എം.ആർ. അജിത് കുമാറിനെ ഡിജിപി ആക്കിയുള്ള സ്ഥാനക്കയറ്റം മന്ത്രിസഭ എടുത്തതിനെ പ്രതിനിധികൾ വിമർശിച്ചു
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനേയും വേദിയിലിരുത്തി സർക്കാരിനും പാർട്ടിക്കും വിമർശനം. ഭരണത്തിന്റെ തണലിൽ സഖാക്കൾക്ക് മൂല്യച്യുതി ഉണ്ടായെന്ന് സംഘടനാ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എം.ആർ. അജിത് കുമാറിനെ ഡിജിപി ആക്കിയുള്ള സ്ഥാനക്കയറ്റം മന്ത്രിസഭ എടുത്തതിനെ പ്രതിനിധികൾ വിമർശിച്ചു. ധന, തദ്ദേശ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും വിമർശനമുയർന്നു.
സംഘടനാ റിപ്പോർട്ടിലും തുടർന്ന് നടന്ന ചർച്ചയിലും രൂക്ഷമായ വിമർശനമാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉയർന്നത്. പാർട്ടിയിൽ അടിമുടി തിരുത്തൽ വേണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട് സംഘടനപരമായ വീഴ്ചകൾ തിരുത്തണമെന്നും വ്യക്തമാക്കി. ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി ബിജെപിയോട് അടുത്തത് അറിഞ്ഞവർ പാർട്ടിക്ക് റിപ്പോർട്ട് ചെയ്തില്ലെന്നും കുറ്റപ്പെടുത്തുന്നു.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം മെച്ചപ്പെടണമെന്ന് പറയുമ്പോഴും മേയർ ആര്യ രാജേന്ദ്രന് പൂർണ പിന്തുണയാണ് നൽകുന്നത്. എം.ആർ. അജിത്കുമാറിന് ഡിജിപിയായി മന്ത്രിസഭ സ്ഥാനക്കയറ്റം നൽകേണ്ടിയിരുന്നില്ലെന്ന് മുഖ്യമന്ത്രിയെ വേദിയിലിരുത്തി പ്രതിനിധികൾ വിമർശിച്ചു. കോടതി നിർദ്ദേശം ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. സർക്കാർ അത് ചെയ്യേണ്ടിയിരുന്നില്ലെന്നാണ് ചൂണ്ടിക്കാട്ടിയത്. ധനവകുപ്പ് പരാജയമാണെന്ന് വിമർശനവും ചർച്ചയിൽ ഉയർന്നു.
ധനകാര്യ മാനേജ്മെന്റ് പരാജയമാണെന്നും സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയുന്നില്ലെന്നുമാണ് കുറ്റപ്പെടുത്തൽ. ഡിവൈഎഫ്ഐ ചാരിറ്റി സംഘടനയായി മാറിയെന്ന് വിമർശിച്ച പ്രതിനിധികൾ ബഹുജന സംഘടനകളിലെ അംഗത്വക്കണക്ക് വ്യാജമാണെന്നും കുറ്റപ്പെടുത്തി. എസ്എഫ്ഐയിൽ പാർട്ടിയുടെ ശക്തമായ ഇടപെടൽ വേണമെന്ന ആവശ്യവുമുയർന്നു.
റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്നും തുടരും. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനും ജില്ലാ സെക്രട്ടറി വി. ജോയിയും ചർച്ചയ്ക്ക് മറുപടി പറയും. പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളെ നാളെയാണ് സമ്മേളനം തീരുമാനിക്കുക. ജില്ലാ സെക്രട്ടറിയായി വി. ജോയി തന്നെ തുടരാനാണ് സാധ്യതയെങ്കിലും കമ്മിറ്റിയിൽ കൂടുതൽ പുതുമുഖങ്ങൾ വന്നേക്കും.