കേന്ദ്ര സഹമന്ത്രിക്ക് പാടി നൽകിയതിനേക്കാൾ സുന്ദരമായ പാട്ട് മന്ത്രിമാർക്ക് തങ്ങൾ പാടി നൽകുമെന്നും റോസമ്മ പറഞ്ഞു
ആശാ പ്രവർത്തകരുടെ സമരത്തെ വിമർശിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സമരസമിതി വൈസ് പ്രസിഡന്റ് കെ.പി. റോസമ്മ. ബിന്ദു മിനിസ്റ്ററുടെ സഹപ്രവർത്തകരായ മന്ത്രിമാർക്ക് നട്ടെല്ലുണ്ടോ എന്നായിരുന്നു റോസമ്മയുടെ ചോദ്യം. കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്ന തുക വാങ്ങിച്ചെടുക്കാൻ നട്ടെല്ല് കാണിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും സമരസമിതി വൈസ് പ്രസിഡന്റ് വ്യക്തമാക്കി.
കേന്ദ്ര സഹമന്ത്രിക്ക് പാടി നൽകിയതിനേക്കാൾ സുന്ദരമായ പാട്ട് മന്ത്രിമാർക്ക് തങ്ങൾ പാടി നൽകുമെന്നും റോസമ്മ പറഞ്ഞു. കേന്ദ്രമന്ത്രി സമരപ്പന്തലിൽ എത്തി. രണ്ടു സ്റ്റെപ്പ് വച്ചാൽ സംസ്ഥാന മന്ത്രിമാർക്ക് ഇവിടെ എത്താം. എത്തിയാൽ നല്ല സൂപ്പർ പാട്ട് പാടി കൊടുക്കാം. സമരപ്പന്തലിലെത്താനുള്ള ആർജവവും നട്ടെല്ലും അവരാണ് ആദ്യം കാണിക്കേണ്ടത്. നട്ടെല്ലുള്ളതുകൊണ്ടാണ് 41 ദിവസമായി സമരം ചെയ്യുന്നത്. ആ നട്ടെല്ലിന്റെ ആയിരത്തിലൊരംശം നിങ്ങൾക്ക് ഉണ്ടെങ്കിൽ എപ്പോഴേ ഈ പ്രശ്നത്തിന് പരിഹാരം കാണുമായിരുന്നുവെന്നും റോസമ്മ പറഞ്ഞു. വ്യക്തതയില്ലാതെ പരസ്പരം എന്തൊക്കെയോ അപലപിച്ചുകൊണ്ടിരിക്കുന്നു. മന്ത്രി യാഥാർഥ്യത്തിലേക്ക് ഇറങ്ങി വരണം. സമരത്തിന്റെ യാഥാർഥ്യം മനസ്സിലാക്കി ആശമാരുടെ ഡിമാൻഡുകൾ അംഗീകരിച്ചു നൽകണം. അതിനുള്ള നട്ടെല്ല് ആദ്യം കാണിക്കണമെന്നും കെ.പി. റോസമ്മ കൂട്ടിച്ചേർത്തു.
കേന്ദ്രത്തോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. കേന്ദ്രമന്ത്രി വന്നപ്പോൾ സമരക്കാർ 'മണി മുറ്റത്താവണി പന്തൽ' പാട്ട് പാടുകയാണ് ചെയ്തത്. അവർക്ക് കേന്ദ്ര സർക്കാരിനോട് പറയാൻ ഒന്നും ഇല്ല. ആശമാരുടെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നുമാണ് മന്ത്രി പറഞ്ഞത്. ആശമാരുടെ നിരാഹാര സമരവുമായി ആശമാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. . മാർച്ച് 20ന് രാവിലെ 11 മുതലാണ് ആശമാർ നിരാഹാര സമരം ആരംഭിച്ചത്. നിരാഹാരം ഇരിക്കുന്നവർക്ക് പിന്തുണയുമായി തിങ്കളാഴ്ച ആശമാർ കൂട്ട ഉപവാസം നടത്തും.