സില്‍വര്‍ ലൈന്‍ അട്ടത്തല്ല, ട്രാക്കില്‍ തന്നെ ഗ്രീന്‍ലൈറ്റ് കാത്ത് നില്‍ക്കുകയാണ്.
സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചോ? ഉപേക്ഷിച്ചിട്ടില്ല എന്നു മാത്രമല്ല, റയില്‍വേ ഇപ്പോഴും ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയുമാണ്. എങ്കില്‍ ആരുമായാണ് റയില്‍വേ ചര്‍ച്ച നടത്തുന്നത്? റെയില്‍വേ നടത്തുന്നത് ഉഭയകക്ഷി ചര്‍ച്ചയല്ല, ആഭ്യന്തര ചര്‍ച്ചയാണ്. കെ-റെയില്‍ എന്ന കമ്പനിയില്‍ 49 ശതമാനം ഓഹരി ഉടമസ്ഥത റയില്‍വേയ്ക്കാണ്. 51 ശതമാനം സംസ്ഥാന സര്‍ക്കാരിനും. ആ കമ്പനിയാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാരിനും റയില്‍വേയ്ക്കും കൂട്ടുത്തരവാദിത്തമാണ്. ഇപ്പോള്‍ നടക്കുന്നത് ആ കമ്പനിയിലെ ഓഹരി ഉടമകള്‍ തമ്മിലുള്ള ആശയവിനിമയമാണ്. റയില്‍വേ ബ്രോഡ്‌ഗേജ് ആക്കി പദ്ധതി മാറ്റാന്‍ ആവശ്യപ്പെട്ടു എന്നതു ശരിയോ? ആവശ്യപ്പെട്ടു എന്നു മാത്രമല്ല, മാറ്റാന്‍ കഴിയില്ല എന്ന് 51 ശതമാനം ഓഹരിയുള്ള സംസ്ഥാനം നിലപാടെടുക്കുകയും ചെയ്തു. അതോടൊപ്പം റയില്‍വേ നിര്‍ദേശിക്കുന്ന മറ്റ് മാറ്റങ്ങള്‍ വരുത്താന്‍ ഇ ശ്രീധരന്റെ ഉപദേശം തേടാനും കെ-റെയില്‍ തീരുമാനിച്ചു.
സില്‍വര്‍ ലൈന്‍ വീണ്ടും ട്രാക്കിലോ?
റയില്‍വേ കെ-റെയിലിനോട് ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ അക്കമിട്ട് ന്യൂസ് മലയാളം പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്. സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ നിന്ന് ബ്രോഡ്‌ഗേജിലേക്കു മാറുക, ലൈനിനെ നിലവിലെ ലൈനുകളുമായി വിവിധ ഇടങ്ങളില്‍ ബന്ധിപ്പിക്കുക, പാളങ്ങളുടെ ഗ്രേഡിയന്റ് പരിഷ്‌കരിക്കുക, സുരക്ഷാ സംവിധാനമായ കാവാച്ച് ഏര്‍പ്പെടുത്തുക, 2X25 കിലോവാട്ട് ഇലക്ട്രിഫിക്കേഷന്‍ നടത്തുക, അഴുക്കുചാലുകള്‍ കുറ്റമറ്റത് ആക്കുക, നിര്‍മാണം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നത്തിന് പരിഹാരം നിര്‍ദേശിക്കുക. ഇങ്ങനെയുള്ള നിര്‍ദേശങ്ങള്‍ കേട്ടാല്‍ എന്താണ് മനസ്സിലാവുക. പദ്ധതി നടപ്പാക്കാന്‍ തയ്യാറാണ്, അതിന് ഈ മാറ്റങ്ങള്‍ വരുത്തണം എന്നു മാത്രമാണ്. ഈ നിര്‍ദേശങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കെ-റെയില്‍ റയില്‍വേയുമായി വിയോജിക്കുന്നത്. ബ്രോഡ്‌ഗേജിലേക്കു മാറ്റാന്‍ സാധിക്കില്ല എന്നതാണ് സംസ്ഥാന നിലപാട്. രണ്ടാമത്തേത് നിലവിലെ ലൈനുകളുമായും ബന്ധിപ്പിക്കാന്‍ കഴിയില്ല എന്നതും. ഇതു രണ്ടും മാറ്റി നിര്‍ത്തിയാല്‍ പിന്നെയുള്ളതെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ്. പദ്ധതി നടപ്പാക്കുന്ന ഘട്ടത്തിലേക്ക് കടക്കാന്‍ തയ്യാറാണെന്ന സൂചനയാണ് റയില്‍വേ കെ-റെയില്‍ കമ്പനിക്ക് അയച്ചിരിക്കുന്ന കത്തിലുള്ളത്.
