തന്റെ ശമ്പളത്തിൽ നിന്നുമുള്ള പണം നൽകി സ്ത്രീകൾക്ക് പ്രോത്സാഹനം നൽകുമെന്നാണ് എംപിയുടെ പ്രസ്താവന
കൂടുതൽ കുട്ടികളുണ്ടാകാൻ കുടുംബങ്ങൾക്ക് പ്രോത്സാഹനം നൽകണമെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ, വിചിത്ര ഓഫറുമായി ആന്ധ്രാപ്രദേശ് എംപി. മൂന്നാമതും പ്രസവിക്കുന്ന സ്ത്രീകൾക്ക് 50,000 രൂപ ധനസഹായും നൽകുമെന്നും, ആൺകുഞ്ഞാണെങ്കിൽ ഒരു പശുവിനെ സമ്മാനമായി നൽകുമെന്നുമാണ് എംപിയുടെ വാഗ്ദാനം. ടിഡിപി എംപിയായ കാളിസെട്ടി അപ്പല നായിഡുവിൻ്റേതാണ് പ്രഖ്യാപനം.
വിജയനഗരത്തിലെ രാജീവ് സ്‌പോർട്‌സ് കോമ്പൗണ്ടിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തിലാണ് എംപി ഇക്കാര്യം അറിയിച്ചത്. തന്റെ ശമ്പളത്തിൽ നിന്നുമുള്ള പണം നൽകി സ്ത്രീകൾക്ക് പ്രോത്സാഹനം നൽകുമെന്നാണ് എംപിയുടെ പ്രസ്താവന. പിന്നാലെ അപ്പ നായിഡുവിന്റെ ഓഫർ സോഷ്യൽ മീഡിയയിൽ വൈറലായി. ടിഡിപി നേതാക്കളും പ്രവർത്തകരും അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പ്രഖ്യാപനം പോസ്റ്റ് ചെയ്തതോടെയാണ് ഇത് ചർച്ചയായത്. എംപിയുടെ ഓഫർ വിപ്ലവകരമാണെന്നാണ് ടിഡിപി നേതാക്കൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും എംപിയെ പ്രശംസിച്ചു.
ALSO READ: കുംഭമേളയിലെ ജലം കുളിക്കാൻ അനുയോജ്യം; മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ റിപ്പോർട്ട്
മാർച്ചിൽ ഡൽഹി സന്ദർശനത്തിനിടെ ദക്ഷിണേന്ത്യയിലെ ജനസംഖ്യ കുറയുന്നതിൽ ചന്ദ്രബാബു നായിഡു ആശങ്ക പ്രകടിപ്പിച്ചിരുന്നു."ഞാൻ കുടുംബാസൂത്രണത്തെ പിന്തുണച്ചിരുന്നെങ്കിലും ഇപ്പോൾ എന്റെ കാഴ്ചപ്പാടുകൾ മാറി. ജനസംഖ്യാ ലാഭവിഹിതത്തിൽ ഏറ്റവും വലിയ നേട്ടമുള്ള രാജ്യമാണ് ഇന്ത്യ. ഭാവിയിൽ നമുക്ക് ജനസംഖ്യാ ലാഭവിഹിതം കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ, രാജ്യത്തിന് മികച്ച നേട്ടം കൈവരിക്കാനാകും. ആഗോള സമൂഹങ്ങൾ ആഗോള സേവനങ്ങൾക്കായി നമ്മളെ, ഇന്ത്യക്കാരെ ആശ്രയിക്കുന്നു," മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളുടെ എണ്ണം കണക്കിലെടുക്കാതെ, പ്രസവ സമയത്ത് എല്ലാ വനിതാ ജീവനക്കാർക്കും പ്രസവാവധി അനുവദിക്കുമെന്ന് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രകാശം ജില്ലയിലെ മർകാപൂരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുമ്പ്, രണ്ട് പ്രസവങ്ങൾ വരെ മാത്രമായിരുന്നു പ്രസവാവധി. ഇനി മുതൽ എണ്ണം കണക്കിലെടുക്കാതെ എല്ലാ കുട്ടികൾക്കും പ്രസവാവധി നീട്ടിനൽകും. കുടുംബ വളർച്ചയെ പ്രോത്സാഹിപ്പിക്കുക, ജനസംഖ്യാ സന്തുലിതാവസ്ഥ പരിഹരിക്കുക, സ്ത്രീകളുടെ പ്രൊഫഷണൽ, വ്യക്തിജീവിതങ്ങൾ സന്തുലിതമാക്കുന്നതിന് പിന്തുണ നൽകുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നും ചന്ദ്രബാബു നായിഡു എക്സിൽ കുറിച്ചു.