ഫെബ്രുവരി 10ന് തുടങ്ങിയ ആശാ പ്രവർത്തകരുടെ സമരത്തിന്റെ മൂന്നാം ഘട്ടമായാണ് നിരാഹാരസമരം ആരംഭിച്ചത്
ആശാ പ്രവർത്തകരുടെ സമരത്തിന്റെ ഭാഗമായി നിരാഹാരമിരുന്ന ആർ. ഷീജയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്നാണ് തിരുവനന്തപുരം സ്വദേശിയായ ഷീജയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഷീജക്ക് പകരം ആശാ വർക്കറായ ശോഭ നിരാഹാര സമരം തുടരും. ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടി എം.എ. ബിന്ദു, തങ്കമണി എന്നിവരാണ് നിലവില്‍ നിരാഹാരമിരിക്കുന്നത്. ഇന്നലെ രാവിലെ 11 മുതലാണ് ഇവർ നിരാഹാര സമരം ആരംഭിച്ചത്.
ഫെബ്രുവരി 10ന് തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ആശാ പ്രവർത്തകരുടെ സമരത്തിന്റെ മൂന്നാം ഘട്ടമായാണ് നിരാഹാരസമരം ആരംഭിച്ചത്. സമരത്തിന്റെ ആദ്യ ഘട്ടമായി ആശമാർ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിത കാല സമരം ആരംഭിച്ചു. അടുത്ത ഘട്ടമായിട്ടായിരുന്നു സെക്രട്ടറിയേറ്റ് ഉപരോധം. ഇതിനു ശേഷം എൻഎച്ച്എം ഡയറക്ടർ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവരുമായുള്ള ചർച്ചകൾ നടന്നെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് ആശമാർ സമരം ശക്തമാക്കിയത്. ഓണറേറിയം 21,000 ആയി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, വിരമിക്കുമ്പോള്‍ അഞ്ച് ലക്ഷം രൂപ പെന്‍ഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് ആശമാർ മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ ഇത് പ്രായോഗികമല്ലെന്ന നിലപാടിലാണ് സർക്കാർ. ആശമാരുടെ പ്രശ്നങ്ങൾ സംസാരിക്കാൻ സംസ്ഥാന ആരോഗ്യമന്ത്രിക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അനുമതി നൽകിയിരിക്കുന്നത്.
അതേസമയം, ആശാ വർക്കർമാരുടെ സമരത്തിൽ നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. വിഷയം സബ്മിഷനായി ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമരത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കണക്കുകൾ നിരത്തിയായിരുന്നു മന്ത്രി എം.ബി. രാജേഷ് പ്രതിപക്ഷ നേതാവിന് മറുപടി നൽകിയത്. ചർച്ചകൾ പരാജയപ്പെടാൻ കാരണം സമരക്കാരുടെ നിർബന്ധബുദ്ധിയാണെന്ന മന്ത്രി എം.ബി.രാജേഷിൻ്റെ മറുപടിയെത്തുടർന്ന് സഭാതലം ബഹളത്തിൽ മുങ്ങി.