Also Read: ഇന്ത്യ പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിച്ചിരുന്നെങ്കിലോ?
മന്ത്രി നിയമസഭയില്‍ പറഞ്ഞത്
സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിയമസഭയില്‍ കഴിഞ്ഞയാഴ്ച നല്‍കിയ മറുപടിയുണ്ട്. അതില്‍ പറയുന്നത് 2024 ഒക്ടോബര്‍ 16ന് മുഖ്യമന്ത്രി റയില്‍വേ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രം പദ്ധതിക്ക് എതിരല്ല എന്ന് അറിയിച്ചു എന്നാണ്. മുന്നൊരുക്കങ്ങള്‍ നടത്താന്‍ റയില്‍വേ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. ഇപ്പോള്‍ റയില്‍വേ ബോര്‍ഡിന്റെ മുന്നിലാണ് പദ്ധതി. തള്ളുകയോ കൊള്ളുകയോ ചെയ്ത് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. റയില്‍വേ ഇതുവരെ പദ്ധതിയോട് എതിര്‍പ്പ് അറിയിച്ചിട്ടുമില്ല. റയില്‍വേ ആവശ്യപ്പെടുന്നത് ബ്രോഡ്‌ഗേജില്‍ നടപ്പാക്കണം എന്നാണ്. സാധാരണ ട്രെയിന്‍ ഓടുന്ന ആ രീതിയില്‍ ചെയ്താല്‍ ഒട്ടും അധിക വേഗം കിട്ടില്ല എന്നാണ് സംസ്ഥാനം മുന്നോട്ടുവയ്ക്കുന്ന പ്രശ്‌നം. മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ടെയിന്‍ ഉള്‍പ്പെടെ രാജ്യത്തു നടപ്പാക്കുന്ന അതിവേഗവും മിതവേഗവുമായ പദ്ധതികളെല്ലാം സ്റ്റാന്‍ഡേഡ് ഗേജിലാണ്. അതിനാല്‍ സില്‍വര്‍ ലൈനും സ്റ്റാന്‍ഡേഡ് ഗേജില്‍ നടപ്പാക്കും എന്നാണ് സംസ്ഥാന നിലപാട്. ഇതല്ലാതെ റയില്‍വേയുമായി മറ്റ് അഭിപ്രായ ഭിന്നതകള്‍ ഇല്ലേ?
Also Read: പ്രധാനമന്ത്രി പറയട്ടെ, എന്നു കുറയും ഈ പെട്രോള്‍ വില?
റെയില്‍വേയുമായുള്ള അഭിപ്രായ ഭിന്നതകള്‍?
