ഇന്ത്യൻ മെഡിക്കൽ റിസർച് കൗൺസിൽ (ഐസിഎംആർ) നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. എന്നാൽ ലോഹാംശം കൂടുതലുള്ള ഈ മൂലകം എങ്ങനെ ഇവരുടെ ശരീരത്തിൽ പ്രവേശിച്ചു എന്നത് കണ്ടെത്താനായിട്ടില്ല
മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിൽ ആളുകൾക്ക് മുടികൊഴിച്ചിലും കഷണ്ടിയുമുണ്ടായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവം റിപ്പോർട്ട് ചെയ്ത 15 ഗ്രാമങ്ങളിലുള്ള ആളുകളുടെ രക്തത്തിലും മുടിയിലും സെലിനിയം എന്ന രാസവസ്തുവിൻ്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. ഇന്ത്യൻ മെഡിക്കൽ റിസർച് കൗൺസിൽ (ഐസിഎംആർ) നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. എന്നാൽ ലോഹാംശം കൂടുതലുള്ള ഈ മൂലകം എങ്ങനെ ഇവരുടെ ശരീരത്തിൽ പ്രവേശിച്ചു എന്നത് കണ്ടെത്താനായിട്ടില്ല.
സെലിനിയത്തിന്റെ അളവ് കൂടുന്നത് മുടികൊഴിച്ചിലിനു കാരണമാകുമെന്ന് മുംബൈ സർവകലാശാലയിലെ ശാസ്ത്രജ്ഞൻ പ്രൊഫസർ അരുൺ സാവന്ത് പറഞ്ഞു. ഭാഭാ അറ്റോമിക് റിസർച് സെന്ററിന്റെ നേതൃത്വത്തിൽ മണ്ണിന്റെയും ജലത്തിന്റെയും സാംപിളുകൾ ശേഖരിച്ച് ന്യൂട്രോൺ ആക്റ്റിവേഷൻ അനാലിസിസ് നടത്തണമെന്ന് അരുൺ ആവശ്യപ്പെട്ടു.
ബുല്‍ധാന ജില്ലയിലെ ബൊറഗോണ്‍, കല്‍വാഡ്, ഹിംഗന ഗ്രാമങ്ങളിലുള്ളവര്‍ക്കാണ് മുടികൊഴിയുന്ന അവസ്ഥ ആദ്യം റിപ്പോർട്ട് ചെയ്തത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ മുടികൊഴിഞ്ഞിരുന്നു. മുടികൊഴിച്ചില്‍ തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ണമായും കഷണ്ടിയായി മാറുകയാണെന്നാണ് ജനങ്ങള്‍ പറയുന്നത്. 50 ഓളം പേര്‍ സമാന പ്രശ്‌നങ്ങള്‍ നേരിടുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച ആരോഗ്യവിദഗ്ധര്‍ അറിയിച്ചിരുന്നു.
ജലമലിനീകരണമാണോ മുടികൊഴിച്ചിലിന് കാരണമെന്ന സംശയമായിരുന്നു ആരോഗ്യവിദഗ്ധര്‍ ഉയർത്തിയിരുന്നത്. ഉപ്പിന്റെ അംശം കൂടിയ മണ്ണ്, ജലത്തിന്റെ ഗുണനിലവാരക്കുറവ് എന്നിവയുള്ള പൂർണ നദിയുടെ തീരത്തോട് ചേർന്ന ഗ്രാമങ്ങളിലാണ് മുടികൊഴിച്ചിൽ ഏറ്റവുമധികം റിപ്പോർട്ട് ചെയ്തത്.