പ്രയാഗ്‌രാജിലെ ചത്നാഗ് ഘട്ട് പ്രദേശത്തെ 15 ടെന്റുകൾക്ക് തീപിടിച്ച് ഒരാഴ്ച കഴിഞ്ഞാണ് പുതിയ സംഭവം
ഉത്തർപ്രദേശ് പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ വീണ്ടും തീപിടിത്തം. മഹാകുംഭ് നഗർ പ്രദേശത്തെ സെക്ടർ 18 ലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ ആളാപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഓൾഡ് ജിടി റോഡിലെ തുളസി ചൗരഹയ്ക്ക് സമീപമുള്ള ഒരു ക്യാമ്പിലാണ് തീപിടിത്തമുണ്ടായതെന്ന് ഖക് ചൗക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യോഗേഷ് ചതുർവേദിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് കഴിഞ്ഞെന്നും പൊലീസ് ഇൻസ്പെക്ടർ വ്യക്തമാക്കി.
പ്രയാഗ്‌രാജിലെ ചത്നാഗ് ഘട്ട് പ്രദേശത്തെ 15 ടെന്റുകൾക്ക് തീപിടിച്ച് ഒരാഴ്ച കഴിഞ്ഞാണ് പുതിയ സംഭവം. നിരവധി ടെൻ്റുകളും അതിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളും തീയിൽ കത്തിനശിച്ചു. കഴിഞ്ഞ തവണയും ആളപായം റിപ്പോർട്ട് ചെയ്തിരുന്നില്ല. തീ പെട്ടെന്ന് തന്നെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ടെന്റുകൾ അനധികൃതമാണെന്ന് കണ്ടെത്തി.
അതേസമയം മഹാകുംഭമേളയിൽ യുപി സർക്കാർ പുറത്തുവിട്ട തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ കണക്ക് തെറ്റെന്ന് വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നു. യഥാർഥത്തിൽ മരിച്ചത് 79 പേരാണെന്നാണ് ദേശീയ മാധ്യമമായ ന്യൂസ് ലോൺഡ്രിയുടെ റിപ്പോർട്ട്. ആശുപത്രി രേഖകളും പൊലീസ് റെക്കോർഡും ബന്ധുക്കളുടെ പ്രതികരണങ്ങളും അടക്കം പുറത്തുവിട്ടുകൊണ്ടായിരുന്നു ന്യൂസ് ലോൺഡ്രിയുടെ റിപ്പോർട്ട്. 30 പേർ മരിച്ചെന്നാണ് യുപി സർക്കാരിന്റെ വാദം. ജനുവരി 29 ന് രണ്ടാം വിശേഷ സ്‌നാന ദിനമായ മൗനി അമാവാസിയുടെ ഭാഗമായി രണ്ട് ദിവസങ്ങളിലായി 3.5 കോടിയോളം വിശ്വാസികളാണ് പ്രയാഗ് രാജ് മഹാ കുംഭമേളയ്‌ക്കെത്തിയത്.
മഹാകുംഭമേള ദുരന്തത്തിലെ യഥാർഥ മരണസംഖ്യ ഉത്തർപ്രദേശ് സർക്കാർ പുറത്തുവിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ്, അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിലൂടെ രാജ്യശ്രദ്ധ നേടിയ ന്യൂസ് ലോൺഡ്രി പ്രത്യേക അന്വേഷ റിപ്പോർട്ട് പുറത്തുവിട്ടത്. ജനുവരി 29 ന് പുലർച്ചെ പ്രയാഗ് രാജിൽ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചതായും, 60-ലേറെ പേർക്ക് പരിക്കേറ്റതായുമുള്ള യുപി സർക്കാർ സ്ഥിരീകരണം വ്യാജമെന്നാണ് ന്യൂസ് ലോൺഡ്രിയുടെ കണ്ടെത്തൽ. പൊലീസ്, ആശുപത്രി രേഖകൾ പ്രകാരം 79 മരിച്ചെന്നാണ് ന്യൂസ് ലോൺഡ്രി റിപ്പോർട്ട്.