ലൈംഗിക തൊഴിലാളിയായ 23കാരിയുടെ ജീവിതത്തിലേക്ക് സ്ട്രിപ് ക്ലബിൽ വെച്ചാണ് റഷ്യൻ പ്രഭുവിൻ്റെ മകൻ വാന്യ സഖറോവ് കടന്നു വരുന്നത്
97-ാം ഓസ്കാറിൽ, പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമായി അനോറ. 23കാരിയായ ലൈംഗിക തൊഴിലാളി അനി മിഖീവയുടെ കഥ പറഞ്ഞ ചിത്രം നേടിയത് മികച്ച നടിക്ക് ഉൾപ്പടെയുള്ള അഞ്ച് ഓസ്കർ പുരസ്കാരങ്ങളാണ്.13 നോമിനേഷനുകളുമായി ഓസ്കാറിലെത്തിയ എമിലിയ പെരേസിനെ മറികടന്നാണ് അനോറയുടെ ഈ പുരസ്കാര നേട്ടം.
ലൈംഗിക തൊഴിലാളിയായ 23കാരിയുടെ ജീവിതത്തിലേക്ക് സ്ട്രിപ് ക്ലബിൽ വെച്ചാണ് റഷ്യൻ പ്രഭുവിൻ്റെ മകൻ വാന്യ സഖറോവ് കടന്നു വരുന്നത്. ഇരുവരുടെയും ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ഈ ബന്ധത്തിൻ്റെ കഥ പറയുന്ന സിനിമയാണ് അനോറ. ഒരു രാത്രിയിലെ ബന്ധം വളർന്ന്, ഒരാഴ്ച ഒന്നിച്ച് സമയം ചെലവഴിക്കാൻ ക്ഷണിക്കുന്നതിലേക്കും തുടർന്ന് വിവാഹത്തിലേക്കും ഈ ബന്ധം വളരുന്നു. എന്നാൽ മകൻ്റെ വിവാഹത്തെക്കുറിച്ച് അറിഞ്ഞ് വാന്യയുടെ കുടുംബം ന്യൂയോർക്കിൽ എത്തുന്നതോടെ കഥ സങ്കീർണതയിലേക്ക് നീങ്ങുന്നതാണ് ഇതിവൃത്തം.
Also Read: ഓസ്‌കാര്‍ 2025: മികച്ച സിനിമ, നടി, സംവിധായകന്‍; പുരസ്‌കാര നിറവില്‍ അനോറ
ആറ് നോമിനേഷനുകളുമായെത്തിയ അനോറ അഞ്ച് പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, തിരക്കഥ വിഭാഗങ്ങളിൽ അനോറക്കാണ് പുരസ്കാരം. ഷോൺ ബേക്കറാണ് ഈ നാല് പുരസ്കാരങ്ങളും സ്വന്തമാക്കിയത്. മികച്ച നടിക്കുള്ള പുരസ്കാരം മൈക്കി മാഡിസൺ നേടിയപ്പോൾ മികച്ച സിനിമയായും അനോറ തിരഞ്ഞെടുക്കപ്പെട്ടു. ഓസ്കാറിൽ ഒരു സിനിമയ്ക്ക് നാല് പുരസ്കാരങ്ങൾ നേടുന്ന രണ്ടാമത്തെയാളാണ് ഷോൺ ബേക്കർ. ലൈംഗിക തൊഴിലാളികൾക്കാണ് സംവിധായകൻ ഷോൺ ബേക്കർ പുരസ്കാരം സമർപ്പിച്ചത്.
Also Read: സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ AI സൃഷ്ടി മാത്രം; അതില്‍ യാതൊരു പങ്കുമില്ലെന്ന് വിദ്യ ബാലന്‍
അലക്സ് കൊക്കോ, സമാന്ത കുവാൻ , ഷോൺ ബേക്കർ എന്നിവരാണ് അനോറയുടെ നിർമാതാക്കൾ. വെറും ആറ് മില്യൺ അമേരിക്കൻ ഡോളർ മാത്രമാണ് ഈ സിനിമക്കായി ചെലവഴിച്ചത്. ക്രൂ അംഗങ്ങൾ വെറും 40 പേർ മാത്രം. ന്യൂയോർക്കിലെ പല പ്രദേശങ്ങളിലായാണ് സിനിമയുടെ ചിത്രീകരണവും നടന്നത്. ഹൃദയം കൊണ്ടാണ് സിനിമ എടുത്തതെന്നും സ്വപ്നം കാണുന്ന ചെറുപ്പക്കാരായ സംവിധായകർ ഇനിയും സിനിമ നിർമിക്കണമെന്നും സമാന്ത കുവാൻ മികച്ച ചിത്രത്തിനുള്ള പുരസ്കാര വേദിയിൽ ഉറക്കെപ്പറഞ്ഞു. ഇൻഡിപെൻ്റഡ് സിനിമയെ പിന്തുണച്ചതിന് അക്കാദമിക്ക് ഷോൺ ബെയ്ക്കർ നന്ദി പറഞ്ഞു.