വിവാഹത്തിന് നാല് മാസം മുൻപ് പിതാവ് മരിച്ചതോടെ ആസിയ അതീവദുഖിതയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു
ആലപ്പുഴയിൽ 22 കാരിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. കായംകുളം സ്വദേശി ആസിയയൊണ് കഴിഞ്ഞ ദിവസം ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലിൽ കണ്ടെത്തിയത്. യുവതി സ്വയം ജീവനൊടുക്കിയതാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഇംഗ്ലീഷിൽ എഴുതിയ ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്നും കണ്ടെടുത്തിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇതിനിടയിലാണ് ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയത്. ആസിയയുടെ മൃതദേഹം കാണാൻ ഭർത്താവ് മുനീറിനെ അനുവദിച്ചില്ല. മുനീറിനെ ബന്ധുക്കൾ കയ്യേറ്റം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
നാല് മാസം മുൻപാണ് കായംകുളം സ്വദേശിയായ ആസിയ ആലപ്പുഴ സ്വദേശി മുനീറിനെ വിവാഹം ചെയ്യുന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. കഴിഞ്ഞ ദിവസം ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ആസിയയെ കണ്ടെത്തിയത്. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടെയാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്.
ALSO READ: സ്ത്രീകൾ സുരക്ഷിതരല്ലാത്ത ആറ് രാജ്യങ്ങളിൽ ഇന്ത്യയും! ഗ്ലോബൽ പീസ് ഇൻഡക്സ് റിപ്പോർട്ട്
'പിതാവിന്റെ മരണത്തെ തുടർന്നുണ്ടായ മാനസിക വിഷമത്തിൽ മരണത്തെ പുൽകുന്നു' എന്നാണ് കത്തിലുള്ളത്. കത്ത് പോലീസ് വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിവാഹത്തിന് നാല് മാസം മുൻപ് പിതാവ് മരിച്ചതോടെ ആസിയ അതീവ ദുഃഖിതയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് നേരത്തെ സമൂഹ മാധ്യമത്തിൽ ആസിയ പങ്ക് വെച്ച സ്റ്റാറ്റസും പോലീസ് പരിശോധിച്ചു വരികയാണ്. ഗാർഹിക പീഡനം ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവത്തിൽ ആസിയയുടെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആസിയയുടെ മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.