ജൂനിയർ ഡോക്ടർ ലൈംഗികാതിക്രമത്തിനിടെ കൊൽക്കത്തയിൽ കൊല്ലപ്പെട്ട സംഭവത്തിൽ അഭിഷേക്, മമതയെ വിമർശിച്ചതോടെ മൂർച്ഛിച്ച പിണക്കം രൂക്ഷമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ
തൃണമൂൽ അധ്യക്ഷ മമത ബാനർജിയും പാർട്ടി ജനറൽ സെക്രട്ടറിയും അനന്തരവനുമായ അഭിഷേക് ബാനർജിയുമായുള്ള തർക്കം തൃണമൂൽ കോൺഗ്രസിൽ വലിയ ഭിന്നതയായി മാറുന്നു. ജൂനിയർ ഡോക്ടർ ലൈംഗികാതിക്രമത്തിനിടെ കൊൽക്കത്തയിൽ കൊല്ലപ്പെട്ട സംഭവത്തിൽ അഭിഷേക്, മമതയെ വിമർശിച്ചതോടെ മൂർച്ഛിച്ച പിണക്കം രൂക്ഷമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് കോളേജ് പ്രൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. സന്ദീപിനെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തെങ്കിലും പിന്നീട് കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജിൽ നിയമിച്ചു, ഇതാണ് പ്രശ്നങ്ങളുടെ തുടക്കം.
പുനർനിയമനത്തിൽ വിമർശനം നടത്തിയ തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി മമതക്കെതിരെ പ്രതികരിച്ചു. അതോടെ ബന്ധത്തിലെ ഉലച്ചിൽ പ്രകടമായി. അഭിഷേക് പല വിധത്തിൽ വിയോജിപ്പ് പ്രകടമാക്കുകയും പാർട്ടി റാലികളിൽ നിന്നെല്ലാം വിട്ട് നിൽക്കുകയും ചെയ്തു.
ALSO READ: ഡൽഹി സർക്കാരിന് വികസന കാഴ്ചപ്പാടില്ല, എല്ലാം ചെയ്തത് കേന്ദ്രം; എഎപിയെ വീണ്ടും കടന്നാക്രമിച്ച് മോദി
ഈ സമയം കൊൽക്കത്തയിൽ സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രശസ്ത ഗായിക ലഗ്നജിതാ ചക്രവർത്തി അവതരിപ്പിച്ച പരിപാടിയിൽ പാർട്ടി അനുകൂലികൾ പങ്കെടുത്തതിനെ വിമർശിച്ച് പാർട്ടി നേതാവ് കുനാൽ ഘോഷ് രംഗത്തെത്തി. കലാകാരന്മാരുടെ സ്വാതന്ത്ര്യത്തിൽ കൈക്കടത്തില്ലെന്ന നിലപാട് അഭിഷേകും സ്വീകരിച്ചു. ഇതോടെ നേതൃത്വത്തിന് രണ്ട് നിലപാട് എന്ന നിലയിലേക്കായി പാർട്ടിയിലെ കാര്യങ്ങൾ.
പാർട്ടി പുനഃസംഘടന വൈകുന്നതും ചേരിതിരിവിന് കാരണമായി. തൃണമൂൽ ജില്ലാ അധ്യക്ഷൻമാരെ മാറ്റണമെന്ന ആവശ്യം രണ്ട് മാസങ്ങളായി അഭിഷേക് ഉന്നയിക്കുന്നത് മമത പരിഗണിക്കാത്തതും ശീതയുദ്ധത്തിൻ്റെ മൂർച്ച കൂട്ടുന്നുവെന്ന് ബംഗാളിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.