fbwpx
അഖിലേഷിന്റെ 'പിഡിഎ'; അയോധ്യക്കും രാംമന്ദിറിനുമൊപ്പം ബിജെപിയും തോറ്റുപോയ രാഷ്ട്രീയനീക്കം
logo

കവിത രേണുക

Last Updated : 27 Jun, 2024 05:58 AM

അയോധ്യയെ രാഷ്ട്രീയ ആയുധമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്കേറ്റ കനത്ത പ്രഹരമായിരുന്നു അയോധ്യ ഉള്‍പ്പെട്ട ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ ദളിത് നേതാവും എസ്.പിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ അവധേശ് പ്രസാദിന്റെ വിജയം.

National

കാലങ്ങളായി ബിജെപി മന്ത്രം പോലെ ജപിച്ചുകൊണ്ടിരിക്കുന്ന വാക്കുകളാണ് രാമനും രാംമന്ദിറും. ഇന്ത്യയെ ഹിന്ദു രാജ്യമാക്കുക എന്ന സംഘപരിവാറിന്റെ ആദ്യഘട്ട ലക്ഷ്യങ്ങിലൊന്നായാണ് ബാബ്റി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം പണിയാനുള്ള തീരുമാനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 1984ൽ ധര്‍മ സന്‍സദ്, വിശ്വഹിന്ദു പരിഷത് എന്നീ സംഘടനകള്‍ ചേര്‍ന്ന് നടത്തിയ യോഗത്തിലെ ഏറ്റവും വലിയ പ്രഖ്യാപനമായിരുന്നു ഉത്തര്‍പ്രദേശിലെ ഫൈസാബാദിലെ (ഇന്നത്തെ അയോധ്യ) കാശിയിലും മഥുരയിലും മുസ്ലീം നിര്‍മിതിയിലുള്ള പള്ളികള്‍ പൊളിച്ച് ഈ പ്രദേശങ്ങള്‍ സ്വതന്ത്രമാക്കണമെന്നത്.

'അയോധ്യ ബാബ്റി സിര്‍ഫ് ജാന്‍കി ഹേ, കാശി, മഥുര അബ് ബാക്കി ഹേ'(അയോധ്യ ബാബ്റി ഒരു തുടക്കം മാത്രം, കാശിയും മഥുരയും പിന്നാലെ) എന്ന മുന്നറിയിപ്പ് മുദ്രാവാക്യം സംഘപരിവാര്‍ അക്കാലം മുതല്‍ മുഴുക്കുന്നുണ്ട്. ഇതിന്റെ ആദ്യ ചുവടുവെപ്പെന്നോണമാണ് 1992 ഡിസംബര്‍ ആറിന് ആയിരത്തോളം കര്‍സേവകര്‍ എന്ന് വിളിക്കുന്ന തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ ബാബ്റി മസ്ജിദിലേക്ക് ഇരച്ചെത്തുന്നതും, 1528 മുതലുള്ള പള്ളിയെ നിഷ്‌കരുണം തകര്‍ക്കുന്നതും.

undefined

അയോധ്യ രാമക്ഷേത്രം പൂര്‍ണമാവുന്നു എന്ന സാഹചര്യമെത്തിയതോടെ വരാണാസി (കാശി)യിലെ ഷാഹി ഈദ് ഗാഹ് പള്ളിക്കും മഥുരയിലെ ഗ്യാന്‍വാപി മസ്ജിദിനുമെതിരെയും കരുനീക്കമാരംഭിച്ചു. ബാബ്റി മസ്ജിദിനടിയില്‍ ഹിന്ദുക്ഷേത്രം നിലനിന്നിരുന്നുവെന്ന അതേ വാദമാണ് ഈ രണ്ട് പള്ളികളിലും സര്‍വേ നടത്തുന്നതിനായി മുന്നോട്ടുവെച്ച ആരോപണം. പള്ളികളില്‍ സര്‍വേ നടത്തുന്നതിനായി കോടതികളില്‍ നിന്ന് അനുമതിയും ഇതിനോടകം ലഭിച്ചു കഴിഞ്ഞു.

