സംഭലിൽ ഇന്ന് 19 കിണറുകളും അഞ്ച് തീർത്ഥ കുളങ്ങളുമാണ് പരിശോധിച്ചതെന്ന് ആർക്കിയോളജിക്കൽ സർവേ ഉദ്യോഗസ്ഥർ പറഞ്ഞു
ഉത്തർപ്രദേശിലെ സംഭലിലുള്ള പള്ളിക്ക് സമീപം ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന വിവാദങ്ങൾക്കിടെ വീണ്ടും പ്രദേശത്ത് സർവേ തുടർന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ. പ്രദേശത്തെ കിണറുകൾ കേന്ദ്രീകരിച്ചായിരുന്നു ഖനന പ്രവർത്തനങ്ങൾ നടത്തിയതെന്ന് ജില്ലാ മജിസ്ട്രേറ്റ് ഡോ. രാജേന്ദർ പെൻസിയ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
സംഭലിൽ ഇന്ന് 19 കിണറുകളും അഞ്ച് തീർത്ഥ കുളങ്ങളുമാണ് പരിശോധിച്ചതെന്ന് ആർക്കിയോളജിക്കൽ സർവേ ഉദ്യോഗസ്ഥർ പറഞ്ഞു. 24 സ്ഥലങ്ങളിലായി 10 മണിക്കൂറോളം നേരം നീണ്ടു നിന്ന സർവേകളാണ് നടന്നതെന്ന് ഡോ. രാജേന്ദർ പെൻസിയ പറഞ്ഞു. സർവേയിലെ കണ്ടുപിടുത്തങ്ങൾ സംബന്ധിച്ച റിപ്പോർട്ട് എഎസ്ഐ ഉടൻ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മജിസ്ട്രേറ്റ് പറഞ്ഞു.
സംഭലിൽ കണ്ടെത്തിയതെന്ന് പറയപ്പെടുന്ന ക്ഷേത്രത്തിൻ്റേയും കിണറുകളുടെയും കാലപ്പഴക്കം നിർണയിക്കാനായി കാർബൺ ഡേറ്റിങ് നടത്തണമെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
ഷാഹി ജമാ മസ്ജിദിന് പിന്നാലെ സമീപം അനധികൃത കയ്യേറ്റം നടന്നുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെ നടത്തിയ തെരച്ചിലിലാണ് ശ്രീ കാർത്തിക് മഹാദേവ് ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ (ഭസ്മ ശങ്കർ ക്ഷേത്രം) കണ്ടെത്തിയതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചത്.
പള്ളിയിൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സംഭലിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 20 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 1978ൽ സാമുദായിക സംഘർഷങ്ങളെ തുടർന്നാണ് ക്ഷേത്രം അടച്ചതെന്നാണ് ഹിന്ദുമത വിശ്വാസികളുടെ വാദം. ഡിസംബർ 13ന് ക്ഷേത്രം വിശ്വാസികൾക്ക് പ്രാർഥനയ്ക്കായി തുറന്നു നൽകിയത്.