ആക്രമണം നടന്ന ചെച്നിയൻ അതിർത്തിയിലുള്ള ഡാഗെസ്താനിൽ സർക്കാർ മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.
റഷ്യയിലെ സിനഗോഗുകളിലും പള്ളികളിലും ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ മരണം ഇരുപതായി. 46 പേർ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. അഞ്ച് തീവ്രവാദികളെ പൊലീസ് വെടിവച്ചുകൊന്നു. ആക്രമണം നടന്ന ചെച്നിയൻ അതിർത്തിയിലുള്ള ഡാഗെസ്താനിൽ സർക്കാർ മൂന്നുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.
ക്രിസ്ത്യൻ ഓർത്തഡോക്സ് വിഭാഗത്തിന്‍റെ പെരുന്നാളിന് ഇടയിലായിരുന്നു യന്ത്രത്തോക്കുകളുമായി ഭീകരർ എത്തിയത്. ഡർബന്‍റിലെ സിനഗോഗിൽ ആക്രമണം ഉണ്ടായ റിപ്പോർട്ടുകളാണ് ആദ്യം പുറത്തുവന്നത്. അതേ സമയം തന്നെ മക്കാഷ്കലയിലെ ഓർത്തഡോക്സ് പള്ളിയിലും വെടിവയ്പ്പ് ആരംഭിച്ചു. പള്ളിക്കു പുറത്തു മറ്റൊരു സംഘവും തുരുതുരെ നിറയൊഴിച്ചു. ആക്രമണത്തിൽ വികാരി ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.യുക്രെയ്ൻ യുദ്ധാനന്തരം റഷ്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഡാഗെസ്താൻ ഭീകരാക്രമണം.
ഡാഗെസ്താനിൽ മുൻപും ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇസ്ലാമിക് എമിറേറ്റ് ഓഫ് കൗകാസുസ് എന്ന സംഘടനയായിരുന്നു അന്നൊക്കെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നത്. ഇപ്പോഴും ഇതേ സംഘടന തന്നെയാണ് ആക്രമണത്തിനു പിന്നിൽ എന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ ചാവേറുകൾക്കു സഹായം നൽകിയത് യുക്രെയ്ൻ ആണെന്നാണ് റഷ്യയുടെ ആരോപണം. ഭീകരാക്രമണങ്ങളെ യുക്രെയ്ന്‍റെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടുകയാണ് വ്ലാഡിമിർ പുടിൻ എന്ന് റഷ്യൻ ദേശീയ പ്രസ്ഥാനത്തിന്‍റെ നേതാവ് ദിമിത്രി റോഗോസിൻ ആരോപിച്ചു. മൂന്നു മാസം മുൻപ് തന്നെ മോസ്കോ സിനഗോഗ് ആക്രമിക്കാൻ ഐഎസ് പദ്ധതിയിട്ടിരുന്നതായി റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസസ് ബ്യൂറോ റിപ്പോർട്ട് നൽകിയിരുന്നു.