കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കെഎഎസുകാർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസുകാരെ വിവിധ വകുപ്പുകളിൽ നിയമിച്ചത് അവിടെ നിലവിലുള്ള സമ്പ്രദായം തുടരാനല്ല. പഴയതിൻ്റെ തത്സ്ഥിതിക്ക് അധ്യക്ഷത വഹിക്കാനുള്ള പദവിയല്ല കെഎഎസ്. പുതിയ പാത ഉണ്ടാക്കാൻ നിങ്ങൾക്കാകണം. ആദ്യ ബാച്ച് ആയതിനാൽ ചില ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് ഉണ്ടായി. പ്രാധാന്യമില്ലാത്ത ഒരു വകുപ്പുമില്ല. അപ്രധാനമല്ലാത്ത വകുപ്പുകളെ സുപ്രധാനമാക്കാൻ നിങ്ങളുടെ മിടുക്ക് കാണിക്കണം. അപ്പോൾ അപ്രധാനമെന്ന് വേർതിരിവ് വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത കെഎഎസ് ബാച്ച് നിയമനത്തിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും, ആനുകൂല്യം നിഷേധിക്കാൻ പഴുതുണ്ടോ എന്നല്ല എത്ര പെട്ടന്ന് കൊടുക്കാമെന്ന് കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ല. ചിലരുടെ ഭാഗത്ത് വീഴ്ചയുണ്ടായി. വരുന്ന ബാച്ചുകൾക്ക് മാതൃകയാകേണ്ടവരാണ് നിങ്ങൾ. സർവീസ് കാലത്തുടനീളം നാടിൻ്റെ സ്വത്തിൻ്റെ കാര്യവിചാരകരാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.