ന്യൂ ഡൽഹി മണ്ഡലത്തിൽ നിരീക്ഷണത്തിന് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് കത്തിൽ അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു
ഡൽഹി തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തൻ്റെ പ്രവർത്തകരെ അകാരണമായി ബിജെപി ആക്രമിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് ആം ആദ്മി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ന്യൂ ഡൽഹി മണ്ഡലത്തിൽ നിരീക്ഷണത്തിന് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് കത്തിൽ അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു. കൂടാതെ, ആക്രമ സംഭവങ്ങളിൽ ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നും, ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"തെരഞ്ഞെടുപ്പ് ദിനത്തിന് മുന്നോടിയായി ന്യൂ ഡൽഹി അസംബ്ലി മണ്ഡലത്തിലെ ബിജെപി പ്രവർത്തകരും ഡൽഹി പൊലീസും ഞങ്ങളുടെ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നതിലും ഉപദ്രവിക്കുന്നതിലും എനിക്ക് ആശങ്കയുണ്ട്, അതിനാലാണ് കത്ത് എഴുതുന്നത്." അരവിന്ദ് കെജ്‌രിവാൾ കത്തിൽ കുറിച്ചു. തൻ്റെ പാർട്ടിയിലെ ഒരു മുതിർന്ന പ്രവർത്തകനെ തിലക് മാർഗ് പൊലീസ് സ്‌റ്റേഷനിൽ 2023ലെ ബിഎൻഎസ്എസ് 126-ാം വകുപ്പ് പ്രകാരം ജയിലിലിട്ടിരിക്കുകയാണ്. അയാൾക്കെതിരെ മുമ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തുടങ്ങിയ അടിസ്ഥാനരഹിതമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അറസ്റ്റെന്നും കെജ്‌രിവാൾ കത്തിൽ പറയുന്നു.
ചെയ്യാത്ത പ്രവൃത്തികളുടെ പേരിൽ തൻ്റെ പ്രവർത്തകനെതിരെ കുറ്റം ചുമത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ ശാരീരിക പീഡനത്തിന് ബോധംകെട്ടു വീഴും വരെ അയാൾ വിധേയനായി എന്നും കെജ്‌രിവാൾ കത്തിൽ ആരോപിച്ചു. തൻ്റെ ന്യൂ ഡൽഹി നിയോജക മണ്ഡലത്തിൽ ആം ആദ്മി പാർട്ടി പ്രവർത്തകർക്ക് നേരെ നടന്ന ആക്രമണത്തിൻ്റെ മറ്റു ചില സംഭവങ്ങളും കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.