fbwpx
എം.വി. ഗോവിന്ദന്‍ സ്‌നേഹത്തോടെ സ്വീകരിച്ചു, കൂടിക്കാഴ്ച ആത്മവിശ്വാസം വര്‍ധിപ്പിച്ചു; സരിന് പൂര്‍ണ പിന്തുണയെന്ന് എ.കെ. ഷാനിബ്
logo

ന്യൂസ് ഡെസ്ക്

Last Updated : 31 Oct, 2024 06:33 PM

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ധാര്‍ഷ്ട്യത്തിന് മറുപടിയുണ്ടാകുമെന്നും ഷാനിബ് വ്യക്തമാക്കി.

KERALA BYPOLL



എം.വി. ഗോവിന്ദനുമായുള്ള കൂടിക്കാഴ്ച ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ. ഷാനിബ്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി. സരിനായിരിക്കും തന്റെ പൂര്‍ണ പിന്തുണയെന്നും ഷാനിബ് മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ധാര്‍ഷ്ട്യത്തിന് മറുപടിയുണ്ടാകുമെന്നും ഷാനിബ് വ്യക്തമാക്കി. അതേസയമം സിപിഎമ്മില്‍ ചേരുന്നത് ആലോചിച്ചിട്ടില്ലെന്നും ഷാനിബ് പറഞ്ഞു.

'സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി. വളരെ സ്‌നേഹത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അദ്ദേഹവുമായി ചര്‍ച്ച ചെയ്തത്. കൂടിക്കാഴ്ചയ്ക്ക് ശേഷം എന്റെ ആത്മവിശ്വാസം വര്‍ധിച്ചു. കോണ്‍ഗ്രസിലെ ചില നേതാക്കളുടെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും മറുപടി നല്‍കും. അതു ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായിട്ടായിരിക്കും ഞാന്‍ മുന്നോട്ട് പോവുക. സിപിഎമ്മില്‍ ചേരുന്നതിനെക്കുറിച്ചോ ഭാവി രാഷ്ട്രീയ നടപടിയെക്കുറിച്ചോ ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ല,' ഷാനിബ് പറഞ്ഞു.

ALSO READ: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; പിന്തുണ പി.സരിന്: എ.കെ. ഷാനിബ്


ഈ വിഷയത്തില്‍ നിര്‍ണായകമായ തീരുമാനം എടുക്കേണ്ടി വരുമെന്നും സരിന് വോട്ട് ഉറപ്പാക്കുന്നതിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടത്തുമെന്നും എ.കെ. ഷാനിബ് പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചാണ് എ.കെ. ഷാനിബ് കോണ്‍ഗ്രസ് വിട്ടത്. ഷാഫിക്ക് വേണ്ടി പാര്‍ട്ടി തെരഞ്ഞെടുപ്പ് രീതിയും ഭരണഘടനയും വരെ മാറ്റിയെന്നും ബിജെപി രണ്ടാം സ്ഥാനത്തുള്ള പാലക്കാട് നിന്നും ഷാഫി വടകരക്ക് പോയത് കരാറിന്റെ ഭാഗമായാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മുസ്ലീം സ്ഥാനാര്‍ഥി വടകരയില്‍ വേണമെന്നത് ആരുടെ തീരുമാനമാണെന്നും മുല്ലപ്പള്ളിയും കെ. മുരളീധരനും മുസ്ലീം ആയിട്ടാണോ വിജയിച്ചതെന്നും ഷാനിബ് ചോദിച്ചു. പാലക്കാട് -വടകര - ആറന്മുള കരാറാണ് ഇപ്പോള്‍ നടന്നതെന്നും ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ.മുരളീധരനെന്നുമായിരുന്നു മറ്റൊരു ആരോപണം.

പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതു മുതല്‍ പാര്‍ട്ടിക്കുള്ളിലെ ചില അസ്വാരസ്യങ്ങള്‍ പുറത്തുവന്നിരുന്നു. പാര്‍ട്ടി തീരുമാനത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച് പി. സരിന്‍ പുറത്തുപോയതിനു പിന്നാലെയാണ് ഷാനിബും കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയത്.


KERALA
പുസ്തകങ്ങളുടെ പൂമുഖത്ത് മലയാളിയെ പിടിച്ചിരുത്തിയ എം.ടി
Also Read
user
Share This

Popular

KERALA
KERALA
മലയാളത്തിന്റെ മഞ്ഞ് കാലം മാഞ്ഞു; എംടിയെ യാത്രയാക്കി കേരളം