പത്ത് വര്‍ഷമായി ഇന്ത്യ ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ അധികാര കാലഘട്ടത്തില്‍ ഏറ്റവും വലിയ പ്രധാന്യത്തോടെ നിര്‍വഹിച്ച കര്‍ത്തവ്യമായിരിക്കും രാമക്ഷേത്ര നിര്‍മാണം. ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യത്തെ പ്രധാനമന്ത്രി തന്നെ ആ രാജ്യത്തെ ഒരു മതവിശ്വാസവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് കാര്‍മികത്വം നിര്‍വഹിക്കുന്നതും ആദ്യത്തെ കാഴ്ചയാണ്. അതിന്റെ പിന്നിലെ രാഷ്ട്രീയലക്ഷ്യങ്ങള്‍ മനസിലാക്കാന്‍ വലിയ രാഷ്ട്രീയ പഠനങ്ങള്‍ ആവശ്യവുമില്ലായിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, അയോധ്യയെയും രാം മന്ദിറിനെയും വലിയ നേട്ടമായി ഉയര്‍ത്തിക്കാട്ടിയായിരുന്നു ബിജെപിയുടെ പ്രചാരണം. എന്നാല്‍ അത് വിലപോയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഉത്തര്‍പ്രദേശില്‍നിന്നുള്ള തെരഞ്ഞെടുപ്പ് ഫലം.

undefined

യു.പി മൂന്ന് വര്‍ഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം-താരതമ്യം

ബിജെപിയും മോദി സര്‍ക്കാരും രാമക്ഷേത്ര നിര്‍മാണത്തിനും അതിന്റെ പ്രചരണത്തിനുമായി വലിയ തോതില്‍ ഊര്‍ജം ചെലവഴിച്ചിട്ടും ഉത്തര്‍പ്രദേശില്‍ എന്തുകൊണ്ടായിരിക്കാം വലിയ പരാജയം നേരിടേണ്ടി വന്നത്? 2014, 2019, 2024 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ലഭിച്ച സീറ്റുകളിലെ വ്യത്യാസം സുവ്യക്തമാണ്.

2014ല്‍ ബിജെപിയും അപ്നാദളും സഖ്യമായാണ് മത്സരിച്ചത്. ആകെയുള്ള 80 സീറ്റുകളില്‍ ബിജെപി 78 സീറ്റുകളിലും അപ്നാദള്‍ രണ്ട് സീറ്റുകളിലുമാണ് മത്സരിച്ചത്. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുപിയില്‍ കേവലം 10 സീറ്റുകള്‍ മാത്രം നേടിയ ബിജെപി 2014ല്‍ സീറ്റുകളുടെ എണ്ണം 71ലേക്ക് ഉയര്‍ത്തി. അതായത് മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 61 സീറ്റിന്റെ അധിക നേട്ടം. അപ്നാദള്‍ നേടിയ രണ്ട് സീറ്റും കൂടി ചേര്‍ത്താല്‍ 2014ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം 73 സീറ്റുകളാണ് നേടിയത്. 2009ല്‍ 23 സീറ്റുകളില്‍ വിജയിച്ച സമാജ് വാദി പാര്‍ട്ടി 2014ല്‍ അഞ്ച് സീറ്റുകളിലേക്ക് ചുരുങ്ങി. അതേസമയം, 21 സീറ്റുണ്ടായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലേക്കും ചുരുങ്ങി. കോണ്‍ഗ്രസിന്റെ നേട്ടം രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും സീറ്റുകള്‍ മാത്രമായിരുന്നു.

undefined

2019ല്‍ ബിജെപിയുടെ സീറ്റ് നേട്ടം 69 ആയി കുറഞ്ഞു. 2014നെ അപേക്ഷിച്ച് ഒന്‍പത് സീറ്റുകളുടെ കുറവുണ്ടായി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട അവസരം കൂടിയായിരുന്നു അത്. 1990കളില്‍ ഉത്തര്‍പ്രദേശില്‍ ചരിത്രം സൃഷ്ടിച്ച മഹാഗഢ്ബന്ധന്‍ എന്ന സഖ്യം പുനരവതരിച്ചു. എസ്.പിയെയും രാഷ്ട്രീയ ലോക് ദളിനെയും മറ്റു വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളെയും ഒരുമിച്ചുനിര്‍ത്തിയാണ് മഹാഗഢ്ബന്ധന്‍ 2019ല്‍ ഉത്തര്‍പ്രദേശില്‍ മത്സരിച്ചത്. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസുമടക്കുള്ള പാര്‍ട്ടികള്‍ മഹാഗഢ്ബന്ധന് പിന്തുണ നല്‍കുകയും ചെയ്തു. മായാവതിയുടെ ബി.എസ്.പി പത്ത് സീറ്റുകളും അഖിലേഷ് യാദവിന്റെ എസ്.പി അഞ്ച് സീറ്റുകളും നേടി. ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയത് കോണ്‍ഗ്രസായിരുന്നു. അമേഠിയിലും വയനാട്ടിലും മത്സരിച്ച രാഹുല്‍ ഗാന്ധിയെ തുണച്ചത് വയനാട് മാത്രമായിരുന്നു. സിറ്റിംഗ് സീറ്റായ അമേഠിയില്‍ കനത്ത പരാജയം നേരിട്ടതോടെ യുപിയില്‍ കോണ്‍ഗ്രസ് ഒരു സീറ്റിലേക്ക് ഒതുങ്ങി. കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റായ റായ്ബറേലിയില്‍ സോണിയ ജയിച്ചു.

