മഴ നനയാതിരിക്കാൻ സ്ത്രീകളുപയോഗിച്ച ടാർപോളിൻ ഷീറ്റ് നീക്കാൻ പൊലീസ് ആവശ്യപ്പെട്ട വിവരമറിഞ്ഞതിനെ തുടർന്നാണ് കേന്ദ്രസഹമന്ത്രി സമരപ്പന്തലിൽ എത്തിയത്.
കോരിച്ചൊരിയുന്ന മഴയിലും സമരവീര്യം കെടാതെ ആശാപ്രവർത്തകർ. സമരപ്പന്തലിലേക്ക് എത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയോട് തങ്ങളുടെ ആവശ്യങ്ങൾ അവർ ഉന്നയിച്ചു. മഴ നനയാതിരിക്കാൻ സ്ത്രീകളുപയോഗിച്ച ടാർപോളിൻ ഷീറ്റ് നീക്കാൻ പൊലീസ് ആവശ്യപ്പെട്ട വിവരമറിഞ്ഞതിനെ തുടർന്നാണ് കേന്ദ്രസഹമന്ത്രി സമരപ്പന്തലിൽ എത്തിയത്. അതേസമയം ആശാപ്രവർത്തകർ പന്തൽക്കെട്ടി സമരം ആരംഭിച്ചു.
തങ്ങളുടെ മുന്നിലെത്തിയ കേന്ദ്രസഹ മന്ത്രിയോട് രൂക്ഷമായ ഭാഷയിലാണ് ആശാപ്രവർത്തകർ സംസാരിച്ചത്. സമരം അടിച്ചമർത്തുന്നതിന്റെ ഭാഗമായാണ് ടാർപോളിനുകൾ പൊലീസ് നീക്കം ചെയ്തത്. പന്ത്രണ്ടോളം സ്ത്രീകൾ പുലരുവോളം മഴയത്തിരുന്നതായും അവർ പറഞ്ഞു. ഈ വിവരം അറിഞ്ഞാണ് സുരേഷ്ഗോപിയും സമരപ്പന്തലിൽ എത്തിയത്. സെക്രട്ടറിയേറ്റിന് മുന്നിലെത്തിയ കേന്ദ്ര സഹമന്ത്രി ക്ഷമയോടെ അവരെ കേട്ടിരുന്നു.
കാര്യങ്ങളെല്ലാം കേട്ട് മനസ്സിലാക്കിയ ശേഷം അദ്ദേഹം പ്രതികരിച്ചു. ആശമാരുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ നാളെ തന്നെ ഡൽഹിയിലേക്ക് പോകും. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയെ നേരിട്ട് കണ്ട് വിഷയം അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടാതെ സമരപ്പന്തലിലെത്തി നൽകിയ വാഗ്ദാനവും അദ്ദേഹം നിറവേറ്റി. സമരക്കാർക്ക് മഴ നനയാതെ പ്രതിഷേധിക്കാനായി റെയിൻ കോട്ടുകളും കുടകളും വാങ്ങി നൽകി.
Also Read: 'കേരളം ലഹരി ഉപയോഗത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമല്ല'; ലഹരിവ്യാപനത്തിനെതിരെ ജനകീയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുമെന്ന് എം.ബി. രാജേഷ്
മൂന്ന് വട്ടമാണ് ആശാപ്രവർത്തകരുടെ സമരപ്പന്തലിലെ ടാർപോളിൻ ഷീറ്റ് നീക്കാൻ പൊലീസ് നിർദേശം നൽകിയത്. പുലർച്ചെ 3.30 നാണ് ആദ്യം പൊലീസ് എത്തിയത്. ഉറങ്ങിക്കിടന്നിരുന്ന ആശാപ്രവർത്തകരെ വിളിച്ചെഴുന്നേൽപ്പിച്ച് ടാർപോളിൻ ഷീറ്റ് നീക്കം ചെയ്യിച്ചു. ശക്തമായ മഴയെ പ്രതിരോധിക്കാനായിരുന്നു ആശാപ്രവർത്തകർ ടാർപോളിൻ വലിച്ചു കിട്ടിയത്. ഇത് വകവയ്ക്കാതെയായിരുന്നു പൊലീസിന്റെ നടപടി. നേരം പുലരുവോളം മഴ നനഞ്ഞാണ് ആശാപ്രവർത്തകർ സമരപ്പന്തലിൽ ഇരുന്നത്.
ഹൈക്കോടതി ഉത്തര് പ്രകാരമാണ് ഷീറ്റ് മാറ്റാൻ നിർദേശിച്ചത് എന്നാണ് പൊലീസിന്റെ വാദം. സമരക്കാർക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ട്. അതേസമയം ആശാ പ്രവർത്തകർ പന്തൽക്കെട്ടി സമരം ആരംഭിച്ചു. നാളെ സംഘടിപ്പിക്കുന്ന നിയമസഭാ മാർച്ചിൽ സംസ്ഥാനത്തുടനീളമുള്ള ആശാപ്രവർത്തകരെ പങ്കെടുപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് സമരക്കാരുടെ തീരുമാനം. വിഷയം അടിയന്തര പ്രമേയമായി കൊണ്ടുവന്ന് സഭ പ്രക്ഷുബ്ധമാക്കാൻ ആയിരിക്കും പ്രതിപക്ഷത്തിന്റെയും നീക്കം. കോൺഗ്രസ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ചും 13 ജില്ലകളിൽ കളക്ടറേറ്റ് മാർച്ചും ഇതിനോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.