനയത്തിന്റെ ഭംഗി.

സുകുമാരിയമ്മ, മീനച്ചേച്ചി, ശ്രീവിദ്യാമ്മ, കെ.പി.എ.സി ലളിതച്ചേച്ചി എന്നിങ്ങനെ മലയാളികള്‍ ഇന്നലെകളില്‍ സ്നേഹിച്ച അമ്മമാരൊക്കെയാത്രയായി. അമ്മമാര്‍ പോകുമ്പോള്‍ മക്കള്‍ അനാഥരാകും. അത്തരം ഒരു അനാഥത്വമാണ് മലയാളസിനിമയും ഈ നിമിഷം അനുഭവിക്കുന്നതെന്ന് മഞ്ജു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.

ALSO READ : "പെറ്റമ്മയോളം സ്നേഹം പകർന്നു തന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി"; കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് മോഹന്‍ലാല്‍

മഞ്ജു വാര്യരുടെ വാക്കുകള്‍...

ഞാന്‍ പലപ്പോഴും ഓര്‍ത്ത് സങ്കടപ്പെട്ടൊരു കാര്യമുണ്ട്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മച്ചേച്ചിയുടെ മകളായി ഒരു സിനിമയില്‍പ്പോലും എനിക്ക് അഭിനയിക്കാനായിട്ടില്ല. മലയാളസിനിമയില്‍ അമ്മയെന്നാല്‍ പൊന്നമ്മച്ചേച്ചിയാണ്. ചേച്ചിയുടെ മക്കളായി അഭിനയിക്കാത്തവര്‍ അപൂര്‍വം. അതിലൊരാളാണ് ഞാന്‍. സിനിമയില്‍ എനിക്ക് പിറക്കാതെ പോയ അമ്മയാണ് പൊന്നമ്മച്ചേച്ചി!

അതുകൊണ്ടുതന്നെ എന്റെ ഓര്‍മയില്‍ ഞങ്ങളൊരുമിച്ചുള്ള രംഗങ്ങളില്ല. പക്ഷേ പലയിടങ്ങളില്‍ വച്ചുള്ള കൂടിക്കാഴ്ചകളില്‍ ഞാന്‍ ആ അമ്മമനസ്സിലെ സ്‌നേഹം അടുത്തറിഞ്ഞു. ചേച്ചിയുടെ സഹോദരി കവിയൂര്‍ രേണുകച്ചേച്ചിയുമൊത്ത് 'കണ്ണെഴുതിപൊട്ടും തൊട്ട്' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ചില ആംഗിളുകളില്‍ പൊന്നമ്മച്ചേച്ചിയെ ഓര്‍മിപ്പിക്കും രേണുകച്ചേച്ചിയും. അന്ന് കണ്‍മുന്നില്‍ പൊന്നമ്മച്ചേച്ചിയുള്ളതുപോലെ തോന്നിയിട്ടുണ്ട്,  പലവട്ടം. കുട്ടിക്കാലം തൊട്ടേ അമ്മയായി മാത്രമേ പൊന്നമ്മച്ചേച്ചിയെ സിനിമയില്‍ കണ്ടിട്ടുള്ളൂ.

ഇങ്ങനെയൊരമ്മയുണ്ടായിരുന്നെങ്കില്‍ എന്ന് കാണുന്നവരെ മുഴുവന്‍ കൊതിപ്പിക്കാനായി എന്നതാണ് പൊന്നമ്മച്ചേച്ചിയുടെ അഭിനയത്തിന്റെ ഭംഗി. നമ്മുടെ വീട്ടുമുറ്റത്തുനിന്നോ അടുക്കളയില്‍ നിന്നോ പൂജാമുറിയില്‍ നിന്നോ സ്‌ക്രീനിലേക്ക് കയറി വന്നൊരാള്‍ എന്നേ തോന്നുമായിരുന്നുള്ളൂ പൊന്നമ്മച്ചേച്ചിയെ കാണുമ്പോള്‍. അത്രത്തോളം സ്വാഭാവികമായ ശൈലി. യഥാര്‍ഥത്തില്‍ അത് അഭിനയമായിരുന്നില്ല, ഒരമ്മയുടെ പെരുമാറ്റമായിരുന്നു.

പൊന്നമ്മച്ചേച്ചി കൂടി പോകുന്നതോടെ അത്തരം അമ്മമാരുടെ പരമ്പരയുടെ അവസാനകണ്ണി കൂടിയാണ് ഇല്ലാതാകുന്നത്. സുകുമാരിയമ്മ, മീനച്ചേച്ചി, ശ്രീവിദ്യാമ്മ, കെ.പി.എ.സി ലളിതച്ചേച്ചി...ഇന്നലെകളില്‍ നമ്മള്‍ സ്‌നേഹിച്ച അമ്മമാരൊക്കെ യാത്രയായി. അമ്മമാര്‍ പോകുമ്പോള്‍ മക്കള്‍ അനാഥാരാകും. അത്തരം ഒരു അനാഥത്വമാണ് മലയാളസിനിമയും ഈ നിമിഷം അനുഭവിക്കുന്നത്.

ALSO READ : "ഇനിയൊരു ജന്മമുണ്ടെങ്കിൽ കവിയൂർ പൊന്നമ്മയായി തന്നെയായി ജനിക്കണം, ജീവിതത്തിലെ വലിയൊരു സങ്കടമായിരുന്നു അത്"

കാന്‍സര്‍ രോഗബാധിതയായി ചികിത്സയില്‍ കഴിയവെ എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ അന്ത്യം. ഇന്ന് രാവിലെ ഒമ്പത് മണിമുതൽ ഉച്ചയ്ക്ക് 12 മണി വരെ കളമശ്ശേരി ടൗണ്‍ ഹാളില്‍ നടക്കുന്ന പൊതുദർശനത്തിന് ശേഷം വൈകിട്ട് നാല് മണിയോടെ ആലുവയിലെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.

ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ കവിയൂർ പൊന്നമ്മ 700ലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 1945 സെപ്തംബര്‍ 10ന് പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ ആണ് ജനനം. അന്തരിച്ച പ്രശസ്ത സിനിമ-നാടക നടിയായിരുന്ന കവിയൂര്‍ രേണുക സഹോദരിയാണ്.

അവസാന നാളുകളില്‍ പറവൂര്‍ കരിമാളൂരിലെ വീട്ടില്‍ സഹോദരനും കുടുംബത്തിനുമൊപ്പമായിരുന്നു കവിയൂര്‍ പൊന്നമ്മ താമസിച്ചിരുന്നത്. സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയായിരുന്നു ഭര്‍ത്താവ്. ഏക മകള്‍ ബിന്ദു അമേരിക്കയിലാണ്.

നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. കെപിഎസിയുടെ ഗായികയായിട്ടാണ് അരങ്ങത്തേക്ക് എത്തിയത്.

IPL 2025
RR vs RCB | IPL 2025 | അവസാന രണ്ടോവറിൽ കളി തിരിച്ച് ആർസിബി ബൗളർമാർ, രാജസ്ഥാന് ഞെട്ടിക്കുന്ന തോൽവി
Also Read
user
Share This

Popular

IPL 2025
BOLLYWOOD MOVIE
RR vs RCB | IPL 2025 | അവസാന രണ്ടോവറിൽ കളി തിരിച്ച് ആർസിബി ബൗളർമാർ, രാജസ്ഥാന് ഞെട്ടിക്കുന്ന തോൽവി