2014നെ അപേക്ഷിച്ച് 2019ല്‍ ഉത്തര്‍പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും മുന്നേറ്റമുണ്ടാക്കിയതായി കാണാനാകും. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് ഉണ്ടെന്ന് പറഞ്ഞിരുന്ന അധീശത്വം 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും ഇടിഞ്ഞു. 2024ല്‍ ബിജെപിയുടെ നേട്ടം 33 സീറ്റുകളിലേക്ക് ഒതുങ്ങി. സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടി. അതേസമയം, സമാജ് വാദി പാര്‍ട്ടി 37 സീറ്റുകളിലേക്ക് ഉയര്‍ന്നു. രാഹുല്‍ ഗാന്ധി മത്സരിച്ച റായ്ബറേലി അടക്കം ആറ് സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസും വലിയ മുന്നേറ്റം നടത്തി.

undefined

അഖിലേഷിന്റെ പി.ഡി.എയും ദളിത്, പിന്നാക്ക മുന്നേറ്റവും

അയോധ്യയെ രാഷ്ട്രീയ ആയുധമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്കേറ്റ കനത്ത പ്രഹരമായിരുന്നു അയോധ്യ ഉള്‍പ്പെട്ട ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ ദളിത് നേതാവും എസ്.പിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ അവധേശ് പ്രസാദിന്റെ വിജയം. 'യഥാര്‍ഥ രാമ ഭക്തര്‍ നമ്മളാണ്, രാമന്റെ പേരില്‍ രാഷ്ട്രീയം കളിക്കുക മാത്രമാണ് ബിജെപി ചെയ്തത്' എന്നായിരുന്നു തന്റെ ചരിത്ര വിജയത്തിന് ശേഷം അവധേശ് പ്രസാദ് പറഞ്ഞത്. യുപിയിലെ തന്നെ വരാണസിയില്‍ മത്സരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം വന്‍ തോതില്‍ കുറഞ്ഞതും ശ്രദ്ധേയമാണ്.

ഉത്തര്‍പ്രദേശില്‍, മാറ്റത്തിന്റെ കാറ്റ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ തന്നെ വീശിയിരുന്നുവെന്ന് പറയാം. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ എസ്.പിക്ക് 47 സീറ്റുകള്‍ മാത്രമാണ് നേടാനായത്. എന്നാല്‍ 2022ലേക്കെത്തിയപ്പോള്‍ ബിജെപിയുടെ കോട്ടകളെ ഇളക്കി 111 സീറ്റുകളുടെ നേട്ടമുണ്ടാക്കാന്‍ എസ്പിക്ക് സാധിച്ചു. ബി.എസ്.പി ഒരു സീറ്റിലേക്ക് ചുരുങ്ങുകയും ചെയ്തു.

undefined

രാജ്യം ഉറ്റുനോക്കിയ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ സംഘ് വിരുദ്ധ സാന്നിധ്യമായി ഉത്തര്‍പ്രദേശിന് മാറാന്‍ സാധിച്ചതില്‍ വലിയ ഒരു ഘടകം ദളിത് വോട്ടുകളിലുണ്ടായ മാറ്റമാണ്. സെന്റര്‍ ഫോര്‍ ദ സറ്റ്ഡി ഓഫ് ഡെവലപിംഗ് സൊസൈറ്റി-ലോക്‌നീതി തെരഞ്ഞെടുപ്പിനു ശേഷം നടത്തിയ സര്‍വേയുടെ, ദ ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, വെറും അഞ്ച് സീറ്റില്‍ നിന്ന് 37 സീറ്റിലേക്കുള്ള എസ്.പിയുടെ കുതിച്ചു ചാട്ടത്തിന് യാദവ, മുസ്ലീം വോട്ടുകളുടെ പ്രധാന്യം വളരെ വലുതാണെന്ന് പറയുന്നു. 92 ശതമാനം മുസ്ലീങ്ങളും 82 ശതമാനം വരുന്ന യാദവരും ഇന്ത്യ സഖ്യത്തിന് വോട്ട് ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എസ്.പി അടക്കമുള്ള ഇന്ത്യ സഖ്യത്തിന്റെ വിജയത്തിന് നോണ്‍-യാദവ, ദളിത് വോട്ടുകളും ലഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ വലിയ വിഭാഗം വരുന്ന ദളിത്, പിന്നാക്ക വിഭാഗങ്ങളെ ഒരുകുടക്കീഴില്‍ കൊണ്ടുവരാനും അത് വോട്ടാക്കിമാറ്റാനും അഖിലേഷ് യാദവ് എന്ന നേതാവ് കൊണ്ടുവന്ന 'പിഡിഎ' എന്ന സോഷ്യല്‍ എഞ്ചിനീയറിംഗ് വലിയ വിജയമായിരുന്നു. പിഡിഎ അഥവാ പിഛഡാ (പിന്നാക്കം), ദലിത്, അല്‍പ് സംഖ്യക് (ന്യൂനപക്ഷം) എന്നിങ്ങനെ, ദളിത് പിന്നാക്ക മേഖലയിലുള്ളവരെ ചേര്‍ത്താണ് 'പിഡിഎ' എന്ന ആശയത്തിലേക്ക് അഖിലേഷ് എത്തുന്നത്. ജില്ലാ തലത്തില്‍ 'പിഡിഎ' പഞ്ചായത്തുകള്‍ സംഘടിപ്പിക്കുകയും, അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി ഇവരെ ഒരു കുടക്കീഴില്‍ ഒരുമിച്ച് ചേര്‍ക്കുകയുമായിരുന്നു അഖിലേഷ്.

