അതിശക്തമായ നീരൊഴുക്കുള്ള പുഴയ്ക്ക് കുറുകെയാണ് സാഹസികമായി പാലം നിർമിച്ചത്
കനത്ത മഴ തുടരുന്ന ഉത്തര സിക്കിമിൽ സൈന്യം താൽക്കാലിക തൂക്കുപാലം നിർമിച്ചു. നീരൊഴുക്കുള്ള പുഴയ്ക്ക് കുറുകെ 48 മണിക്കൂറിനുള്ളിലായിരുന്നു സാഹസികമായി പാലം നിർമാണം. ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമപ്രദേശങ്ങളിലേക്ക് സഹായമെത്തിക്കാനും രക്ഷാപ്രവർത്തനത്തിനുമായാണ് പുതിയ പാലം നിർമിച്ചത്.
ഇന്ത്യൻ പട്ടാളത്തിന്റെ ത്രിശക്തി കോർപ്സ് വിഭാഗം എൻജിനീയർമാരാണ് ഇതിന് പിന്നിൽ. 150 അടി നീളമുള്ള പാലമാണിത്. മഴ ബുദ്ധിമുട്ടുകൾ കാരണം, പ്രതിസന്ധിയിലായിരിക്കുന്ന അവിടുത്തെ പ്രദേശവാസികൾക്ക് സഹായമെത്തിക്കുന്നതിൽ പാലം വലിയ പങ്ക് വഹിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ പത്രക്കുറിപ്പിൽ പറയുന്നു.
സിക്കിം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴക്കാലത്ത് മണ്ണിടിച്ചിലും, മറ്റ് മഴക്കാല കെടുതികളും ഉണ്ടാകാറുണ്ട്. കഴിഞ്ഞ ആഴ്ച, കനത്ത മഴയിൽ 1200ഓളം വിനോദസഞ്ചാരികൾ ഉത്തര സിക്കിമിലെ ഒറ്റപ്പെട്ട പ്രദേശത്ത് കുടുങ്ങിപ്പോയിരുന്നു.