റയില്‍വേയുമായി അടുത്ത ഭിന്നത സ്ഥലം ഏറ്റെടുക്കുന്നതിലാണ്. റയില്‍വേയുടെ 108 ഹെക്ടര്‍ സ്ഥലമാണ് ഇപ്പോഴത്തെ അലൈന്‍മെന്റില്‍ ആവശ്യം വരുന്നത്. ഇതു വിട്ടുകൊടുക്കാന്‍ റയില്‍വേ തയ്യാറല്ല. അഥവാ വിട്ടുകൊടുത്താല്‍ അത് ബ്രോഡ്‌ഗേജില്‍ വേണമെന്ന് റയില്‍വേ ആവശ്യപ്പെടുന്നു. റയില്‍വേയുടെ മറ്റ് ട്രെയിനുകള്‍ കൂടി ഓടിക്കാവുന്ന സംവിധാനം എന്ന നിലയിലാണ് ഈ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നത്. റയില്‍വേയുടെ സ്ഥലം ഒഴിവാക്കിയാല്‍ രണ്ടുണ്ട് പ്രശ്‌നം. കൂടുതല്‍ സ്വകാര്യ സ്ഥലം ഏറ്റെടുക്കേണ്ടി വരും. അതു വെല്ലുവിളി ഇരട്ടിയാക്കും. അതിനൊപ്പം തന്നെ സംസ്ഥാനം കൂടുതല്‍ പണം കണ്ടെത്തേണ്ടിയും വരും. നിലവിലെ വിശദ പദ്ധതി രേഖ അഥവാ ഡിപിആര്‍ അനുസരിച്ച് ഭൂമി ഏറ്റെടുക്കാന്‍ വേണ്ടത് 11,837 കോടി രൂപയാണ്. ഈ തുക സംസ്ഥാനമാണ് കണ്ടെത്തേണ്ടത്. അതിനൊപ്പം 108 ഹെക്ടര്‍ സ്ഥലം കൂടി ഏറ്റെടുക്കേണ്ട സ്ഥിതിവരും. മറ്റൊരു അയ്യായിരം കോടിയിലേറെ അതിനുമാത്രം കണ്ടെത്തേണ്ടിയും വരും. നിലവിലെ പദ്ധതി രേഖ അനുസരിച്ച് റയില്‍വേയ്ക്കും കേരളത്തിനും കേന്ദ്രത്തിനും മുതല്‍മുടക്കുണ്ട്.
കേന്ദ്രത്തിനുമുണ്ട് സില്‍വര്‍ ലൈന്‍ മുതല്‍ മുടക്ക്
പദ്ധതിക്കു വേണ്ടത് 66,941 കോടി രൂപ. ഇതില്‍ റയില്‍വേയുടെ 3,125 കോടി, സംസ്ഥാന സര്‍ക്കാരിന്റെ 3,252 കോടി. ഇതിനു പുറമെ പൊതു ജനങ്ങളില്‍ നിന്ന് നിക്ഷേപമായി 4,252 കോടിയും സമാഹരിക്കുന്നു. ഇതോടൊപ്പം 33,700 കോടിരൂപയുടെ രാജ്യാന്തര വായ്പ. റയില്‍വേയുടെ നിക്ഷേപം സ്ഥലവിലയായാണ് കണക്കാക്കിയിരിക്കുന്നത്. സ്ഥലം വിട്ടുകൊടുക്കുന്നത് കുറഞ്ഞാല്‍ റയില്‍വേയുടെ നിക്ഷേപവും കുറയും. ഇതുകൂടാതെ വിവിധ നികുതിയിളവുകള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ 3,189 കോടി രൂപയും സംസ്ഥാനസര്‍ക്കാര്‍ 2,896 കോടിയും മുതല്‍ മുടക്കും. സ്ഥലം ഏറ്റെടുക്കാനുള്ള 11,837 കോടി രൂപയും സംസ്ഥാനം മുടക്കും. താല്‍പര്യമുള്ള ഭൂ ഉടമകള്‍ക്ക് വില പിന്നീട് വിതരണം ചെയ്യുന്ന ഡെഫേഡ് സ്‌കീം വഴി 1,525 കോടിയും കണ്ടെത്താന്‍ പദ്ധതി ലക്ഷ്യമിടുന്നു. വായ്പയ്ക്കു നിര്‍മാണ ഘട്ടത്തില്‍ വേണ്ടിവരുന്ന പലിശയായ 164 കോടി രൂപയും നല്‍കേണ്ടത് സംസ്ഥാനമാണ്. സില്‍വര്‍ ലൈനിന് പരിഷ്‌കരിച്ച ഡിപിആര്‍ വരും എന്നു തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ദക്ഷിണ റയില്‍വേയാണ് പുതിയ ഡിപിആര്‍ തയ്യാറാക്കാന്‍ കെ-റയിലിനോട് ആവശ്യപ്പെട്ടിരിക്കുന്നതും. ഇപ്പോള്‍ സില്‍വര്‍ ലൈന്‍ അട്ടത്തല്ല, ട്രാക്കില്‍ തന്നെ ഗ്രീന്‍ലൈറ്റ് കാത്ത് നില്‍ക്കുകയാണ്. മഞ്ഞക്കുറ്റികളുടെ കാലം കഴിഞ്ഞിട്ടില്ല എന്ന് മാത്രം ഓര്‍മിപ്പിക്കുന്നു.