ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി കുടിയേറുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ ബില്ലെന്നാണ് സൂചന
അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര സർക്കാർ. തടവും പിഴയും ഉൾപ്പെടെയുള്ള നടപടികളാണ് സ്വീകരിക്കുക. കര്‍ശന ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍ 2025 ലോക്‌സഭയില്‍ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കും. ഇതുപ്രകാരം, സാധുവായ പാസ്പോർട്ടോ വീസയോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിക്കുന്നവർക്ക് 5 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ചുമത്തും. അനധികൃതകുടിയേറ്റക്കാമെ സഹായിക്കുന്ന വ്യക്തികൾക്കും തടവ് ശിക്ഷയും പിഴയും പുതിയ ബില്ലില്ലുണ്ട്.
നിലവിൽ പ്രാബല്യത്തിലുള്ള ഫോറിനേഴ്‌സ് ആക്ട് 1946, പാസ്‌പോര്‍ട്ട് ആക്ട് 1920, റജിസ്‌ട്രേഷന്‍ ഓഫ് ഫോറിനേഴ്‌സ് ആക്ട് 1939, ഇമിഗ്രേഷന്‍ ആക്ട് 2000 എന്നിവയ്ക്കു പകരമായാണു പുതിയ ബില്‍ കൊണ്ടുവരുന്നത്. ബില്‍ പ്രകാരം, മതിയായ രേഖകളില്ലാതെ രാജ്യത്തു താമസിക്കുന്നവർക്കുള്ള ശിക്ഷ 2 വര്‍ഷം മുതൽ 7 വര്‍ഷം വരെയാകും. 1 ലക്ഷം മുതല്‍ 10 ലക്ഷം വരെയാണു പിഴ. നിലവില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി പ്രവേശിച്ചാല്‍ 8 വര്‍ഷം വരെ തടവും 50,000 രൂപ പിഴയുമാണു ശിക്ഷ.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളും വിദേശ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ റജിസ്‌ട്രേഷന്‍ ഓഫിസറുമായി പങ്കുവയ്ക്കണം. വിസ കാലാവധി കഴിഞ്ഞ് ഇന്ത്യയിൽ തുടർന്നാലോ വിസ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാലോ മൂന്ന് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. മതിയായ യാത്രാരേഖകളില്ലാത്ത വിദേശികളെ യാത്രയ്ക്കു സഹായിക്കുന്നവർക്കും 5 ലക്ഷം രൂപ വരെ പിഴ ചുമത്തും. പിഴ അടച്ചില്ലെങ്കില്‍, വിദേശി സഞ്ചരിച്ച വാഹനങ്ങൾ പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകുമെന്നും ബില്ലിൽ പറയുന്നു.
ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി കുടിയേറുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ ബില്ലെന്നാണ് സൂചന. അനധികൃത കുടിയേറ്റക്കാർക്കെതിരെ യുഎസിലെ ഡോണൾഡ് ട്രംപ് ഭരണകൂടം നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് ഇന്ത്യയും നിലപാട് കർക്കശമാക്കുന്നത്.