undefined

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ജയത്തില്‍ നിര്‍ണായക ശക്തിയായി നിന്ന യാദവേതര, ഒബിസി വോട്ടുകള്‍ സമാഹരിക്കുക എന്നതുകൂടിയായിരുന്നു അഖിലേഷിന്റെ ലക്ഷ്യം. പിഡിഎ വലിയ മുന്നേറ്റമാകുമെന്നും 2024ല്‍ എന്‍ഡിഎയെ തകര്‍ക്കാന്‍ കെല്‍പ്പുള്ള ശക്തിയായി മാറുമെന്നും അഖിലേഷ് യാദവ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കൃത്യമായ കണക്കു കൂട്ടലുകള്‍ക്കൊപ്പം, ബിജെപിക്കുള്ളിലെ തര്‍ക്കങ്ങളെയും മുതലെടുത്തുകൊണ്ട് അഖിലേഷ് യാദവ്, എസ്പി എന്ന പാര്‍ട്ടിയെ മുന്‍നിര്‍ത്തി കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കണക്കുകൂട്ടലുകള്‍ കൂടിയാണ് ഉത്തര്‍പ്രദേശിലെ എന്‍ഡിഎയുടെ തകര്‍ച്ചയ്ക്ക് കാരണമായത്.

undefined

യുപി മുഖ്യമന്ത്രി ആദിത്യ നാഥും കേന്ദ്ര നേതൃത്വവും തമ്മില്‍ ശീത സമരം നടക്കുന്നതിനിടെയാണ് മുന്‍ കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യാനും ബിജെപി നേതാവ് സംഗീത് സോമും തമ്മിലുള്ള തര്‍ക്കവും പരസ്യമാകുന്നത്. സംസ്ഥാനത്ത് പാര്‍ട്ടിയിൽ നേതൃമാറ്റമുണ്ടാകുമെന്ന തരത്തിലുള്ള അഭ്യൂഹവും പ്രചരിക്കുന്നതിനിടെയാണ് യുപി ബിജെപിയിലെ നേതാക്കള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാകുന്നത്. ഇത്തരത്തില്‍ പാര്‍ട്ടിക്കകത്ത് നടക്കുന്ന വാക്‌പോരുകളും തര്‍ക്കങ്ങളും പരാജയത്തിലേക്ക് നയിച്ചിട്ടുണ്ടെന്ന വിലയിരുത്തലുകളും ബിജെപി ക്യാമ്പില്‍നിന്ന് വരുന്നുണ്ട്. കര്‍ഷക സമരവും പൗരത്വ പ്രക്ഷോഭവും രാജ്യത്തിനകത്ത് വലിയ അലയൊലികള്‍ സൃഷ്ടിച്ചതിനു ശേഷമുള്ള രാഷ്ട്രീയ ഭൂമികയില്‍, പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം രാജ്യത്താകെയുണ്ടാക്കിയ മുന്നേറ്റത്തിന്റെ ക്രെഡിറ്റിന്റെ വലിയൊരു പങ്ക് അഖിലേഷ് യാദവിനും എസ്.പിക്കും അവകാശപ്പെട്ടതാണ്.

undefined

CRICKET
35 പന്തിൽ 100; ഫാസ്റ്റസ്റ്റ് സെഞ്ചുറിയുമായി റെക്കോർഡിട്ട് ഐപിഎല്ലിലെ 'അൺസോൾഡ്' താരം
Also Read
user
Share This

Popular

NATIONAL
KERALA
'ഇനി സിനിമ ഹിറ്റടിക്കും'; പുഷ്പ 2 റിലീസ് ദിവസം യുവതി മരിച്ച വാര്‍ത്തയറിഞ്ഞ് അല്ലു അര്‍ജുന്‍ പറഞ്ഞു: തെലങ്കാന എംഎല്‍എ നിയമസഭയില്‍