15000 കിലോമീറ്റര്‍ ആണ് ഓട്ടോറിക്ഷയില്‍ ഇവര്‍ യാത്ര ചെയ്യുന്നത്. മലപ്പുറം സ്വദേശികളായ സല്‍മാന്‍, ജവാദ്, ഇബ്രാഹിം എന്നിവരാണ് വ്യത്യസ്തമായ ഓള്‍ ഇന്ത്യ ട്രിപ്പ് നടത്തുന്നത്.
ഒരു ഓട്ടോറിക്ഷ, യാത്രക്കാരായി മൂന്ന് പേര്‍, ഇന്ത്യയിലൂടെ 15,000 കിലോമീറ്റര്‍ യാത്ര... രാജ്യത്തെ 28 സംസ്ഥാനങ്ങളിലൂടെ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാന്‍ ഉറപ്പിച്ച് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് മൂന്നു ചെറുപ്പക്കാര്‍. ഫെബ്രുവരി 9 ആരംഭിച്ച യാത്ര ഇന്നലെ പത്തനംതിട്ട ജില്ല കടന്ന് കൊല്ലം ജില്ലയിലേക്ക് എത്തി. 15000 കിലോമീറ്റര്‍ ആണ് ഓട്ടോറിക്ഷയില്‍ ഇവര്‍ യാത്ര ചെയ്യുന്നത്. മലപ്പുറം സ്വദേശികളായ സല്‍മാന്‍, ജവാദ്, ഇബ്രാഹിം എന്നിവരാണ് വ്യത്യസ്തമായ ഓള്‍ ഇന്ത്യ ട്രിപ്പ് നടത്തുന്നത്.
മൂന്ന് പേരും തമ്മില്‍ കേവലം രണ്ട് ആഴ്ചത്തെ പരിചയം മാത്രമാണുള്ളത്. ഈ ഒറ്റ ലക്ഷ്യത്തിന് വേണ്ടി ഒത്തുചേര്‍ന്ന സൗഹൃദം. സോഷ്യല്‍ മീഡിയയിലൂടെ സല്‍മാനാണ് ഓള്‍ ഇന്ത്യ ട്രിപ്പിനു കൂടെക്കൂടാന്‍ ആളെ തേടിയത്. മറുപടിയായി വന്ന ആയിരക്കണക്കിന് മെസ്സേജുകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും ഒടുവില്‍ ജവാദിനും ഇബ്രാഹിമിനും നറുക്ക് വീണു. നീണ്ട എട്ട് മാസത്തെ മുന്നൊരുക്കങ്ങള്‍ക്ക് ഒടുവിലാണ് ഫെബ്രുവരി 9ന് യാത്ര ആരംഭിച്ചത്. ഓട്ടോറിക്ഷക്ക് മാത്രം ഒരു ലക്ഷത്തില്‍ കൂടുതല്‍ ചിലവ് വന്നു. നാട്ടുകാരുടെയും സ്‌പോണ്‍സര്‍മാരുടെയും സഹായമാണ് ഈ യാത്ര യാഥാര്‍ത്ഥ്യമാക്കിയതെന്ന് ഇവര്‍ പറയുന്നു.
ALSO READ: ലോകത്തിലെ ഏറ്റവും റൊമാൻ്റിക് ഗ്രാമം; ലവേഴ്‌സിൽ നിന്നൊരു പ്രണയസമ്മാനം
സാധാരണക്കാരന്റെ വണ്ടിയുമായിത്തന്നെ രാജ്യം ചുറ്റണമെന്നായിരുന്നു മൂവരുടെയും ആഗ്രഹം. സോളാര്‍ സംവിധാനം ഉള്‍പ്പെടെ ഓട്ടോയില്‍ സജ്ജമാക്കിയിട്ടുണ്ട്. പാചകത്തിനും ചാര്‍ജ് ചെയ്യാനും സിസിടിവിക്കും ഉള്‍പ്പെടെ സോളാര്‍ ഉപയോഗിക്കുന്നു. രാത്രി സമയം എത്തുന്ന ഇടങ്ങളില്‍ ടെന്റ് അടിച്ച് കഴിയും. 150 മുതല്‍ 200 കിലോമീറ്റര്‍ വരെയാണ് ഒരു ദിവസം യാത്ര ചെയ്യുക.
യാത്രാ ഭ്രമമാണ് മൂന്നുപേരെയും ഒരുമിപ്പിച്ചത്. മനുഷ്യരെ അറിയാനും അവരുടെ ജീവിതം കാണാനും കൂടിയുള്ളതാണ് ഇവരുടെ യാത്ര. രാജ്യത്തെ വൈവിധ്യങ്ങള്‍ മനസ്സിലാക്കണമെന്നും ജാതി മത ഭേദങ്ങള്‍ക്ക് അതീതമായ സന്ദേശം കൂടി നല്‍കണമെന്നും ഇവര്‍ പറയുന്നു.