fbwpx
ആതിര ഗോൾഡ് സ്വർണ തട്ടിപ്പ്: കൊച്ചിയിൽ മാത്രം ലഭിച്ചത് 500 ഓളം പരാതികൾ, 15 കോടിയുടെ തട്ടിപ്പെന്ന് സൂചന
logo

ന്യൂസ് ഡെസ്ക്

Posted : 22 Feb, 2025 12:22 PM

സാധാരണക്കാരായ ദിവസ വേതനക്കാരാണ് തട്ടിപ്പിനിരയായതിൽ ഭൂരിഭാഗവും

KERALA


കൊച്ചി ആതിര ഗോൾഡ് ജ്വല്ലറിയിലെ സ്വർണ സമ്പാദ്യ തട്ടിപ്പുമായി കൂടുതൽ പരാതികൾ ഉയരുന്നു. എറണാകുളം സെൻട്രൽ പൊലീസിൽ മാത്രം ഇതിനോടകം ലഭിച്ചത് 500 പരാതികളാണ്. 15 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. വ്യാജ സ്വർണം നൽകി കബളിപ്പിക്കാൻ ശ്രമിച്ചതായും പരാതിക്കാർ ന്യൂസ് മലയാളത്തോട് പറഞ്ഞു.


പണം തിരികെ കിട്ടുന്നതിനായി നിക്ഷേപകർ ആതിര ഗ്രൂപ്പ് ഉടമ ആന്റണിയുടെ പള്ളിപ്പുറത്തെ വീടിനു മുന്നിൽ കൂട്ടമായെത്തി പ്രതിഷേധിക്കുകയും ചെയ്തു. സാധാരണക്കാരായ ദിവസ വേതനക്കാരാണ് തട്ടിപ്പിനിരയായതിൽ ഭൂരിഭാഗവും.



കഴിഞ്ഞ ദിവസമാണ് ആതിര ഗ്രൂപ്പിൻ്റെ കൊച്ചിയിലുള്ള ജ്വല്ലറി പൊലീസ് ജപ്തി ചെയ്തത്. പിന്നാലെ സ്വർണം പണയം വെച്ചവരും ചിട്ടി ചേർന്നവരും നിക്ഷേപം തിരികെ ലഭിക്കാൻ ഓഫീസിലും ഉടമയുടെ ഓഫീസിലുമെത്തി. എന്നാൽ പണം തിരികെ കിട്ടാൻ ഒരു മാർഗവുമില്ലെന്ന് അറിഞ്ഞതോടെ നിക്ഷേപകർ പരിഭ്രാന്തരായി. കല്ല്യാണ ആവശ്യത്തിനായി സ്വർണം കിട്ടാനുള്ളവർ ഉൾപ്പെടെ ഇപ്പോൾ സ്വന്തം നിക്ഷേപത്തിനായി നെട്ടോട്ടമോടുകയാണ്.


ALSO READ: ജ്വല്ലറി തട്ടിപ്പിനിരയായി വടകരയില്‍ പൊലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങുന്നത് നൂറിലേറെ പേര്‍; ഇതുവരെ നഷ്ടമായത് 9.5 കോടി രൂപ


സമാനമായ ജ്വല്ലറി തട്ടിപ്പിനിരയായി ലക്ഷങ്ങള്‍ നഷ്ടപ്പെട്ട നൂറിലേറെ സാധാരണക്കാരാണ് ദിവസേന കോഴിക്കോട് വടകര പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങുന്നത്. മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ പരാതികളില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും തട്ടിപ്പ് നടത്തിയവര്‍ വിദേശത്തേക്ക് കടന്നത് അന്വേഷണം മന്ദഗതിയിലാക്കി. നൂറിലധികം ആളുകള്‍ക്ക് 9.5 കോടി രൂപയാണ് നഷ്ടമായത്. വടകരയ്ക്ക് പുറമെ പേരാമ്പ്രയിലും പരാതികളുണ്ട്.


2021 വരെ പ്രതിമാസം ലാഭ വിഹിതം എന്ന നിലയില്‍ കുറഞ്ഞ തുക തിരികെ ലഭിച്ചിരുന്നു. അപ്പോളോ ജ്വല്ലറി, അപ്പോളോ ഗോള്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമുകളില്‍ നിക്ഷേപിച്ച സാധാരണക്കാരാണ് തട്ടിപ്പിനിരയായത്. ഇരകള്‍ കര്‍മ സമിതി രൂപീകരിച്ച് പ്രക്ഷോഭ രംഗത്തിറങ്ങിയെങ്കിലും ജ്വല്ലറി നടത്തിയവര്‍ വിദേശത്തേക്ക് കടന്നതോടെ അന്വേഷണം വഴിമുട്ടി.


വടകര പൊലീസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 102 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഓരോ നിക്ഷേപകനും ഒരു ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെയാണ് നഷ്ടമായത്.


KERALA
ഈ മാസം 24ന് തീപ്പന്തം കൊളുത്തി പ്രതിഷേധം; ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി കോൺഗ്രസ്
Also Read
user
Share This

Popular

KERALA
KERALA
കൊച്ചി സ്വർണ സമ്പാദ്യ തട്ടിപ്പിലെ പ്രതികൾ പിടിയിൽ; തട്ടിപ്പ് നടത്തിയത് ആതിര ഗോൾഡ് ഉടമകൾ