ഡൽഹി നിയമസഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവ് കൂടിയാണ് അതിഷി
ഡൽഹി നിയമസഭാ പ്രതിപക്ഷ നേതാവായി അതിഷി മർലേനയെ തിരഞ്ഞെടുത്തു. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഡൽഹിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നയിച്ച വ്യക്തിയാണ് അതിഷിയെന്ന് പ്രഖ്യാപനത്തിന് പിന്നാലെ എഎപി നേതാവ് ഗോപാൽ റായ് പറഞ്ഞു. ഡൽഹി നിയമസഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവ് കൂടിയാണ് അതിഷി.
"എന്നിൽ വിശ്വാസമർപ്പിച്ചതിന് ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനും പാർട്ടിക്കും നന്ദി. ജനങ്ങളുടെ ശബ്ദം ഉയർത്തുന്നവരാണ് ശക്തമായ പ്രതിപക്ഷം. ബിജെപി നൽകിയ എല്ലാ വാഗ്ദാനങ്ങളും ആം ആദ്മി പാർട്ടി നിറവേറ്റും," അതിഷി പറഞ്ഞു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിലെ കൽക്കാജി മണ്ഡലത്തിൽ നിന്നും വിജയിച്ചാണ് അതിഷി നിയമസഭയിലെത്തിയത്. അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട എഎപി നേതാവായിരുന്നു അതിഷി മർലേന. ഡൽഹി മുഖ്യമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവായിരുന്നു അതിഷി.
കെജ്‌രിവാളും സിസോദിയയും ജയിലിൽ കഴിയുമ്പോൾ പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാൻ വനിതാ നേതാവായ അതിഷി മുൻനിരയിലുണ്ടായിരുന്നു. ഓഗസ്റ്റ് 15ന്, ഡൽഹി സർക്കാരിൻ്റെ സ്വാതന്ത്ര്യദിന പരിപാടിയിൽ ത്രിവർണ പതാക ഉയർത്താൻ കെജ്‌രിവാൾ തിരഞ്ഞെടുത്തതും അതിഷിയെയായിരുന്നു. 2015 ജൂലൈ മുതൽ 2018 ഏപ്രിൽ 17 വരെ വിദ്യാഭ്യാസ മന്ത്രി കൂടിയായ മനീഷ് സിസോദിയയുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു അതിഷി. ഓക്സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പൂർവ വിദ്യാർഥിയായ അതിഷി, ഡൽഹിയിലെ സ്കൂളുകളിൽ വിദ്യാഭ്യാസ നയം പരിഷ്ക്കരിക്കുന്നതിനുള്ള ആം ആദ്മി പാർട്ടിയുടെ പ്രധാന പ്രവർത്തനങ്ങളിൽ വളരെയധികം സഹായിച്ചിട്ടുണ്ട്.
നിലവിൽ 43കാരിയായ അതിഷി 2013ലാണ് ആം ആദ്മി പാർട്ടിക്കൊപ്പം രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പാർട്ടിയുടെ നയരൂപീകരണത്തിൽ പങ്കാളിയായിരുന്ന അവർ, 2015ൽ മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിൽ നടന്ന ചരിത്രപ്രസിദ്ധമായ ജല സത്യാഗ്രഹത്തിലൂടെ പാർട്ടിയുടെ മുൻനിര പോരാളിയായി ഉയർന്നുവന്നു. എഎപി നേതാവ് അലോക് അഗർവാളിന് ഉറച്ച പിന്തുണയേകി, പ്രതിഷേധങ്ങളിലും സമരങ്ങളിലും നിയമ പോരാട്ടങ്ങളിലും അവർ അടിയുറച്ചു നിന്നു.