കേരളത്തിൽ രോഗം മൂലമുള്ള മരണനിരക്ക് കുറയ്ക്കാൻ സാധിച്ചു. പെട്ടെന്ന് രോഗം കണ്ടെത്താന്‍ സാധിച്ചതിനാലാണ് ഇത് സാധ്യമായതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു
അമീബിക് മസ്തിഷ്ക ജ്വരം പകർച്ച വ്യാധിയല്ലായെന്ന് ആവർത്തിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. അമീബയിൽ നിന്നുണ്ടാകുന്ന രോഗമാണിത്. ജലാശയങ്ങളില്‍, പ്രധാനമായും കെട്ടികിടക്കുന്നവയില്‍, നിന്നുമാണ് ഈ അമീബ ഉണ്ടാകുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കേരളത്തിൽ രോഗമുണ്ടാകുന്നതിന്റെ കാരണം കണ്ടെത്താനായി ഗവേഷണം നടക്കുന്നുണ്ട്. ഇതുവരെ 16 ഓളം കേസുകളാണ് കേരളത്തില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ രോഗബാധിതരായ രണ്ട് കുട്ടികളെ ഡിസ്ചാർജ് ചെയ്യാൻ കഴിഞ്ഞു. തിരുവനന്തപുരത്ത് ചികിത്സ തേടുന്നരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.
ALSO READ: കേരളത്തെ വീണ്ടും വിറപ്പിച്ച് അമീബിക് മസ്തിഷ്കജ്വരം, എങ്ങനെ പ്രതിരോധിക്കാം?
ഉയർന്ന മരണനിരക്കുള്ള രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. മലിന ജലാശയങ്ങളില്‍ നിന്നും കുളിക്കുന്നതിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന 'ബ്രെയിൻ ഈറ്റിങ്' അമീബ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കും. എന്നാല്‍, കേരളത്തിൽ രോഗം മൂലമുള്ള മരണനിരക്ക് കുറയ്ക്കാൻ സാധിച്ചു. പെട്ടെന്ന് രോഗം കണ്ടെത്താന്‍ സാധിച്ചതിനാലാണ് ഇത് സാധ്യമായതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ചികിത്സയ്ക്കായി വിദേശത്തും കേന്ദ്രസർക്കാർ കൈവശമുള്ളതുമായ മരുന്നുകളാണ് രോഗികൾക്ക് ലഭ്യമാക്കിയത്. നിലവില്‍ ആവശ്യമായ മരുന്ന് ആരോഗ്യ വകുപ്പിന്‍റെ കൈവശമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അമീബിക് മസ്തിഷ്ക ജ്വര ബാധ ഒഴിവാക്കാനുള്ള മുന്‍ കരുതലുകളും ആരോഗ്യമന്ത്രി വിശദീകരിച്ചു. മലിനമായ കെട്ടിക്കിടക്കുന്ന ജലത്തിൽ കുളിക്കരുത്. ഓവർ ഹെഡ് ടാങ്കുകൾ സമയബന്ധിതമായി വൃത്തിയാക്കണം. കിണർ വെള്ളത്തില്‍ മാത്രം കുളിച്ചിട്ടും രോഗം ബാധിച്ചുവെന്ന് പേരൂർക്കട സ്വദേശിയുടെ വാദം ആരോഗ്യമന്ത്രി ശരിവെച്ചു.
രോഗം പകർന്നതിനുള്ള കാരണം ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മൂക്കിലോ തലച്ചോറിലോ ശസ്ത്രക്രിയ ചെയ്തവർക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പും മന്ത്രി നല്‍കി.